
എന്താണ് രാമായണത്തിന്റെ മഹത്വം ന്നെ ചോദ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ വേദാന്തദര്‍ശനം പറഞ്ഞ കൃതിയാണ് രാമായണം എന്നാണ് വാഴ്ത്തപ്പെടുന്നത്. ആ ദര്‍ശനം 'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ' എന്നതാണ്. ഇത് രാമായണത്തില്‍ പറയുന്നത് രാമായണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ കഥാപാത്രങ്ങളൊന്നുമല്ല. രത്നാകരന്റെ ഭാര്യയായ കാട്ടാളസ്തീയാണ്. നിരക്ഷരനായ കാട്ടാളന്റെ മക്കളെ പെറ്റുവളര്‍ത്തിയ നിരക്ഷരകുക്ഷിയായ കാട്ടാള സ്തീയെക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വേദാന്തദര്‍ശനം വാത്മീകി പറയിച്ചു എന്നതാണ് രാമായണത്തിന്റെ വൈശിഷ്യം.
സപ്തര്‍ഷികളുടെ കൈവശമുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ചെന്ന രത്നാകരന്‍ എന്ന കാട്ടാളനെ കണ്ടപ്പോള്‍ ദീര്‍ഘദര്‍ശികളായ സന്യാസിമാര്‍ക്ക് ഇവന്റെ ബുദ്ധി ശരിയായ രീതിയില്‍ വഴിതിരിച്ചുവിട്ടാല്‍ തങ്ങളെക്കൊണ്ട് ഈ ലോകത്തിനു ചെയ്യാന്‍ കഴിയാത്തത് ഈ കാട്ടാളന് ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലായി.അതിനാല്‍ അവന്റെ ബുദ്ധിയിലേക്ക് യുക്തിപൂര്‍വ്വം ഒരു ചോദ്യം ഇട്ടുകൊടുത്തു. നീ ചെയ്യുന്ന ഈ തെറ്റുകളുടെ ഫലം നിന്റെ വീട്ടുകാര്‍ കൂടി അനുഭവിക്കുമോ എന്ന് ചോദിച്ചിട്ടു വരിക. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കാട്ടാള സ്ത്രീ പറഞ്ഞത്.
അവിടെയാണ് രത്നാകരന് പുനര്‍വിചിന്തനം ഉണ്ടായത്. കാട്ടാളനില്‍ നിന്ന് സന്യാസിയിലേക്കുള്ള പരിണാമം ഇവിടെയാണ് തുടങ്ങുന്നത്. മാത്രമല്ല തുടര്‍ന്ന് സപ്തര്‍ഷികളുടെ സമീപത്തെത്തിയ രത്നാകരനോട് ആ മരം.. ഈ മരം.. എന്ന് അഥവാ രാമമന്ത്രം ഉച്ചരിക്കാന്‍ പറഞ്ഞു എന്നാല്‍ അക്ഷരം പഠിപ്പിച്ചു എന്നു കൂടി അര്‍ത്ഥം കാണണം. പുറത്തിരുട്ടകറ്റുവാന്‍ വിളക്കുകള്‍ കൊളുത്തണം, അകത്തിരുട്ടകറ്റുവാന്‍ അക്ഷരം പഠിക്കണം എന്ന തത്വമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്. അക്ഷരം പഠിച്ച രത്നാകന്റെ അകത്തെ അജ്ഞാനമാകുന്ന ഇരുട്ട് നീങ്ങുകയും കാട്ടാളന്‍ സന്യാസിയായി മാറുകയും ചെയ്തു.
വാത്മീകി ചരിതത്തെക്കുറിച്ച് അധ്യാത്മരാമായണത്തിലും മറ്റും കാണുന്നത് രത്നാകരനെന്ന കാട്ടാളന്‍ സപ്തര്‍ഷികളുടെ ഉപദേശമനുസരിച്ച് രാമമന്ത്രം തിരിച്ച് മരാ മരാ എന്ന് പറഞ്ഞ് ധ്യാനനിമഗ്‌നനായി വാത്മീകാവൃതനായി വാത്മീകത്തിനുള്ളില്‍വെച്ച് മുനിയായി വാത്മീകിയായി മാറി എന്നാണ്.പക്ഷെ സ്വന്തം പൂര്‍വ്വചരിത്രത്തെക്കുറിച്ച് നമുക്ക് വാത്മീകി രാമായണത്തില്‍ നിന്ന് വളരെ കുറച്ച് അറിവുമാത്രമേ ലഭിക്കുന്നുള്ളൂ. പ്രചേതസോഹം ദശമ പുത്രോ.. ഞാന്‍ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണ് എന്ന് വാത്മീകി തന്നെ പറയുന്നുണ്ട്.
ശ്രീരാമന്റെ സമകാലികനെന്ന നിലയിലാണ് വാത്മീകി രാമചരിതം രചിച്ചിരിക്കുന്നത്.തപസ്വിയായ വാത്മീകി നാരദരോട് ചോദിക്കുന്ന 'കോന്വസ്മിന്‍ സാബ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍' എന്ന് അഥവാ ജീവിച്ചിരിക്കുന്നവരില്‍ ഗുണവാനും വീര്യവാനും ആയവന്‍ ആര് എന്ന ചോദ്യത്തോടെയാണ് രാമായണത്തിന്റെ ആരംഭം. വാത്മീകി രാമായണത്തില്‍ രാമന്‍ വനവാസകാലത്ത് വാത്മീകിയെ കണ്ടതായി പറയുന്നില്ല.അധ്യാത്മരാമായണത്തിലാണ് വനവാസകാലത്ത് രാമനും സീതയും ഉള്‍പ്പെടെ വാത്മീകിയുടെ ആഥിത്വം സ്വീകരിച്ചു താമസിക്കുന്നതിനെക്കുറിച്ച് പറയുന്നത്.
വാത്മീകി രാമായണത്തില്‍ വാത്മീകിയെക്കുറിച്ചുള്ള പരാമര്‍ശം വരുന്നത് ഉത്തരകാണ്ഡത്തിലാണ്.
സീതയെ ഉപേക്ഷിക്കാന്‍ തീര്‍ച്ചയാക്കിയ ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ച് സീതയെ ഗംഗാനദിയ്ക്കക്കരെ തമസാനദിയുടെ തീരത്തുള്ള വാത്മീകിയുടെ ആശ്രമത്തിനു സമീപം കൊണ്ടുവിടുക എന്ന് പറയുന്നു.വാത്മീകി സീതയെ തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നതു തന്നെ ജനകനന്ദിനിയും ദശരഥസ്നുഷയും രാമമഹിഷിയുമായ അല്ലയോ പതിവ്രതേ ഭവതിയ്ക്കു സ്വാഗതം എന്നാണ്. രാമന് വാത്മീകിയോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല. രാമന്‍ ഉപേക്ഷിച്ച സീതയെ പരിപാലിക്കുന്നതും പുത്രന്‍മാരെ വളര്‍ത്തുന്നതും രാമചരിത്രം അനശ്വരമാക്കുന്നതും വാത്മീകിയാണ്. നൈമിഷാരണ്യത്തില്‍ ശ്രീരാമന്‍ അശ്വമേധയാഗം നടത്തുമ്പോള്‍ കുശലവന്‍മാരോടുകൂടി വാത്മീകി അവിടെയെത്തി താന്‍ രചിച്ചു പഠിപ്പിച്ച രാമചരിതം ഋഷിവാടങ്ങളിലും രാമഭവനത്തിലും തെരുവോരങ്ങളിലും കീര്‍ത്തിക്കാന്‍ നിയോഗിക്കുന്നു. തുടര്‍ന്ന് ലവകുശന്‍മാര്‍ സ്വന്തം പുത്രന്‍മാരാണെന്ന് തിരിച്ചറിഞ്ഞ രാമന്‍ ദൂതന്‍മാരെ വിളിച്ച് സീത സഭയില്‍വന്ന് ശപഥം ചെയ്ത് പരിശുദ്ധിതെളിയിക്കട്ടെ എന്ന സന്ദേശം വാത്മീകിയെ അറിയിക്കാന്‍ ആജ്ഞ നല്‍കി.
വാത്മീകിയുടെ പിന്നാലെ കൈകള്‍ കൂപ്പി ഋഷിവാടത്തിലെത്തിയ സീതയെ നോക്കി സീത പതിവ്രതയും ലവകുശന്‍മാര്‍ രാമന്റെ പുത്രന്‍മാരുമാണെന്ന് വാത്മീകി രാമനോടു പറഞ്ഞു. തുടര്‍ന്ന് സീതയുടെ ശപഥത്തിനുള്ള രംഗം ഒരുങ്ങുമ്പോള്‍ രാമനെ നിനച്ചുകൊണ് ഭൂപുത്രി മാതാവിനോടൊപ്പം അന്തര്‍ധാനം ചെയ്തു.അങ്ങനെ സീതാരാമ ചരിതത്തിന്റെ ദൃക്സാക്ഷിയാണ് രാമായണത്തിലെ വാത്മീകി ത്രേതായുഗത്തിന്റെ ഗാഥകള്‍ പാടിയ ആദികവി രാമന്റെ കഥ പറഞ്ഞു പറഞ്ഞ് അത് സീതായനമായി മാറിയെന്ന് ഒരു ഒക്ഷേപമുണ്ട്.
രാമായണം, സൂര്യവംശരാജാവായ ദശരഥന്റെയും കുടുംബത്തിന്റെയും അതില്‍ പ്രധാനമായും ശ്രീരാമചന്ദ്രനെക്കുറിച്ചുള്ള കഥയാണ്-സംഭവകാവ്യമാണ്. രാമായണത്തിലെ അംഗങ്ങളെല്ലാം ത്യാഗത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളാണ്. പ്രജാക്ഷേമതല്‍പരനായ ദശരഥ മഹാരാജാവ് ഒത്തൊരുമയുള്ള ഭാര്യമാര്‍, കൗസല്യ, കൈകേയി, സുമിത്ര. പിതാവിന്റെ സത്യം സംരക്ഷിക്കുവാന്‍ വേണ്ടി രാജ്യം ത്യജിക്കുന്ന ശ്രീരാമന്‍. സ്വന്തം സഹോദരനു കിട്ടാത്ത രാജ്യം ത്യജിക്കുന്ന അനുജന്‍ ഭരതന്‍. ഭര്‍ത്താവിനു ലഭിക്കാത്ത രാജ്യസുഖം ത്യജിക്കുന്ന ഭാര്യയായ സീതാദേവി. ധര്‍മത്തിനുവേണ്ടി സ്വന്തം കുലത്തെപ്പോലും ത്യജിക്കുന്ന വിഭീഷണന്‍. ഇവരോരോരുത്തരും എല്ലാക്കാലത്തും മാതൃകയാണ്.
സത്യത്തിനുവേണ്ടി നിലകൊള്ളുതാണ് രാമായണം. വിശ്വാമിത്ര മഹര്‍ഷിയോടുള്ള- ഗുരുപരമ്പരയോടുള്ള സത്യം പാലിക്കുവാന്‍ രാക്ഷസ നിഗ്രഹത്തിനു പോവുന്ന ശ്രീരാമലക്ഷ്മണന്മാര്‍, അമ്മയായ കൈകേയിക്കു കൊടുത്ത, അച്ഛന്റെ സത്യം പാലിക്കുവാന്‍ രാജ്യമുപേക്ഷിക്കുന്ന ശ്രീരാമന്‍, സുഗ്രീവനുമായി ചെയ്യുന്ന സത്യം പാലിക്കുവാന്‍ സ്വന്തം ഭക്തനായിട്ടു കൂടി ബാലിയെ നിഗ്രഹിക്കുന്ന ശ്രീരാമന്‍ ഇതൊക്കെ സത്യത്തിനുവേണ്ടി മാത്രം.രാമായണം അതിവിശിഷ്ടമായ ഒരു ധര്‍മഗ്രന്ഥമാണ്. അമ്മയായ കൈകേയി അധര്‍മം പ്രവര്‍ത്തിച്ച് നേടിത്തന്ന രാജ്യം ഉപേക്ഷിച്ച ഭരതന്‍ ഏറ്റവും ഉത്തമന്‍ തന്നെ. ശ്രീരാമലക്ഷ്ണന്മാരുടെ പതിനാലു വര്‍ഷത്തെ വനവാസക്കാലം മുഴുവന്‍ നന്ദിഗ്രാമത്തില്‍ എല്ലാ രാജ്യസുഖങ്ങളും ഉപേക്ഷിച്ച് ജ്യേഷ്ഠന്റെ പാദുകം പൂജിച്ച് കഴിഞ്ഞു ഭരതന്‍. ജ്യേഷ്ഠനായ രാവണന്റെ അധര്‍മം സഹിക്കാന്‍ കഴിയാതെ സ്വന്തം കുലത്തെ ഉപേക്ഷിച്ച് വിഭീഷണന്‍, ധര്‍മമായ ശ്രീരാമസ്വാമിയെ ശരണം പ്രാപിച്ചു.
ഒരു ഭക്തനുവേണ്ട ഏറ്റവും പ്രധാന ഗുണമായ ഭക്തി രാമായണത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ ഭക്തന്‍ എങ്ങനെയാണ് എന്ന് രാമായണം നമുക്കു കാട്ടിത്തരുന്നു. ശ്രീരാമസ്വാമിയുടെ ദാസനായ ഹനുമാന്‍ ഭക്തി, ദാസ്യമാണെന്നു തെളിയിക്കുന്നു. താണജാതിക്കാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഗുഹന്‍, ഭഗവാന്റെ ആലിംഗന മാത്രയില്‍ എത്ര ഉന്നതനായി. ഭക്തി എളിമയാണ്. കാലങ്ങളായി ശ്രീരാമസ്വാമിയെ കാത്തിരുന്ന ശബരി, എല്ലാം മറന്ന് എങ്ങനെയൊക്കെയോ ഭഗവാനെ പൂജിക്കുന്നു. ഭഗവാന് സ്ത്രീയെന്നോ പുരുഷനെന്നോ, അറിവുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ല. ശിലയുടെ കരുത്തോടെ ഭഗവാനെ തപസ്സ് ചെയ്ത അഹല്യ ഭക്തി നിഷ്ഠയാണെു കാണിക്കുന്നു. ഉടമ്പടി പ്രകാരം ഉണ്ടായ ബന്ധം, ഭക്തി സഖ്യമാണെന്നു സുഗ്രീവന്‍ പറയുന്നു. രാവണനും അനുജനും കുംഭകര്‍ണനും ശ്രീരാമ ഭക്തന്മാരാണ്. അവരുടെ ഭക്തി സായുജ്യമാണ്-മോക്ഷമാണ്. ലങ്ക ഉപേക്ഷിച്ച് ശ്രീരാമനില്‍ ശരണം പ്രാപിക്കുന്ന വിഭീഷണന്‍ ഭഗവാന്‍ ശരണാഗതവത്സലനാണെു തെളിയിക്കുന്നു. വാത്മീകി എന്ന ആചാര്യന്‍ ലോകകല്യാണത്തിനു വേണ്ടിയാണ് രാമായണം ചമച്ചിരിക്കുന്നത് എന്നു കാണാം.
ഭാരതം ലോകത്തിനു നല്‍കിയ മഹാ സംഭാവനകളിലൊന്നാണു രാമായണം എന്ന ഇതിഹാസ കാവ്യം. ആദി കവി ഗുരുവെന്നു വിശേഷിപ്പിക്കപ്പെടുന്ന വാത്മീകി മഹര്‍ഷിയുടെ തൂലികയില്‍ നിന്നു വാര്‍ന്നു വീണ രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത് ആദിമകാവ്യമായും അറിയപ്പെടുന്നു. ലോകത്ത് ധാര്‍മ്മിക മൂല്യങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകഥയാണ് രാമായണം പഠിപ്പിക്കുന്നത്. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി അച്ചന്റെ വാക്കു കേട്ട് സിംഹാസനം ഉപേക്ഷിച്ച് വനത്തിലേക്ക് ഗമിച്ച രാമന്‍, കൈയ്യില്‍ വന്ന അധികാരം വലിച്ചെറിയാന്‍ യാതൊരു മടിയും കാണിക്കാത്ത ഭരതന്‍, വനത്തിലേക്കു പോയ രാമനെ അനുഗമിച്ച് കൊട്ടാരവാസത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും വലിച്ചറിഞ്ഞ സീത, രാമനെ അനുഗമിക്കാന്‍ ഒരു മടിയും കാട്ടാത്ത ലക്ഷ്മണ്‍, ചോദ്യശരങ്ങള്‍കൊണ്ടു രാമനോടു കോര്‍ത്ത ബാലിയുടെ ഭാര്യയായ താര ഇങ്ങനെ നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകിരാമായണം ആവര്‍ത്തിച്ചു പറയുന്നത്. വാല്മീകിരാമായണത്തിനു മുമ്പേ തന്നെ രാമകഥയെ ആസ്പദമാക്കിയുള്ള ആഖ്യാനങ്ങള്‍ നിരവധി പ്രചാരത്തിലുണ്ടായിരുന്നുവത്രെ. എന്നാല്‍ ആ ആഖ്യാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീര്‍ന്നത്.
Content Highlights: ramayana srirama vaathmeeki
Published: 25 Nov 2024, 07:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented