കോട്ടയം: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികർ അണിനിരക്കുന്ന 'കത്തനാർ ക്രിക്കറ്റ് ലീഗിന്' ഈവരുന്ന ബുധനാഴ്ച പുതുപ്പള്ളിയിൽ തുടക്കമാകും. തങ്ങളുടെ സ്ഥിരം കുപ്പായമായ ളോഹയ്ക്ക് ചെറിയൊരു ഇടവേള നൽകി, ജേഴ്സിയണിഞ്ഞ് അച്ചന്മാർ ക്രിക്കറ്റ് ബാറ്റും പന്തുമായി കളത്തിലിറങ്ങും.

To advertise here,

തികച്ചും വ്യത്യസ്തമായ ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രഥമ പതിപ്പിന് സെപ്റ്റംബർ ഒൻപതിന് പുതുപ്പള്ളി ബെയിൽ സരീനയിലാണ് ഔദ്യോഗികമായി തുടക്കമാകുന്നത്. കേരളത്തിന്റെ തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെയുള്ള വിവിധ കത്തോലിക്കാ സഭകളിൽനിന്നും മറ്റ് സഭകളിൽനിന്നുമുള്ള വൈദികർ ഉൾപ്പെടുന്ന ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

കളിക്കളത്തിലെ ജയപരാജയങ്ങൾക്കോ വാശിക്കോ അപ്പുറം,  സ്പോർട്സ്മാൻ സ്പിരിറ്റോടെ പരസ്പര സൗഹൃദം വർദ്ധിപ്പിക്കുക എന്നതാണ് തങ്ങൾ ഏറെ നാളായി ആഗ്രഹിച്ച ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈദികർ വ്യക്തമാക്കുന്നു.

ക്രിക്കറ്റ് ടൂർണമെന്റ് എന്നതിലുപരി, വൈദിക പഠനകാലത്തെ പഴയ സെമിനാരി സുഹൃത്തുക്കൾക്ക് വീണ്ടും ഒരുമിച്ച് കൂടാനുള്ള ഒരു വലിയ അവസരം കൂടിയാണിത്. വിവിധ സെമിനാരികളിൽ ഒന്നിച്ച് പഠിച്ചശേഷം രൂപതകളിലേക്ക് വൈദിക ശുശ്രൂഷയ്ക്കായി പിരിഞ്ഞുപോയ വൈദികർക്ക് ഒന്നിച്ചുചേരാനും സാഹോദര്യം പങ്കുവെക്കാനും ഇത് വഴിയൊരുക്കുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികർ ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളാകുന്ന ടീമിനെ അരലക്ഷം രൂപയും കെസിഎൽ ട്രോഫിയുമാണ് കാത്തിരിക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനങ്ങളും വൈദികരുടെ നെറ്റ് പ്രാക്ടീസും പുതുപ്പള്ളിയിൽ പുരോഗമിക്കുകയാണ്.