ധാക്ക: ട്വന്റി 20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിസിബി സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലാണ് നടക്കുന്നത്.
ശനിയാഴ്ച്ച നടന്ന ബിസിബി ബോർഡ് ഡയറക്ടർമാരുടെ അടിയന്തര യോഗത്തിനുശേഷം മീഡിയ കമ്മിറ്റി ചെയർമാൻ അംജദ് ഹുസൈനാണ് ഇക്കാര്യ വ്യക്തമാക്കിയത്. 'മുസ്തഫിസുർ റഹ്‌മാനെ വിട്ടയയ്ക്കാൻ ബിസിസിഐ കൊൽക്കത്ത ടീമിനോട് ആവശ്യപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലാണ് നടക്കുന്നത്. അതിനാൽ കളിക്കാരുടെ സുരക്ഷയെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഐസിസിക്ക് കത്തെഴുതും'-അംജദ് ഹുസൈൻ വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് അസ്ഫ് നസ്രുലും ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. 'മുഴുവൻ കാര്യങ്ങളും ഐസിസിയോട് വിശദീകരിക്കാൻ ഞാൻ ബിസിബിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കരാറുള്ള ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ മുഴുവൻ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനും ലോകകപ്പിൽ സുരക്ഷിതമായി കളിക്കാൻ കഴിയില്ലെന്ന് ബോർഡ് അറിയിക്കണം. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താൻ അഭ്യർഥിക്കാനും ഞാൻ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.' അസഫ് നസ്രുലിന്റെ കുറിപ്പിൽ പറയുന്നു. ബംഗ്ലാദേശിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് അഭ്യർഥിച്ചതായും നസ്രുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം നടന്ന ഐപിഎൽ താരലേലത്തിൽ 9.2 കോടി രൂപ ചെലവഴിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇടങ്കയ്യൻ പേസ് ബൗളറായ മുസ്തഫിസുർ റഹ്‌മാനെ ടീമിലെത്തിച്ചത്. എന്നാൽ, ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കാൻ കൊൽക്കത്ത ടീമിനോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.
Content Highlights: bangladesh look to move t20 world cup matches from India amid mustafizur row
Published: 04 Jan 2026, 10:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented