ലണ്ടന്‍: അത്ഭുതക്യാച്ചുമായി ആരാധകരുടെ മനം കവര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാറ്റ് റെന്‍ഷോ. ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന റോയല്‍ ലണ്ടന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് റെന്‍ഷോയുടെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. 

To advertise here,

ഓവലില്‍ വെച്ച് നടന്ന സോമര്‍സെറ്റ്-സറേ മത്സരത്തിനിടെയാണ് റെന്‍ഷോ ക്യാച്ചെടുത്തത്. സോമര്‍സെറ്റിനുവേണ്ടി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു റെന്‍ഷോ. സറേയുടെ ഓപ്പണര്‍ റയാന്‍ പട്ടേല്‍ ക്രീസില്‍ നില്‍ക്കുന്നു. കേസി ആള്‍ഡ്രിഡ്ജിന്റെ ഔട്ട് സ്വിങ്ങര്‍ നേരിട്ട പട്ടേലിന് പിഴച്ചു. പന്ത് ബാറ്റിലുരസി സ്ലിപ്പിലേക്ക്. പക്ഷേ അതൊരു ക്യാച്ചാകുമെന്ന് ആരും കരുതിയില്ല.

റെന്‍ഷോയ്ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന ദൂരത്തിനപ്പുറമാണ് പന്ത് വന്നത്. എന്നാല്‍ കാണികളെയും കളിക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് റെന്‍ഷോ വായുവില്‍ പറന്നു. ഒറ്റക്കൈ കൊണ്ട് അവിശ്വസനീയമായി താരം പന്ത് കൈയ്യിലൊതുക്കി. ലോകത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായാണ് ഇതിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. റെന്‍ഷോയുടെ ക്യാച്ച് ചുരുങ്ങിയ നിമിഷംകൊണ്ടുതന്നെ വൈറലായി.