
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഉയര്‍ന്ന തലത്തില്‍ താരങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള സൗജന്യവും ലഭിക്കില്ലെന്നും ചോപ്ര പറഞ്ഞു. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ കാര്യം ഉദാഹരണമായി എടുത്തുപറഞ്ഞ ചോപ്ര സച്ചിന്റെ മകനാണെങ്കിലും അര്‍ജുന് ഒന്നും തളികയില്‍ വെച്ച് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴും അര്‍ജുന് ഇടമില്ല. സീനിയര്‍ ടീമില്‍ മാത്രമല്ല അണ്ടര്‍ 19 ടീമില്‍ പോലും അടുപ്പക്കാര്‍ക്ക് പരിഗണന നല്‍കി സെലക്ഷന്‍ നടക്കുന്നില്ലെന്നും മികച്ച പ്രകടനം മാത്രമാണ് പരിഗണിക്കുന്നതെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ചോപ്ര ചൂണ്ടിക്കാട്ടി.
2018-ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനു വേണ്ടി യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ കളിച്ചിരുന്നു. എന്നാല്‍ മുംബൈയുടെ രഞ്ജി ടീമിലെത്താന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടി നെറ്റ്സില്‍ ബൗള്‍ ചെയ്ത പരിചയം അര്‍ജുന് ഉണ്ട്. എന്നാല്‍ ഇതുവരെ ഒരു ഐ.പി.എല്‍ കരാര്‍ ഇല്ലെന്നും ചോപ്ര പറഞ്ഞു.
ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗാവസ്‌ക്കറുടെ മകന്‍ രോഹന്‍ ഗാവസ്‌ക്കറുടെ കാര്യവും ചോപ്ര എടുത്തുപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിച്ചെങ്കിലും ദൈര്‍ഘ്യമേറിയ കരിയറായിരുന്നില്ല രോഹന്റേത്. സ്വജനപക്ഷപാതം ഉണ്ടായിരുന്നെങ്കില്‍ സുനില്‍ ഗവാസ്‌കറുടെ മകനായതിന്റെ പേരില്‍ രോഹന്‍ ഏറെ മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടെയാണ് ഇന്ത്യയില്‍ വീണ്ടും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇതിനിടെ അര്‍ജുന്‍ തെണ്ടുല്‍ക്കറും നെപ്പോട്ടിസത്തിന്റെ ചുവടുപറ്റി സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു.
2016-ല്‍ അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമില്‍ അര്‍ജുന് ഇടംലഭിച്ചതിനെ തുടര്‍ന്ന് അന്നുണ്ടായ ചര്‍ച്ചകളാണ് ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കും ആധാരം. അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്താന്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ 327 പന്തില്‍ 1009 റണ്‍സ് നേടി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് ധന്‍വാഡെയെ തഴഞ്ഞെന്നായിരുന്നു ആരോപണം.
Content Highlights: Arjun Tendulkar didn't get easy access Chopra denies nepotism in Indian cricket
Published: 27 Jun 2020, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented