ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കളിച്ചേക്കില്ല. പരിക്കുമൂലമാണ് താരം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 

To advertise here,

സൂര്യകുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. സ്ഥിരതയുടെ പര്യായമായ സൂര്യകുമാറിന്റെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരവും സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു.

കൈയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് സൂര്യകുമാര്‍ ടീമില്‍ നിന്ന് പുറത്തായത്. ക്രിക് ബസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ വിശ്വസ്ത ബാറ്റര്‍മാരായ ഋഷഭ് പന്തും വിരാട് കോലിയും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. ഇതോടെ  മികച്ച മൂന്ന് ബാറ്റര്‍മാരുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടമാകും. 

സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരാകും ടീമിലുണ്ടാകുക. ദീപക് ഹൂഡയ്ക്കും സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളടങ്ങുന്ന ട്വന്റി 20 പരമ്പര ഫെബ്രുവരി 24 നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം ലഖ്‌നൗവില്‍ വെച്ച് നടക്കും. രണ്ടും മൂന്നും മത്സരങ്ങള്‍ക്ക് ധര്‍മശാല വേദിയാകും.