പൊതുവേ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരങ്ങളോട്  പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍. റിച്ചാര്‍ഡ് ഹാഡ്‌ലിയിലും മാര്‍ട്ടിന്‍  ക്രോവിലും തുടങ്ങി സ്റ്റീഫന്‍ ഫ്‌ളെമിങ്ങും നഥാന്‍ ആസിലും ബ്രെണ്ടന്‍ മക്കല്ലവും കടന്ന് ഇന്ന് കെയ്ന്‍ വില്യംസണിലും ഗ്ലെന്‍ ഫിലിപ്‌സിലും വരെ ആ ഇഷ്ടം എത്തിനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഒരു ന്യൂസീലന്‍ഡുകാരനെ ഇന്ത്യക്കാര്‍  തെല്ല് ദേഷ്യത്തോടെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാകും. ഒപ്പം അയാളുടെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്നുണ്ടായ ആ ത്രോയും. അയാളുടെ ആ ത്രോയില്‍ തെറിച്ച ബെയ്‌ലുകള്‍ ചെന്ന് തറച്ചത് ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് പ്രേമികളുടെയും നെഞ്ചിലായിരുന്നു. ഒരുകാലത്തും മനസില്‍ നിന്ന് മായ്ച്ചുകളയാനാകാത്ത വിധം!

To advertise here,

കോടിക്കണക്കായ ഇന്ത്യക്കാരുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ഒന്നാകെ തകര്‍ത്ത ആ റണ്ണൗട്ട് പിറന്നിട്ട്‌ ജൂലായ് പത്തിന് നാലാണ്ട് തികയുകയാണ്. അന്ന് ധോനിയുടെ ബാറ്റിനും ക്രീസിനും ഇടയിലുണ്ടായിരുന്ന ആ ഇഞ്ചുകളുടെ ദൂരത്തിലാണ് ഇന്ത്യ ലോക കിരീടം കൈവിട്ടത്. 2019 ജൂലായ് ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടിയ ആ ലോകകപ്പ് സെമി. കിവീസിന്റെ ഇന്നിങ്‌സിനു ശേഷം മഴയെത്തിയതോടെ കളി റിവസര്‍വ് ഡേയായ 10-ാം തീയതിയിലേക്ക് നീണ്ടു. 240 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ആദ്യ 19 പന്തുകള്‍ക്കുള്ളില്‍ തന്നെ ന്യൂസീലന്‍ഡ് ഞെട്ടിച്ചു.

കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ സ്‌കോര്‍ അഞ്ച് റണ്‍സിലെത്തിയപ്പോള്‍ പുറത്ത്. ദിനേഷ് കാര്‍ത്തിക്കും കളിമറന്നതോടെ ഋഷഭ് പന്തിന്റെയും (32), ഹാര്‍ദിക് പാണ്ഡ്യയുടെയും (32) ഇന്നിങ്‌സുകള്‍ ടീം സ്‌കോര്‍ 70 കടത്തി. എന്നാല്‍ 92 റണ്‍സില്‍ ആറു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും എം.എസ് ധോനിയും പൊരുതി. ധോനി ക്ഷമയുടെ പര്യായമായപ്പോള്‍ ജഡേജ ആവശ്യമായ റണ്‍റേറ്റില്‍ അടിച്ചുതകര്‍ത്തു. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡ്ഡു 48-ാം ഓവറില്‍ പുറത്തായതോടെ കളി വീണ്ടും തിരിഞ്ഞു. എന്നാല്‍ ധോനി ക്രീസിലുണ്ടായിരുന്നത് പ്രതീക്ഷയായിരുന്നു.

പക്ഷേ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ഒരു ത്രോ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തു. 49-ാം ഓവറിലെ മൂന്നാം പന്തില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പ്രിന്റര്‍ക്ക് പിഴച്ചു. ഗുപ്റ്റിലിന്റെ ത്രോ ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കുമ്പോള്‍ ക്രീസിലേയ്ക്ക് ധോനിയുടെ ബാറ്റിന് ഇഞ്ചുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. അത്രയും നേരം തൊണ്ടപൊട്ടുമാറ് 'ധോനി, ധോനി' എന്ന് ആര്‍ത്തച്ചലച്ച സ്റ്റേഡിയം അതോടെ നിശബ്ദമായി. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടവും അതോടെ അണഞ്ഞുപോയിരുന്നു. ഒമ്പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ഇന്ത്യ ആ ഓവറില്‍ തന്നെ തോല്‍വി ഉറപ്പിച്ചു. ആറു പന്തുകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തു. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി. ധോനി അര്‍ധ സെഞ്ചുറി തികച്ചത് പോലും എല്ലാവരും ആ നിമിഷത്തേക്ക് മറന്നുപോയിരുന്നു. നീലക്കുപ്പായത്തില്‍ ആ രണ്ടക്ഷരക്കാരന്റെ അവസാന മത്സരവും അതായിരുന്നു. ആ മത്സരം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം 2020 ഓഗസ്റ്റ് 15-ന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചു.