ന്യൂഡല്‍ഹി: ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ. ഇരുവരെയും കരാറില്‍നിന്ന് പുറത്താക്കിയത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിന്റെ തീരുമാനമായിരുന്നുവെന്ന് ജയ്ഷാ വ്യക്തമാക്കി. 

To advertise here,

ബി.സി.സി.ഐ. നിര്‍ദേശമുണ്ടായിട്ടും ഇരുവരും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തില്ല. ഇഷാന്‍ കിഷന്‍ ലോകകപ്പിനുശേഷം ഐ.പി.എല്‍. വരെ നീണ്ട വിശ്രമമെടുക്കുകയും അയ്യര്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കുവേണ്ടി സെമിഫൈനല്‍, ഫൈനല്‍ ഉള്‍പ്പെടെ അല്‍പം മത്സരങ്ങള്‍ മാത്രം കളിക്കുകയുമാണ് ചെയ്തത്. മുംബൈ രഞ്ജി ട്രോഫി കളിക്കുമ്പോള്‍ അയ്യര്‍ കൊല്‍ക്കത്ത ക്യാമ്പിനൊപ്പം ചേര്‍ന്നതും വാര്‍ഷിക കരാറില്‍നിന്ന് തഴയപ്പെടാന്‍ കാരണമായി. 

ബി.സി.സി.ഐ. ആസ്ഥാനത്തുവെച്ച് വ്യാഴാഴ്ചയാണ് ജയ്ഷാ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇരുവരെയും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് മാത്രമാണെന്നും തീരുമാനങ്ങള്‍ കൈക്കൊണ്ടത് അജിത് അഗാര്‍ക്കറാണെന്നും ജയ്ഷാ പറഞ്ഞു. നടപ്പാക്കുക എന്നത് മാത്രമാണ് തന്റെ ചുമതല. അതുകൊണ്ട് സഞ്ജു സാംസണിനെപ്പോലെ പുതിയ താരങ്ങളെ കിട്ടിയെന്നും ജയ്ഷാ പറഞ്ഞു.