
ഇക്കാലത്ത് മനസ്സ് എല്ലായ്പോഴും സമയത്താൽ കീഴ്‌പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു, സമയം കൊണ്ട് ബന്ധനസ്ഥമാക്കപ്പെട്ടിരിക്കുന്നു. എല്ലാവർക്കും എവിടെയെങ്കിലും എത്രയും പെട്ടെന്നെത്തണം. എല്ലാവരും തന്നെ ലക്ഷ്യോന്മുഖരാണ്. ഒരു ലക്ഷ്യമുണ്ടെങ്കിൽ, അത് ഇപ്പോൾത്തന്നെ സാധിച്ചെടുക്കണം. അവിടെ ഇപ്പോൾത്തന്നെ എത്തിച്ചേരണം. ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് ഈ നിമിഷം സ്വായത്തമാക്കണം. മാത്രവുമല്ല, ഇവയെല്ലാം തന്നെ മറ്റെല്ലാവരേക്കാളും മുൻപാകണം. വേഗതക്കു പിന്നാലെയുള്ള ഈ ഓട്ടത്തിൽ ക്ഷിപ്രവേഗമുള്ള (instant) സംഗതികളോടാണ് എല്ലാവർക്കും താല്പര്യം. വേഗതയെന്നത് വർദ്ധിച്ചതോടെ മനുഷ്യരെല്ലാവരും കൂടുതൽ അക്ഷമരായിത്തീർന്നിരിക്കുന്നു. സകലതും ഇപ്പോൾ ഈ നിമിഷം ലഭ്യമാകണമെന്നു വന്നിരിക്കുന്നു!
ഇതിന്, പക്ഷേ, മറ്റൊരു പാർശ്വഫലമുണ്ട്. ഭക്ഷണത്തെ നാം 'ഫാസ്റ്റ് ഫുഡ്' എന്ന് വിളിക്കുന്നു. വേഗതയോടുള്ള ഈ ഭ്രമം വിനിമയങ്ങളിലും വന്നതോടെ ആളുകൾ തീരെ ക്ഷമയില്ലാത്തവരായി. കാത്തിരിക്കുക എന്നത് ഒരുതരം ശിക്ഷയെന്നോണമാണ് കണക്കാക്കപ്പെടുന്നത്. ഈയൊരു മനോഭാവം, ആളുകൾക്ക് അവരുടെ ശാന്തിയും സമാധാനവും ഉറക്കവും നഷ്ടമാക്കിയിരിക്കുന്നു. ഇവക്കെല്ലാം ശാന്തമായ ഒരു മനസ്സ് ആവശ്യമാണ്; സ്വയം അതിൽത്തന്നെ ശാന്തമാവാൻ സാധിക്കുന്ന ഒരു മനസ്സ്.
ഓഷോ പറയുന്നു, 'എന്നിരുന്നാലും, ഈ അവസ്ഥയ്ക്ക് ഒരു പോസിറ്റീവ് വശമുള്ളതായി ഞാൻ കാണുന്നു. ആളുകൾക്ക് ഒരൊറ്റ നിമിഷം പോലും കാത്തുനില്ക്കാൻ സാധ്യമല്ല എന്നാൽ, അത് കാണിക്കുന്നത് അവർ ഓരോ നിമിഷത്തിനും അതീവ പ്രാധാന്യം നല്കുന്നു എന്നാണ്. ഓരോ നിമിഷത്തിനും നല്കിപ്പോരുന്ന പ്രാധാന്യത്തെ, ധ്യാനം പരിചയപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്താവുന്നതാണ്. എന്തെന്നാൽ ധ്യാനമെന്നാൽ ഈ നിമിഷത്തിൽ ജീവിക്കലാണ്; നിമിഷത്തിൽ നിന്നും നിമിഷത്തിലേക്ക് ജീവിക്കുന്നതിന്റെ കല.
ധ്യാനിയായിട്ടുള്ള ഒരാളും നിമിഷങ്ങൾക്ക് അതീവ പ്രാധാന്യം നല്കുന്നയാളാണ്. ഒരൊറ്റ വ്യത്യാസമുള്ളതെന്തെന്നാൽ, ധ്യാനിയായിട്ടുള്ള ആൾ, ഓരോ നിമിഷത്തേയും ഏറെ ആഴത്തിൽ ഇറങ്ങിച്ചെന്നനുഭവിക്കുന്നു. അതേസമയം ധൃതിപിടിച്ച് പായുന്ന ഒരാൾ ഓരോ നിമിഷത്തേയും അതിന്റെ ഉപരിതലത്തിൽ മാത്രമേ അനുഭവിച്ചറിയുന്നുള്ളൂ. അയാൾ ഒരു നിമിഷത്തിൽ നിന്നും അടുത്ത നിമിഷത്തിലേക്ക് ഒരു ഭ്രാന്തനെപ്പോലെ ചാടിക്കൊണ്ടിരിക്കുകയാണ്.
ഓഷോ ഈ അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയുണ്ടായി. ചില മെഡിറ്റേഷൻ ടെക്നിക്കുകളുണ്ട്, വളരെ പെട്ടെന്നുതന്നെ ഫലം നല്കുന്നവ. താഴെ കൊടുക്കുന്നവ ചില ഉദാഹരണങ്ങൾ മാത്രം.
-
ശ്വാസം വരുന്നതും പോകുന്നതും ശ്രദ്ധിക്കുക മാത്രം ചെയ്യുക. അതിന്റെ ഗതിവേഗത്തെ ഒട്ടും മാറ്റാതിരിക്കുക. നിങ്ങളതിനെ നിരീക്ഷിക്കുക മാത്രം ചെയ്യുക. നിങ്ങൾക്ക് അറിയാനാകും നിങ്ങളുടെ ശ്വാസം സാവധാനത്തിലാവുന്നത്. അതിനോടൊപ്പം നിങ്ങളുടെ മനസ്സ് ശാന്തമാവുന്നതും. നിങ്ങളിൽ സമാധാനം കൈവരുന്നത് അനുഭവിക്കാനാവും.
-
ഓർമ്മവരുമ്പോഴൊക്കെയും 'ഇപ്പോൾ ഇവിടെ' - ഈ നിമിഷത്തിലേക്ക്, ശ്രദ്ധ കൊണ്ടുവരിക. ഇടയ്ക്കെല്ലാം നിങ്ങളത് മറന്നെന്നിരിക്കും. അത് സാരമില്ല. പിന്നെയും ഓർമ്മ വരുമ്പോൾ, ഈ നിമിഷത്തിലേക്ക് തിരികെ വരിക.
-
നിങ്ങൾ ഒരിടത്ത് നില്ക്കുമ്പോൾ, നേരെ കേന്ദ്രബിന്ദുവിൽ നിലയുറപ്പിക്കുക. ഇടത്തോട്ടും ചായ്‌വില്ല, വലത്തോട്ടും ചായ്‌വില്ല. ആ നിമിഷത്തിലെ സമതുലിതാവസ്ഥയെ അനുഭവിച്ചറിയുക.
-
ഇടയ്ക്കൊരു ദിവസം ഒരു ടെലഗ്രാമിലേതു പോലെ അത്യാവശ്യം വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ട്, ആവശ്യത്തിന് മാത്രം സംസാരിക്കുക. അത്യാവശ്യം വാക്കുകൾ മാത്രം, ഏറിയാൽ ഒരു പത്തു വാക്കുകൾ. ഇതുവഴി ഒരുപാട് ഊർജ്ജത്തെ സംഭരിക്കാനാവും! അതിന്‍റെ സ്വാധീനം അത്ര നിസ്സാരമായിരിക്കില്ല!
Content Highlights: Feeling rushed? Discover how embracing the present moment and simple meditation techniques can bring you peace and tranquility. Learn to live in the now.
Published: 21 Feb 2026, 03:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented