
ന്യൂഡൽഹി: ക്രിക്കറ്റിൽ കളിക്കാർതമ്മിലുള്ള വാഗ്വാദവും ഏറ്റുമുട്ടലും പലപ്പോഴും വൻ ചർച്ചയാകാറുണ്ട്. മത്സരത്തിൽ പ്രതിരോധത്തിലാകുന്ന സന്ദർഭങ്ങളിലൊക്കെ താരങ്ങൾ അൽപ്പം കടന്ന് പെരുമാറാറുണ്ട്. അനാവശ്യമായ ഇത്തരം സമീപനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവന്ന ചരിത്രവും കാണാം. അത്തരത്തിൽ ഒരു സന്ദർഭത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ വിരമിച്ച ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളുമായി ബന്ധപ്പെട്ടുള്ളതാണ് വിഷയം.
2022 ദുലീപ് ട്രോഫിയിൽ സൗത്ത് സോണും വെസ്റ്റ് സോണും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെയാണ് സംഭവം. കളിക്കിടെ സൗത്ത് സോൺ ബാറ്ററായ രവി തേജയുമായി ജയ്‌സ്വാൾ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. അന്ന് അമ്പയർ നൽകിയ മുന്നറിയിപ്പുകൾ ജയ്‌സ്വാൾ അവഗണിച്ചെന്നും കൈവിട്ടുപോകുമെന്ന് തോന്നിയ ഘട്ടത്തിൽ ജയ്‌സ്വാളിനെ ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും രഹാനെ വെളിപ്പെടുത്തി. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജയ്‌സ്വാളിനെ വിലക്കുമായിരുന്നുവെന്നും രഹാനെ പറയുന്നു. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ജയ്സ്വാൾ ഏഴോവറിന് ശേഷമാണ് മൈതാനത്ത് മടങ്ങിയെത്തിയത്.
‘കളിയിൽ സ്ലെഡ്ജിങ് നടക്കാറുണ്ട്, അത് നടക്കുകയും വേണം. അത് മത്സരത്തിന് കൂടുതൽ രസം നൽകുന്നു. എന്നാൽ, ഞാൻ ആ സാഹചര്യം മനസ്സിലാക്കി. കൈവിട്ടുപോകുമെന്ന് എനിക്ക് തോന്നി. ആ സമയത്ത് ജയ്സ്വാളിന് അതൃപ്തി തോന്നിയിട്ടുണ്ടാകാം. എന്നാൽ ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്ന് എനിക്ക് മനസ്സിലായി’, ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ രഹാനെ പറഞ്ഞു.
‘താരങ്ങൾ വിലക്ക് നേരിട്ട ഒട്ടേറെ സന്ദർഭങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഈ സാഹചര്യവും ഞാൻ മനസ്സിലാക്കുകയും അത് കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇരു താരങ്ങളും നിയന്ത്രണം വിട്ടതുപോലെയായിരുന്നു. എന്റെ സഹതാരത്തെ തടയേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാച്ച് റഫറി അത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അത്തരമൊരു കാര്യം ചെയ്യുമെന്ന് അവർ കരുതിയതേയില്ല. നാല് മത്സരങ്ങളിൽനിന്ന് വിലക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മാച്ച് റഫറി. അതിനായി എല്ലാം തയ്യാറാക്കിയിരുന്നു. ഇതാണ് ആ കത്തെന്നും അങ്ങനെ ചെയ്തതുകൊണ്ട് ഇത് കീറിക്കളയുന്നതായും അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞു. പിന്നാലെ എന്റെ മുന്നിൽവെച്ച് അത് കീറിക്കളഞ്ഞു. ജയ്സ്വാളിന് വിലക്ക് ലഭിക്കാത്തതിൽ സന്തോഷവാനായിരുന്നുവെന്നും രഹാനെ കൂട്ടിച്ചേർത്തു. താൻ അത്തരത്തിൽ ഒരു ഇടപെടൽ നടത്തിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ പിന്നീട് ഇന്ത്യക്കായി കളിക്കുമായിരുന്നില്ലെന്നും രഹാനെ പറഞ്ഞു.
അന്ന് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജയ്സ്വാളായിരുന്നു. സംഭവം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
Content Highlights: Ajinkya Rahane intervened when Yashasvi Jaiswal ignored umpire warnings., Rahane sent Jaiswal off the field to prevent a severe four-match ban., The incident could have ended Jaiswal's career for India if not handled immediately., Rahane revealed the truth after retiring from international cricket.
Published: 09 Aug 2026, 08:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented