തിങ്കളാഴ്ച വൈകീട്ട് ആറു കഴിഞ്ഞപ്പോഴേക്കും തിരുവമ്പാടിയുടെ പത്തായപ്പുരയുടെ മുന്നിൽ റോഡിനരികിൽ ആനലോറികൾ നിരന്നു....കാത്തുകിടക്കുന്നത് കേരളത്തിലെ എണ്ണംപറഞ്ഞ ഗജകേസരികൾ. തലയെടുപ്പും ലക്ഷണവുമൊത്ത കൊമ്പൻമാർ. തേക്കിൻകാട്ടിൽ വേലിക്കപ്പുറം ‘സൂപ്പർസ്റ്റാറു’കളെ കാണാൻ ജനക്കൂട്ടം. പലരും ആനകളുടെ പേരുകൾ വിളിച്ചുപറയുന്നുണ്ട്.
ആട്ടിൻകൂട്ടംപോലെ ആനക്കൂട്ടം എന്നു പറയാൻ തോന്നും പൂരത്തലേന്ന് തേക്കിൻ കാട്ടിലെത്തിയാൽ. സാമൂഹികമാധ്യമങ്ങളിൽ വൻ സ്വീകരണം ലഭിക്കുന്ന വമ്പൻമാർ ഒരു കൈയകലത്തിൽ നിരന്നുനിൽക്കുന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് അധികവും. ഒരു ദിവസം മുൻപൊക്കെ വന്ന് തൃശ്ശൂരിൽ തങ്ങിയവരും കൂട്ടത്തിലുണ്ട്. സിഎംഎസ് സ്കൂളിന്റെ വിശാലതയിൽ അവർ വിരാജിക്കുന്നു.
കുളിയും കുറിയിടലും കഴിഞ്ഞ് സുന്ദരക്കുട്ടപ്പൻമാരായി, സമയമാകുമ്പോൾ റാമ്പിലെത്തുന്ന സൗന്ദര്യമത്സരാർഥികളെപ്പോലെ റോഡ് മുറിച്ചുകടന്ന് തേക്കിൻകാട്ടിൽ കയറും.
തൃശ്ശൂരിന്റെ ആനപ്രേമം കാണണമെങ്കിൽ ഇങ്ങോട്ടുവരണം. പേരും ഉയരവും എന്നുവേണ്ട ഉടമയെയും ആനക്കാരനെയും സഹായികളെയുംവരെ മനഃപാഠമാക്കിയ നല്ല ഒന്നാന്തരം ‘ആനപ്രേമം’. കൊമ്പും തുമ്പിയും ആകൃതിയും കണ്ട് ആനയെ തിരിച്ചറിയുന്ന എത്രയോ വിദഗ്ധരെ അവിടെ കണ്ടു. നേരത്തേ എത്തിയവർ പട്ടയും തിന്ന് മരത്തണലിൽ വിശ്രമിക്കുന്നു. പാപ്പാൻമാർ സൊറ പറഞ്ഞിരിക്കുന്നു. ഡോക്ടർമാരും പരിശോധകരും വനംവകുപ്പുദ്യോഗസ്ഥരും റെഡിയായതോടെ പരിശോധനകൾക്ക് തുടക്കമായി. ആനകളുടെ ആരോഗ്യസ്ഥിതിയിൽ വിട്ടുവീഴ്ചകളൊന്നുമില്ല.
ഓരോ ആനയെയും ക്രമത്തിൽ വിളിച്ചാണ് പരിശോധന. വനംവകുപ്പുദ്യോഗസ്ഥർ ആനയുടെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമിൽ കയറിയാണ് പലതരത്തിലുള്ള പരിശോധന. ചമയങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ലെങ്കിലും അഴകിനൊരു വിട്ടുവീഴ്ചയുമില്ല. പലരും പൂരത്തിനായി അല്പം ലുക്ക് മാറ്റിപ്പിടിച്ചാണ് എത്തിയിരിക്കുന്നത്. മുല്ലമൊട്ടു പോലെയാക്കിയ കൊമ്പുകൾ...പുത്തൻ വക്കക്കയർ...അങ്ങനെ പോകുന്നു.
ദീർഘദൂരയാത്ര കഴിഞ്ഞ് എത്തിയതല്ലേ... ഒരു കുളിയൊക്കെ കഴിഞ്ഞ് പൂരപ്പറമ്പിലേക്ക് കയറണം. ആനക്കേരളത്തിലെ തലയെടുപ്പ് മുഴുവൻ ഇടത്തും വലത്തുമുണ്ടാകും. പഴയ പൂര പരിചയക്കാരുണ്ടാകും. ആരാധകരുണ്ടാകും. അവർക്കുമുന്നിൽ ആ തലയെടുപ്പ് കുറയാൻ പാടില്ലല്ലോ....നാളെ എഴുന്നള്ളിപ്പിന് ആടയാഭരണങ്ങളൊക്കെ ധരിക്കണം.
കോലം, തലേക്കെട്ടുകൾ, ആലവട്ടങ്ങൾ, വെൺചാമരങ്ങൾ, കഴുത്തിലെ മണികൾ, പാദസരങ്ങൾ, കഴുത്തിലെ കച്ചക്കയർ, വർണക്കുടകൾ അങ്ങനെയെല്ലാംകൂടി ആകുമ്പോൾ അതൊരു കാഴ്ചയായിരിക്കും. ആനന്ദക്കാഴ്ച...
Content Highlights: elephants in thrissur pooram
Published: 06 May 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented