ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് കോച്ചായി ഗൗതം ഗംഭീർ വരുമെന്ന വാർത്ത സജീവമായി. മുൻ ഓപ്പണിങ് ബാറ്ററായ ഗംഭീറിന്റെ പേര് ഉറപ്പായെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ‘ക്രിക്ബസ്’ റിപ്പോർട്ടുചെയ്തു. ഇപ്പോഴത്തെ കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധി വരുന്ന ട്വന്റി 20 ലോകകപ്പോടെ അവസാനിക്കും. പുതിയ കോച്ചാകാൻ അപേക്ഷിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. ഗംഭീർ അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) ഉന്നതർ അദ്ദേഹവുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്നും ക്രിക്ബസ് വാർത്തയിൽ പറയുന്നു.

To advertise here,

ഒാസ്ട്രേലിയയുടെ മുൻ താരങ്ങളായ ജസ്റ്റിൻ ലാംഗർ, റിക്കി പോണ്ടിങ്, ന്യൂസീലൻഡിന്റെ മുൻതാരം സ്റ്റീഫൻ ഫ്ളെമിങ് തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഈ പേരുകൾ സജീവമല്ല. ഇന്ത്യൻ ക്രിക്കറ്റ് കോച്ച് കനത്ത സമ്മർദങ്ങളെ നേരിടേണ്ടിവരും. വർഷത്തിൽ പത്തുമാസത്തോളം നിരന്തര യാത്രകളുമുണ്ടാകും. അത്തരമൊരു ജോലി ഏറ്റെടുക്കാൻ വിദേശതാരങ്ങൾ താത്‌പര്യപ്പെടുന്നില്ലെന്നാണ് സൂചന. മുൻ ഇന്ത്യൻതാരവും ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) തലവനുമായ വി.വി.എസ്. ലക്ഷ്മണും പരിഗണനയിലുണ്ട്.

2003 മുതൽ 16 വരെ ഇന്ത്യക്കുവേണ്ടി കളിച്ച ഇടംകൈ ഓപ്പണറായ ഗംഭീറിന് കളിക്കാരനായും പരിശീലകനായും മികച്ച റെക്കോഡുണ്ട്. 2007-ലെ ട്വന്റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു. രണ്ടു ഫൈനലിലും ഇന്ത്യൻവിജയത്തിൽ പ്രധാനപങ്കുവഹിച്ചു. ഗംഭീർ നായകനായിരുന്ന ആറു മത്സരങ്ങളും ഇന്ത്യ ജയിച്ചു.

ഐ.പി.എലിൽ 2012, 2014 വർഷങ്ങളിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടം നേടിയപ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇക്കുറി കൊൽക്കത്ത വീണ്ടും ഐ.പി.എൽ. ജേതാക്കളായപ്പോൾ മെന്റർ എന്നനിലയിൽ ടീമിനൊപ്പമുണ്ട്. ഇതിനിടെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ കോച്ചായിരുന്ന രണ്ടു സീസണിലും ടീം പ്ലേ ഓഫിലെത്തി. 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗമായി ഈസ്റ്റ് ഡൽഹിയിൽനിന്ന് മത്സരിച്ചുജയിച്ചു. എന്നാൽ, രാഷ്ട്രീയത്തിൽ തുടരാൻ താത്‌പര്യമില്ലെന്ന് അദ്ദേഹം ഈയിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ കോച്ചായി ഗംഭീർ നേരത്തേതന്നെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇക്കുറി ഐ.പി.എലിൽ കൊൽക്കത്തയുടെ വിജയം അതിന്റെ സാധ്യത കൂട്ടി.