ഹൈദരാബാദ്: വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ ഇന്ത്യൻ ടീമിൽ കളിക്കാൻപോയ ഒഴിവിലാണ് അമിത് പാസിക്ക് ബറോഡ ടീമിൽ കളിക്കാൻ അവസരം കിട്ടിയത്. കിട്ടിയ അവസരം വെടിക്കെട്ട് ബാറ്റിങ്ങുമായി ആഘോഷിച്ചപ്പോൾ ട്വന്റി-20 ക്രിക്കറ്റ് അരങ്ങേറ്റത്തിലെ ഉയർന്ന സ്‌കോറെന്ന റെക്കോഡിനൊപ്പവും. സയ്യിദ് മുഷ്താഖ് ക്രിക്കറ്റിലാണ് 26-കാരൻ വിക്കറ്റ് കീപ്പർ അമിത് പാസ്സി 55 പന്തിൽ 114 റൺസെടുത്ത് ചരിത്രനേട്ടം കൈവരിച്ചത്.

To advertise here,

സർവീസസിനെതിരായ മത്സരത്തിലായിരുന്നു പാസ്സിയുടെ തട്ടുപൊളിപ്പൻ ബാറ്റിങ്. പാകിസ്താൻ താരം ബിലാൽ ആസിഫ് കൈവശംവെക്കുന്ന റെക്കോഡിനൊപ്പമാണ് പാസ്സിയെത്തിയത്. പാക് ക്രിക്കറ്റ് ലീഗിൽ സിയാൽക്കോട് സ്റ്റാലിയൻസിനായി 48 പന്തിലാണ് ബിലാൽ 114 റൺസെടുത്തത്. ഫാൽക്കൺസ് ടീമായിരുന്നു എതിരാളി. 2015-ലാണ് റെക്കോഡ് വന്നത്.

സർവീസസിനെതിരേ പാസ്സി 10 ഫോറും ഒൻപത് സിക്‌സും നേടി. 24 പന്തിൽ അർധസെഞ്ചുറി നേടിയ താരം 44 പന്തിൽ സെഞ്ചുറി തികച്ചു. മത്സരത്തിൽ ബറോഡ 13 റൺസിന് ജയം നേടി. ആദ്യം ബാറ്റുചെയ്ത ബറോഡ അഞ്ചുവിക്കറ്റിന് 220 റൺസെടുത്തു. സർവീസസിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സർവീസസിനായി കൻവാർ പഥക്കും (51), രവി ചൗഹാനും (51) അർധസെഞ്ചുറി നേടി.