മെല്‍ബണ്‍: 100-ാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ പറന്നുയര്‍ന്ന് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സെടുത്തു. പ്രോട്ടീസിനെതിരേ കങ്കാരുക്കള്‍ക്ക് ഇപ്പോള്‍ത്തന്നെ 197 റണ്‍സിന്റെ ലീഡായി. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 189 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ അടിച്ചുതകര്‍ത്തു. 254 പന്തുകളില്‍ നിന്ന് 16 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ വാര്‍ണര്‍ 200 റണ്‍സെടുത്തു. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. ഇരട്ട സെഞ്ചുറി നേടിയ ഉടന്‍ വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ചെയ്തു. ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരം റിട്ടയര്‍ ചെയ്തത്.
വാര്‍ണര്‍ക്ക് പുറമേ 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം പുറത്തെടുത്തു. നിലവില്‍ 48 റണ്‍സെടുത്ത് ട്രാവിസ് ഹെഡും ഒന്‍പത് റണ്‍സുമായി അലക്‌സ് ക്യാരിയുമാണ് ക്രീസിലുള്ളത്. ആറുറണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും റിട്ടയര്‍ ഹര്‍ട്ടായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഉസ്മാന്‍ ഖവാജ (1), മാര്‍നസ് ലബുഷെയ്ന്‍ (14) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യെയും കഗിസോ റബാദയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റിലും വിജയിച്ചാല്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം.
Content Highlights: australia vs south africa, david warner, aus vs sa, australian cricket team, sports news, sports
Published: 27 Dec 2022, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented