ചെന്നൈ: സഞ്ജു സാംസൺ സിക്‌സ് അടിക്കാൻ പോകുന്ന കാര്യം വീണ്ടും പ്രവചിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കഴിഞ്ഞദിവസം ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ബേസിലിന്റെ പുതിയ പ്രവചനം.

To advertise here,

ചെന്നൈ ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നു ഇത്. നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവർ എറിയാനെത്തിയത്. താരം എറിഞ്ഞ ആദ്യ പന്തുതന്നെ നോബോളായിരുന്നു. ഇതിനു പിന്നാലെയുള്ള ഫ്രീ ഹിറ്റിന് മുമ്പാണ് ബേസിൽ, സഞ്ജു ഈ പന്ത് സിക്‌സടിക്കുമെന്ന് പ്രവചിച്ചത്.

'സിക്‌സ് അടിക്ക പോറേ, സിക്‌സ് അടിക്ക പോറേ' എന്ന് ബേസിൽ പറയുന്നത് വീഡിയോയിൽ കേൾക്കാം. തൊട്ടുപിന്നാലെ സഞ്ജു സിക്‌സർ അടിച്ചതോടെ കൂടെയുണ്ടായിരുന്ന നടി റിയ ഷിബു അടക്കമുള്ള 'അതിരടി' ടീം അംഗങ്ങളും ആരാധകരും ആവേശത്തിലായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരത്തിൽ 13 പന്തിൽ 27 റൺസെടുത്താണ് സഞ്ജു പുറത്തായത്.

ഇതിനുമുൻപ് അഹമ്മദാബാദിൽ നടന്ന ന്യൂസീലൻഡിനെതിരെയുള്ള ടി20 ലോകകപ്പ് ഫൈനലിലും സഞ്ജു സിക്‌സർ അടിക്കുമെന്ന് ബേസിൽ കൃത്യമായി പ്രവചിച്ചിരുന്നു.

ബേസിൽ ജോസഫ്, ടോവിനോ തോമസ്, റിയ ഷിബു എന്നിവർ അഭിനയിച്ച 'അതിരടി' എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ ചെന്നൈയിലെ പ്രീ-റിലീസ് ചടങ്ങിൽ സഞ്ജു പങ്കെടുത്തിരുന്നു. സ്‌ക്രീൻ ടൈം കുറവായതിനാലാണ് താൻ ഈ ചിത്രത്തിലെ അതിഥി വേഷം നിരസിച്ചതെന്ന് സഞ്ജു തമാശയായി പറയുകയുണ്ടായി.