ഡാർവിൻ (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. സെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ നജ്മുൾ ഹൊസെയ്‌നുമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. നിലവിൽ ടീമിന് 153 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ 198 റൺസിന് ബംഗ്ലാദേശ് എറിഞ്ഞിട്ടിരുന്നു.

To advertise here,

ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ബംഗ്ലാദേശ് ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. മൊമിനുൾ ഹഖും തൻസിദും ചേർന്ന് ടീമിനെ 130 കടത്തി. പിന്നാലെ 49 റൺസിൽ മൊമിനുൾ ഹഖ് പുറത്തായി. മൂന്നാം വിക്കറ്റിൽ നജ്മുൾ ഹൊസെയ്‌നും തൻസിദും ചേർന്നതോടെയാണ് ഓസീസ് പ്രതിരോധത്തിലായത്. ഓസ്‌ട്രേലിയയുടെ പേരുകേട്ട ബൗളിങ് നിരയെ മികവോടെ നേരിട്ട ഇരുവരും ടീമിനെ 200 കടത്തി. അതോടെ ലീഡും സ്വന്തമാക്കി.

64-ാം ഓവറിൽ നജ്മുൾ അർധസെഞ്ചുറിയും തൻസിദ് സെഞ്ചുറിയും തികച്ചു. തൻസിദിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. എന്നാൽ താരത്തെ പുറത്താക്കി ലിയോൺ തിരിച്ചടിച്ചു. 101 റൺസാണ് തൻസിദിന്റെ സമ്പാദ്യം. സ്‌കോർ 297 ൽ നിൽക്കേ നജ്മുളും വീണു. ബംഗ്ലാദേശ് ക്യാപ്റ്റൻ 84 റൺസെടുത്തു. ലിട്ടണ് ദാസ് ഡക്കായും മുഷ്ഫിഖർ റഹിം 36 റൺസെടുത്തും മടങ്ങിയതോടെ ബംഗ്ലാദേശ് ആറുവിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. മെഹിദി ഹസനും(32) ഹസൻ മഹ്‌മുദുമാണ്(13) ക്രീസിൽ. ഓസീസിനായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്‌സൽവുഡും രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തേ ആറുവിക്കറ്റുമായി പേസ് ബൗളർ ഹസൻ മഹമൂദ് ആഞ്ഞടിച്ചപ്പോൾ ഓസീസ് ഒന്നാം ഇന്നിങ്‌സ്‌ 198 റൺസിലാണ് ഒതുങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരുടെ ബാറ്റർമാർക്ക് തുടക്കംമുതൽ പിഴച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡിനെയും (22) ജാക്ക് വെതറാൾഡിനെയും (23) മടക്കി മഹമൂദ് ബംഗ്ലാദേശിന് ഉജ്ജ്വല തുടക്കം നൽകി. അർധസെഞ്ചുറി നേടിയ സ്റ്റീവൻ സ്മിത്ത് (71) മാത്രമാണ് ആതിഥേയനിരയിൽ ചെറുത്തുനിന്നത്.