
മന്നംപുറത്ത് കാവ് തുടങ്ങി പിഷാരികാവ് വരെയുള്ള ശാക്തേയക്കാവുകളിലെ ആരാധനയ്ക്ക് രണ്ടുതലങ്ങളുണ്ട്. ഒന്ന് പ്രകടമായ തലം. ഇത് ചാമുണ്ഡയുടെ ആരാധനയുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് രഹസ്യമായ ആരാധനയുടെ തലം. ഇത് കശ്മീരിലെ ശാക്ത-ശൈവ വിഭാഗത്തില്‍പ്പെടുന്ന ക്രമം, ത്രികം, ത്രൈപുരം എന്നിവയുമായി ബന്ധപ്പെട്ട ദേവതകളുടെ ആരാധന. ഇതില്‍ ചാമുണ്ഡയുടെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍പ് സംക്ഷിപ്തമായി പരാമര്‍ശിച്ചുകഴിഞ്ഞു. അതിനാല്‍ രഹസ്യ ആരാധനയെക്കുറിച്ച് ചെറുതായൊന്ന് പരാമര്‍ശിക്കാം.
ക്രമം, ത്രികം, ത്രൈപുരം എന്നിവ കശ്മീരില്‍ ഉടലെടുത്തതും എട്ടുമുതല്‍ പതിമ്മൂന്നുവരെയുള്ള നൂറ്റാണ്ടുകളില്‍ അവിടെ ഏറെ പ്രചാരത്തിലുള്ളവയുമായിരുന്നു. ക്രമംതന്നെയാണ് മഹാര്‍ഥം എന്ന് അറിയപ്പെടുന്നത്. ത്രികത്തിന്റെ വേറൊരുപേരാണ് അനുത്തര എന്നത്. ഇതില്‍ ക്രമത്തിലെ പ്രധാനദേവത കാലസങ്കര്‍ഷിണിയും ത്രികത്തിലെ പരയുമാണ്. ക്രമം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഇന്ദ്രിയസംവേദ്യമായ നമ്മുടെ എല്ലാ അറിവുകള്‍ക്കും സൃഷ്ടി, സ്ഥിതി, സംഹാരം, അനാഖ്യ, ഭാസ എന്നിങ്ങനെ അഞ്ച് തലങ്ങളുണ്ടെന്നും ഇവ ശിവന്‍ ചെയ്യുന്ന പ്രവൃത്തികളായ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവതന്നെയാണെന്നുമാണ്. അതായത്, ശിവന്‍തന്നെയാണ് ജീവന്‍, ശിവന്‍ ചെയ്യുന്ന അഞ്ച് പ്രവൃത്തികളാണ് ജീവനും ചെയ്യുന്നത്. ഇത് തിരിച്ചറിയുന്നതിനുള്ള വഴികളാണ് ക്രമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ പ്രമാതൃവിശ്രാന്തിയെന്ന തലത്തെയാണ് കാലസങ്കര്‍ഷിണി പ്രതിനിധാനംചെയ്യുന്നത്. ഈ ക്രമം കശ്മീരില്‍നിന്നും പന്ത്രണ്ടാംനൂറ്റാണ്ടോടെ ദക്ഷിണേന്ത്യയില്‍ എത്തുകയും അവിടെ ശിവാനന്ദന്‍ വഴി ഒരു ദക്ഷിണേന്ത്യന്‍ പരമ്പര രൂപപ്പെട്ടുവരുകയും ചെയ്യുന്നു.
തുടര്‍ന്ന് മഹാപ്രകാശാനന്ദന്‍, മഹേശ്വരാനന്ദന്‍ എന്നിവരിലൂടെ ഈ പരമ്പര മുന്നോട്ടുപോകുന്നു. ഈ പരമ്പരയിലെ അവസാനകണ്ണിയായ മഹേശ്വരാനന്ദന്‍ തന്റെ മഹാര്‍ഥമഞ്ജരിയില്‍ ദേവപാണിയെന്ന ആചാര്യന്റെ പൂജാസമ്പ്രദായമാണ് താന്‍ പിന്തുടരുന്നതെന്ന് പ്രസ്താവിക്കുന്നുണ്ട്. മഹാര്‍ഥമഞ്ജരിയില്‍ പറഞ്ഞ പൂജാസമ്പ്രദായവും മൂസ്സതുമാരുടെ താളിയോലകളില്‍ കാണുന്ന പൂജാസമ്പ്രദായവും ഒന്നുതന്നെയാണ്. അതിനാല്‍ അനുമാനിക്കാവുന്നത് ദേവപാണിസമ്പ്രദായമാണ് മൂസ്സതുമാരില്‍ എത്തിച്ചേര്‍ന്നതെന്നാണ്. എന്നാല്‍, ത്രികത്തിന്റെ കാര്യത്തില്‍ ശിവാനന്ദന് മുന്‍പുതന്നെ അത് ദക്ഷിണേന്ത്യയില്‍ എത്തിച്ചേര്‍ന്നതിന്റെ തെളിവുകളുണ്ട്. എന്തായാലും ശിവാനന്ദന്‍ വഴിയാണ് ത്രികം, ക്രമം എന്നിവ കേരളത്തിലെത്തുന്നതെന്ന് അനുമാനിക്കാം. വളയനാട്ടെ മൂസ്സതിന്റെ താളിയോലകളില്‍ കാലസങ്കര്‍ഷിണി, പര, ചണ്ഡകപാലിനി തുടങ്ങിയ ദേവതകളുടെ രഹസ്യവിധാനത്തിലുള്ള പൂജകള്‍ അടങ്ങിക്കാണുന്നതിനാല്‍ ഏതോകാലത്ത് ഇവ അനുഷ്ഠാനത്തിലുണ്ടായിരുന്നതായി അനുമാനിക്കാം. എന്നാല്‍, താളിയോലകളില്‍ പറഞ്ഞ വിസ്തരിച്ച പൂജാവിധാനത്തിന്റെ ഒരു സമ്മിശ്രമായ പതിപ്പാണ് ഇന്നത്തെ വളയനാട്കാവിലെ ആരാധന. ഈ രഹസ്യവിധാനത്തിന്റെ വിവരങ്ങള്‍ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുള്ള ചുരുക്കംചില കേന്ദ്രങ്ങളിലൊന്നാണ് വളയനാട്ട് മൂസ്സതുമാരുടെ ഇല്ലങ്ങള്‍.
മേല്‍പ്പറഞ്ഞ ദേവതകളായ കാലസങ്കര്‍ഷിണി, പര, ചണ്ഡകപാലിനി എന്നീ ദേവതകള്‍ വളയനാട് കാവിലെ ശ്രീകോവിലിനകത്ത് ഇന്നും രഹസ്യമായി ആരാധിക്കപ്പെടുന്നു. ഒരുപക്ഷേ, ഇന്ത്യയില്‍ ഈ ദേവതകള്‍ക്ക് ഇന്നും ആരാധന ലഭിക്കുന്ന കേന്ദ്രങ്ങള്‍ മേല്‍പ്പറഞ്ഞ പതിനൊന്ന് ശാക്തേയകാവുകള്‍ മാത്രമായിരിക്കാം. അതിനാല്‍ത്തന്നെ ഈ പതിനൊന്നുകാവുകള്‍ക്കും ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. തന്ത്രത്തിലെ ആരാധനാസരണിയില്‍ ഏറ്റവും ഉയര്‍ന്നരീതിയിലുള്ള ഒന്നായിട്ടാണ് ക്രമം, ത്രികം, ത്രൈപുരം എന്നീ സമ്പ്രദായങ്ങളെ കാണുന്നത്. ഇത് ചെറിയതോതിലെങ്കിലും നിലവിലുള്ള ഈ ശാക്തേയകാവുകളെ വിളിക്കുന്നതാവട്ടെ മധ്യമം, അഥവാ അധമം എന്നും. ഇത് എത്ര വിചിത്രം.
ദേവതകളായ കാലസങ്കര്‍ഷിണി, പര, ചണ്ഡകപാലിനി എന്നീ ദേവതകള്‍ വളയനാട് കാവിലെ ശ്രീകോവിലിനകത്ത് ഇന്നും രഹസ്യമായി ആരാധിക്കപ്പെടുന്നു
Content Highlights: Navratri festival special page sree valayanad devi temple
Published: 11 Oct 2024, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented