
അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം ജന്മദിനം 27-ന് വിവിധ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളോടെ ആഘോഷിക്കുമെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ അഞ്ചിന് 108 ഗണപതിഹോമങ്ങളോടെ അമൃതപുരിയിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. വിവിധ ഗോത്രവിഭാഗങ്ങളുടെ വിശ്വശാന്തി പ്രാർഥനകളും നടക്കും. തുടർന്ന് ഗുരുപാദപൂജ, മാതാ അമൃതാനന്ദമയിയുടെ ജന്മദിനസന്ദേശം, വിശ്വശാന്തി പ്രാർഥന, ഭജന, സത്‌സംഗം, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും.
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന എന്നിവയുൾപ്പെടെയുള്ള കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. വിശിഷ്ടാതിഥികളായി ആരെയും ഇത്തവണ ക്ഷണിച്ചിട്ടില്ല. അമൃതകീർത്തി പുരസ്കാരവിതരണം, നിർധനരായ യുവതീയുവാക്കളുടെ സമൂഹവിവാഹം എന്നിവയും നടക്കും. തുടർന്ന് മാതാ അമൃതാനന്ദമയിയുടെ ദർശനം ആരംഭിക്കും.
വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ആഘോഷങ്ങൾക്കായി ഇത്തവണ അമൃതപുരിയിലെത്തുന്നതെന്ന് സ്വാമി പറഞ്ഞു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോക ശുചീകരണദിനമായ 20-ന് ആഗോളതലത്തിൽ മഠത്തിന്റെ എല്ലാ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും മെഗാ ശുചീകരണയത്നം നടത്തും.
നിർധനരായ 300 രോഗികൾക്ക് കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിലായി മഠം സൗജന്യ ശസ്ത്രക്രിയ ചെയ്തുനൽകും. കുട്ടികൾക്കായുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നുണ്ട്. തിരഞ്ഞെടുക്കുന്ന നാനൂറോളം കുട്ടികളാണ് ഈ പദ്ധതിയിലൂടെ പുതിയ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
Content Highlights: Mata Amritanandayi`s birthday will be celebrated with various charitable activities at Amritapuri
Published: 19 Sept 2025, 07:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented