
സിഡ്‌നി: ആഷസ് പരമ്പരയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഓസ്‌ട്രേലിയ പരമ്പരയിൽ വൻ ആധിപത്യം പുലർത്തി. അഞ്ചാം ടെസ്റ്റിൽ അഞ്ചുവിക്കറ്റിനാണ് ഓസീസ് ജയിച്ചത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്‌ട്രേലിയ നാലുമത്സരങ്ങൾ ജയിച്ചപ്പോൾ ഇംഗ്ലണ്ടിന് ഒരു ജയം മാത്രമാണുള്ളത്. സ്‌കോർ: ഇംഗ്ലണ്ട് 384, 342, ഓസ്‌ട്രേലിയ 567, 161-5.
ഇംഗ്ലണ്ട് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസ്‌ട്രേലിയ 31.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓസീസിനായി ഓപ്പണർമാരായ ട്രാവിസ് ഹെയും ജെയ്ക്ക് വെതറാൾഡും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 62 റൺസ് ചേർത്തു. ഹെഡ് 29 റൺസെടുത്തപ്പോൾ വെതറാൾഡ് 34 റൺസെടുത്തു. വൺഡൗണായി ഇറങ്ങിയ മാർനസ് ലബുഷെയ്ൻ 37 റൺസിൽ റണ്ണൗട്ടായി മടങ്ങി. സ്റ്റീവ് സ്മിത്ത്(12), ഉസ്മാൻ ഖവാജ(6) എന്നിവർ നിരാശപ്പെടുത്തി. അലക്‌സ് ക്യാരി(16), കാമറൂൺ ഗ്രീൻ(22) എന്നിവർ ടീമിനെ ജയത്തിലെത്തിച്ചു.
നേരത്തേ എട്ടുവിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 40 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ജേക്കബ് ബെത്തൽ 154 റൺസെടുത്ത് പുറത്തായി.
ഒന്നാമിന്നിങ്‌സിൽ 183 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാമിന്നിങ്‌സിൽ ബാറ്റർമാർ കൈവിടുന്നതാണ് കണ്ടത്. സ്‌കോർ ബോർഡിൽ നാലുറൺസായപ്പോൾ സാക് ക്രോളി (ഒന്ന്) വീണു. രണ്ടാം വിക്കറ്റിൽ ബെൻ ഡെക്കറ്റും (42) ബേത്തലും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ഡക്കറ്റ് വീണതിനുപിന്നാലെ ജോ റൂട്ടും (ആറ്) മടങ്ങി. പിന്നീട് ഹാരി ബ്രൂക്കിനെ (42) കൂട്ടുപിടിച്ചായി ബേത്തലിന്റെ പോരാട്ടം. നാലാം വിക്കറ്റിൽ 102 റൺസ് വന്നു. ആറാം വിക്കറ്റിൽ ജാമി സ്മിത്തിനൊപ്പം (26) 45 റൺസും എട്ടാം വിക്കറ്റിൽ ബ്രെണ്ടൻ കാഴ്‌സിനൊപ്പം (16) 30 റൺസും കൂട്ടിച്ചേർത്താണ് ബേത്തൽ ഇംഗ്ലണ്ടിനെ ഇന്നിങ്‌സ് കരകയറ്റിയതും ലീഡിലേക്ക് നയിച്ചതും. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 567 റൺസിന് അവസാനിച്ചിരുന്നു.
Content Highlights: ashes test series australia beat england
Published: 08 Jan 2026, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented