ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ചൂടി ബംഗ്ലാദേശ്. ഫൈനലില്‍ ഇന്ത്യയെ 59 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്. 198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 32.2 ഓവറിൽ 139 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഒൻപതാം കിരീടമെന്ന നേട്ടമാണ് അലക്ഷ്യമായ ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് നഷ്ടമായത്. അതേസമയം, ബംഗ്ലാദേശിനിത് തുടർച്ചയായ രണ്ടാം ഏഷ്യാ കപ്പ് കിരീടമാണ്.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് വിടുകയായിരുന്നു. ബൗളർമാരുടെ കരുത്തിൽ ബംഗ്ലാദേശിനെ 49.2 ഓവറിൽ 198 റൺസിന് ഇന്ത്യ ഒതുക്കിയെങ്കിലും അതേ നാണയത്തിൽ എതിരാളികൾ തിരിച്ചടിച്ചു. ഓപ്പണർമാരായ ആയുഷ് മാത്രെ(1), വൈഭവ് സൂര്യവംശി(9) എന്നിവരെ തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് 20 റൺസെടുത്ത ആന്ദ്രേ സിദ്ധാർഥും മടങ്ങി. കൂട്ടത്തകർച്ചയ്‌ക്കിടയിലും ഒരറ്റത്തു പൊരുതിയ ക്യാപ്റ്റൻ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 26 റൺസാണ് അമാൻ നേടിയത്.
റിസാൻ ഹൊസ്സൻ (47), മുഹമ്മദ് ഷിഹാബ് (40), ഫൈസൽ ഹസൻ (39) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചത്. യുതാജിത് ഗുഹ, ചേതൻ ശർമ, ഹാർദിക് രാജ് എന്നിവർ ബംഗ്ലാദേശിന്റെ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
പ്രാഥമിക റൗണ്ടില്‍ ആദ്യകളിയിൽ പാകിസ്താനെതിരേ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. സെമിയിൽ ശ്രിലങ്കക്കെതിരേ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനും നേപ്പാളിനും എതിരേ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ്, സെമിയിൽ പാകിസ്താനെ തകർത്താണ് ഫൈനലിൽ കടന്നത്. മുഹമ്മദ് അൽ ഫഹദ്, ഇഖ്ബാൽ ഹൊസൈൻ എന്നിവർ ഉൾപ്പെടുന്ന ബൗളിങ് നിരയുടെ കരുത്തിലാണ് ബംഗ്ലാദേശ് ടൂർണമെന്റിലുടനീളം കുതിച്ചത്. നാല് മത്സരങ്ങളിൽനിന്ന് ഇരുവരും ചേർന്ന് 10 വിക്കറ്റുകൾ വീതമാണ് എടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതടക്കം മൂന്ന് തോൽവികളാണ് ഇന്ത്യ ഇന്ന് ഏറ്റുവാങ്ങിയത്. ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഓസീസ് വനിതകള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ തറപറ്റിച്ചിരുന്നു. ഇന്ത്യക്കെതിരേ 122 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു. കൂടാതെ, അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യൻ പുരുഷടീമിനെയും പത്ത് വിക്കറ്റിന് ഓസ്‌ട്രേലിയ തോല്‍പിച്ച് പരമ്പരയില്‍ ഒപ്പമെത്തി
ഐ.പി.എല്ലിൽ രാജസ്ഥാന്‍ റോയല്‍സ് 1.1 കോടിക്ക് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി എന്ന 13-കാരന്റെതകർപ്പൻ പ്രകടനത്തിനു കൂടിയായിരുന്നു ടൂർണമെന്റ് സാക്ഷ്യംവഹിച്ചത്. സെമിയില്‍ വൈഭവിന്റെ ബാറ്റിങ് വൈഭവത്തിലാണ് ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
24 പന്തില്‍ 50 തികച്ച വൈഭവ്, മത്സരത്തില്‍ 36 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ആറ് ഫോറുമടക്കം അടിച്ചെടുത്തത് 67 റണ്‍സാണ്. മത്സരത്തില്‍ ദുല്‍നിത് സിഗെരയെറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽനിന്ന് രണ്ട് അർധസെഞ്ചുറികളാണ് ഈ 13-കാരന്റെ സംഭാവന. ഫൈനലില്‍ സൂര്യവംശിയും നായകന്‍ അമാനും വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്
Content Highlights: Bangladesh won the second consecutive title defeating India in the Under 19 Asia Cup
Published: 08 Dec 2024, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented