ന്യൂഡൽഹി: ബിസിസിഐ മുഖ്യസെലക്ടർ അജിത് അഗാർക്കറിന്റെ കരാർ നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. 2026 ജൂണിൽ കരാർ കാലാവധി അവസാനിക്കുന്ന അഗാർക്കറിന് ഒരു വർഷം കൂടി ചുമതല ലഭിച്ചേക്കും. ഇന്ത്യൻ എക്‌സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അഗാർക്കർ മുഖ്യസെലക്ടറായി ചുമതലയേറ്റതിന് ശേഷം മൂന്ന് ഐസിസി കിരീടങ്ങൾ ഇന്ത്യ നേടിയിട്ടുണ്ട്. അതേസമയം ടി20 ക്യാപ്റ്റനായി സൂര്യകുമാർ തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പകരം ശ്രേയസ് അയ്യർ നായകനായി എത്താനുള്ള സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

അഗാർക്കറിന്റെ കാലയളവിൽ 2024, 2026 ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ടീം തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഉറച്ച തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് ബോർഡിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ 2027 ജൂൺ വരെ അഗാർക്കറിന്റെ കരാർ നീട്ടും.

അഗാർക്കറുടെ കാലത്ത് ടീം സുഗമമായ മാറ്റങ്ങൾക്ക് വിധേയമായി. കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഭയന്നില്ല. അദ്ദേഹം തുടരണമെന്ന് ബോർഡിന് തോന്നി. ഐപിഎൽ മത്സരങ്ങൾക്കിടയിൽ ബിസിസിഐ ഉദ്യോഗസ്ഥർ അദ്ദേഹവുമായി സംസാരിക്കും." ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, ടി20 നായകൻ സൂര്യകുമാർ യാദവിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. സൂര്യകുമാർ യാദവിന്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും അദ്ദേഹത്തിന്റെ മോശം ബാറ്റിങ്ങാണ് തിരിച്ചടിയാകുന്നത്. 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സിൽ സൂര്യ തന്നെ ടീമിനെ നയിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. വരാനിരിക്കുന്ന പരമ്പരകളിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാകും തുടർനീക്കങ്ങൾ. ജൂൺ-ജൂലായ് മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ നിർണായകമാകും. ബാറ്റിങ്ങിൽ ഫോം വീണ്ടെടുക്കാനായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് ബിസിസിഐ കടന്നേക്കും.

"സൂര്യ ടീമിനെ നയിക്കുന്നു. എന്നാൽ ഒരു ബാറ്റർ എന്ന നിലയിൽ പ്രകടനങ്ങളിൽ സ്ഥിരത നിലനിർത്തുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കണം. അദ്ദേഹം യുകെയിൽ ടീമിനെ നയിക്കും. അതിനുശേഷം, 2028 വരെയുള്ള കാര്യങ്ങൾ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും." ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇന്ത്യയ്ക്കായി ടി20-യിൽ മാത്രമാണ് സൂര്യ കളിക്കുന്നത്. 2023 ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും പ്രകടനം മോശമായിരുന്നു. പിന്നീട് ഏകദിനങ്ങളിൽ പരിഗണിച്ചിട്ടില്ല. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുകയും ആ ഫോർമാറ്റിലെ പ്രകടനം മോശമാകുകയും ചെയ്തതോടെയാണ് സൂര്യയുടെ കാര്യം ചർച്ചയാകുന്നത്. ടീമിലേക്ക് അവസരം കാത്ത് ശ്രേയസ് അയ്യർ പുറത്തുണ്ട് എന്നതും സൂര്യയ്ക്ക് വെല്ലുവിളിയാണ്. ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിൽ മാത്രം സൂര്യ ടീമിൽ തുടരുന്നത് ബിസിസിഐ അനുവദിക്കാൻ സാധ്യതയില്ല.