ന്യൂഡൽഹി: മുൻ ഇന്ത്യൻ താരവും ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പരിശീലിപ്പിക്കും. കഴിഞ്ഞതവണയും ലക്ഷ്മൺ തന്നെയായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പരിശീലിപ്പിച്ചത്. അന്ന് ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. ലക്ഷ്മണിനൊപ്പം സുനിൽ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കർ എന്നിവരാണ് പരിശീലകസംഘത്തിലുണ്ടാവുക.

To advertise here,

ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിൽ പരിശീലകനായി നിയമിച്ചത്.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ജപ്പാനിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെയാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം. ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ തലവനായ ലക്ഷ്മൺ മുമ്പും ഇത്തരത്തിൽ പരിശീലക ചുമതല വഹിച്ചിട്ടുണ്ട്.

2022-ൽ ചൈനയിലെ ഹാങ്ചൗവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഉയർന്ന സീഡിങ്ങിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ അന്ന് വിജയികളായത്. ഇത്തവണ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നയിക്കുന്ന ശക്തമായ നിരയാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നീ പേസർമാരും അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ എന്നീ പ്രമുഖ ഇടംകൈയ്യൻ ബാറ്റർമാരും ടീമിലുണ്ട്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീമിലും സീനിയർ തലത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

ഇന്ത്യൻ വനിതാ ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്, നന്ദിനി ശർമ്മ.

ഇന്ത്യൻ പുരുഷ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.