ചെന്നൈ: ദുലീപ് ട്രോഫിയിൽ കിഴക്കൻ മേഖലയ്ക്ക് കിരീടം. ദക്ഷിണ മേഖലയ്ക്കെതിരായ ഫൈനൽ സമനിലയിൽ കാലശിച്ചതോടെ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ കിഴക്കൻ മേഖല ജേതാക്കളായി. അഞ്ചാംദിനം കിഴക്കൻ മേഖല ഏഴുവിക്കറ്റ് നഷ്ടത്തിൽ 388 റൺസെന്ന നിലയിൽ നിൽക്കേ കളി അവസാനിപ്പിക്കാൻ ഇരുടീമുകളും ധാരണയിലെത്തുകയായിരുന്നു. സെഞ്ചുറിയുമായി എം.ഡി. ഖുറെയ്ഷി പുറത്താവാതെ നിന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി ആയിരത്തിലധികം റൺസാണ് കിഴക്കൻ മേഖല അടിച്ചെടുത്തത്. കിഴക്കൻ മേഖല - 708, 388-7, ദക്ഷിണ മേഖല - 336
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ് കിഴക്കൻ മേഖല അഞ്ചാം ദിനം ഇന്നിങ്‌സ് ആരംഭിച്ചത്. 584 റൺസിന്റെ കൂറ്റൻ ലീഡുമായായി അവസാനദിനം ബാറ്റിങ്ങിനിറങ്ങിയ കിഴക്കൻ മേഖല ലീഡുയർത്തിക്കൊണ്ടേയിരുന്നു. കുമാർ കുശാഗ്രയും ഖുറെയ്ഷിയുമാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ഇരുവരും ലീഡ് 600 കടത്തി. പിന്നാലെ 46 റൺസെടുത്ത് കുമാർ കുശാഗ്ര പുറത്തായി. ആറുവിക്കറ്റ് നഷ്ടത്തിൽ 238 റൺസെന്ന നിലയിലായിരുന്നു ടീം.
വിക്കറ്റ് വീഴ്ത്താൻ ദക്ഷിണ മേഖല കിണഞ്ഞു ശ്രമിച്ചെങ്കിലും കിഴക്കൻ മേഖല വിട്ടുകൊടുത്തില്ല. ഏഴാം വിക്കറ്റിൽ ഒന്നിച്ച അനുകുൾ റോയിയും ഖുറെയ്ഷിയും സ്‌കോറുയർത്തി. അതോടെ ദക്ഷിണ മേഖലയുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. രണ്ടാമിന്നിങ്‌സിലും സ്‌കോർ ഉയർത്തുന്നത് കാണാൻ മാത്രമേ ദക്ഷിണ മേഖലയ്ക്കായുള്ളൂ. ഖുറെയ്ഷി അർധസെഞ്ചുറിയ തികച്ച് തിളങ്ങി. പിന്നാലെ അനുകുൾ റോയ് ബൗണ്ടറികളിലൂടെ മുന്നേറിയതോടെ കിഴക്കൻ മേഖല 300 കടന്നു. ഏഴാം വിക്കറ്റിൽ ഇരുവരും പിടിമുറുക്കിതോടെ ലീഡ് 700 കടന്നു. ഒടുക്കം ഖുറെയ്ഷി സെഞ്ചുറിയും അനുകുൾ ഫിഫ്റ്റിയും തികച്ചു. അനുകുൾ 64 റൺസെടുത്ത് മടങ്ങി. പിന്നാലെ കളിയവസാനിപ്പിക്കാൻ ധാരണയായി. അതോടെ കിഴക്കൻ മേഖല ജേതാക്കളായി.
ആദ്യ ഇന്നിങ്സിൽ ദക്ഷിണ മേഖലയ്ക്കെതിരെ കൂറ്റൻ സ്‌കോറാണ് കിഴക്കൻ മേഖല ഉയർത്തിയത്. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ടീം 708 റൺസാണ് അടിച്ചെടുത്തത്. തുടർച്ചയായി രണ്ട് ദിവസവും കിഴക്കൻ മേഖല ബാറ്റ് ചെയ്തു. 163 ഓവറുകളാണ് ടീം ആകെ ഒന്നാമിന്നിങ്‌സിൽ നേരിട്ടത്. കിഴക്കൻ മേഖലയ്ക്കായി 334 പന്തിൽ 30 ഫോറും ഏഴ് സിക്‌സറുകളും ഉൾപ്പെടെ 270 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. സെഞ്ചുറിയുമായി കുമാർ കുശാഗ്ര ഇഷാന് പിന്തുണ നൽകി. 132 പന്തിൽ 101 റൺസാണ് കുശാഗ്ര നേടിയത്. ഇതിൽ എട്ട് ഫോറും അഞ്ച് സിക്‌സറുകളും ഉൾപ്പെടുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 230 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
എന്നാൽ ആദ്യ ഇന്നിങ്സിൽ ദക്ഷിണ മേഖല 336 റൺസിന് ഓൾഔട്ടായിരുന്നു. ക്യാപ്റ്റൻ തിലക് വർമ 99 റൺസോടെ ടീമിന്റെ ടോപ് സ്കോററായി. കിഴക്കൻ മേഖലയ്ക്ക് 372 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് ലഭിച്ചത്. മത്സരം സമനിലയിലായാൽ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തിൽ കിഴക്കൻ മേഖലയ്ക്ക് ജേതാക്കളാകാമെന്ന നിലവന്നു. അങ്ങനെയാണ് കിഴക്കൻ മേഖല രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങുന്നത്.
Content Highlights: East Zone vs South Zone, Final, Duleep Trophy 2026
Published: 10 Sept 2026, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented