മുംബൈ: ഇന്ത്യയുടെ മുൻതാരം ചേതേശ്വർ പൂജാരയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് സഹതാരം അജിങ്ക്യ രഹാനെ. ടെസ്റ്റ് മത്സരങ്ങളിൽ ദീർഘനേരത്തെ ബാറ്റിങ്ങിനുശേഷം പൂജാര ഫീൽഡ് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് രഹാനെ വ്യക്തമാക്കി. പൂജാരയുടെ ഈ മടി കാരണം പകരക്കാരനായി ഇറങ്ങി അപകടകരമായ പൊസിഷനുകളിൽ ഫീൽഡ് ചെയ്തിരുന്നത് തന്നെപ്പോലെയുള്ള യുവതാരങ്ങളാണെന്നും രഹാനെ പറഞ്ഞു.

To advertise here,

ഒരു ടെസ്റ്റ് മത്സരത്തിനിടയ്ക്ക് പൂജാരയ്ക്ക് വിശ്രമം ആവശ്യമായി വന്നു. അന്ന് താൻ ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്തുവെന്നും രഹാനെ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലെ ചർച്ചയ്ക്കിടെ പറഞ്ഞു. 'ഞാൻ 12-ാമനായി ടീമിലുള്ള സമയത്ത് അദ്ദേഹം ബാറ്റ് ചെയ്ത് തിരിച്ചെത്തിയാൽ പിന്നീട് ഫീൽഡ് ചെയ്യാൻ ഇറങ്ങില്ല. ഡ്രസ്സിങ് റൂമിൽ തന്നെ വിശ്രമിക്കും. പകരം എനിക്ക്് ഗ്രൗണ്ടിൽ ഇറങ്ങേണ്ടി വരും. അതും അപകടകരമായ ഷോർട്ട് ലെഗ് പൊസിഷനിൽ. അവിടെ ഫീൽഡ് ചെയ്യുമ്പോൾ പന്തുകൊണ്ട് ഒരുപാട് തവണ വേദനിച്ചിട്ടുണ്ട്.'-രഹാനെ പറയുന്നു.

കഴിഞ്ഞ ജൂലായ് 30-നാണ് രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി 20-കളുമാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്. 2020-21ൽ ഓസ്‌ട്രേലിയയെക്കെതിരെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയപ്പോൾ രഹാനെയായിരുന്നു ക്യാപ്റ്റൻ. 2023 ജൂലായിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അവസാനം അന്താരാഷ്ട്ര മത്സരം കളിച്ചത്.