
ലുധിയാനയിൽ, മഞ്ഞുകാലത്തെ ഒരു പ്രഭാതം, ഞാൻ ഒരു മെഡിറ്റേഷൻ ക്യാമ്പ് നയിക്കുകയായിരുന്നു. ജീവിതത്തിൽ എല്ലായ്‌പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ബോധപൂർവ്വം കാണുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിനെ അധികരിച്ചുള്ളതായിരുന്നു ഒരു ധ്യാനം. മാറ്റങ്ങളെ എളുപ്പം അനുഭവിക്കുന്നതിനായി ഞാൻ തിരഞ്ഞെടുത്തത്, തൊട്ടടുത്തുണ്ടായിരുന്ന നിറയെ റോസാപ്പൂക്കളുള്ള ഒരു പൂന്തോട്ടമായിരുന്നു. പല നിറത്തിലുള്ള പൂക്കളുണ്ടായിരുന്നു അവിടെ - പിങ്ക്, പർപ്പിൾ, മഞ്ഞ, വെള്ള എന്നിങ്ങനെ. അവ വലിയത്, ചെറിയത്, ഇടത്തരം എന്നിങ്ങനെ പല വലിപ്പത്തിലുമുള്ളവയായിരുന്നു. പലതും മൊട്ടുകൾ, ചിലവ പാതി വിടർന്നത്, മറ്റു ചിലവ മുഴുവനായും വിടർന്നത്, വേറെ ചിലവ പൊഴിയാൻ തുടങ്ങിയത്. ഇലകളും പല വിധത്തിലുള്ളവയായിരുന്നു. കടും പച്ച, ഇളം പച്ച തളിരുകൾ, പഴുത്തു മഞ്ഞച്ചവ, ഉണങ്ങി നരച്ച് വീഴാൻ തുടങ്ങിയവ.
ഗ്രൂപ്പിലുള്ള മുഴുവനാളുകളും തോട്ടം മുഴുവനും സാവധാനം ചുറ്റിനടന്നു, റോസാച്ചെടിയുടെ വളർച്ചയിലെ വിവിധ മാറ്റങ്ങളെ നിരീക്ഷിച്ചുകൊണ്ട്; ഇലകൾ മുതൽ പൊഴിയാൻ തുടങ്ങുന്ന ഇതളുകൾ വരെ. പ്രകൃതിയിലെ മാറ്റങ്ങളുടെ ഓരോ ഘട്ടവും നിങ്ങളുടെ തൊട്ടു മുൻപിലുണ്ട്, ഓരോ മാറ്റവും അതതു നിമിഷങ്ങളിൽ ഏറ്റവും അനുയോജ്യമായിരുന്നു എന്നോർമ്മിപ്പിച്ചുകൊണ്ട്. റോസാച്ചെടികളിലെ മാറ്റങ്ങളെ നിരീക്ഷിച്ചറിഞ്ഞതിനു ശേഷം, ആളുകൾ ഓരോത്തരും തങ്ങൾക്കു ചുറ്റിലുമുള്ള മറ്റാളുകൾ നിരീക്ഷിക്കാൻ തുടങ്ങി. എല്ലാവരും തന്നെ ഇതുപോലെയുള്ള മാറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയല്ലേ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്! ഏതു പ്രായത്തിലുള്ള മനുഷ്യരും - യുവാക്കളാകട്ടെ, മധ്യവയസ്‌കരാകട്ടെ, മരണാസന്നരായ വൃദ്ധജനങ്ങളാകട്ടെ, ഒരു ദിവസം എല്ലാവരും ഇവിടെ നിന്നും അപ്രത്യക്ഷരാവുക തന്നെ ചെയ്യും. ഓരോരുത്തരും മുഖാമുഖമായി നിന്ന് പരസ്പരം കണ്ണുകളിലേക്ക് നോക്കിനിന്നപ്പോൾ, നിഷേധിക്കാനാവാത്ത ഈ സത്യം അവരുടെ മുൻപിൽ പൊന്തിവന്നു. അവർക്കും ഈ റോസാച്ചെടികൾക്കും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?
അതിനുശേഷം എല്ലാവരും ആ തോട്ടത്തിൽ, റോസാച്ചെടികൾക്കിടയിൽ കണ്ണുകളടച്ച് ശാന്തരായി ഇരുന്നു. ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ പിന്നിട്ട മാറ്റത്തിന്റെ വിവിധ ഘട്ടങ്ങളെ ഓർത്തെടുക്കുകയായിരുന്നു: ബാല്യം, കൗമാരം, യൗവ്വനം, മധ്യവയസ്സ്, വാർധക്യം എന്നിങ്ങനെ. തങ്ങളുടെ ശരീരത്തിലും മനസ്സിലുമെല്ലാം സംഭവിച്ച നിരവധി മാറ്റങ്ങൾ. വിചാരങ്ങളിലും വികാരങ്ങളിലും കൈവന്ന മാറ്റങ്ങൾ. തങ്ങളുടെ സ്വപ്നങ്ങൾ പോലും മാറിപ്പോയിരിക്കുന്നു. സകല മാറ്റങ്ങളിലൂടേയും കടന്നുവന്നതിനുശേഷം ഇപ്പോൾ അവർ എത്തിനിന്നിരിക്കുന്ന തലം. ഒരു ദിവസം ഇതിനും മാറ്റം വരും, മറ്റെല്ലാവരേയും പോലെ താനും ഇവിടെ നിന്നും അപ്രത്യക്ഷമാവും, റോസിന്റെ ഇതളുകൾ പോലെ ഒരു ദിവസം വെറുതെയങ്ങു കൊഴിഞ്ഞുവീഴും. അടച്ചുപിടിച്ചിരുന്ന കുറേ കൺപോളകൾക്കടിയിലൂടെ ഒരുപാട് കണ്ണുനീർ കവിളുകളിലൂടെ ഒഴുകിയിറങ്ങി.
ഉള്ളിനുള്ളിൽ ചില പരിണാമങ്ങൾ സംഭവിച്ചിരിക്കുന്നു. ചില ബോധ്യങ്ങൾ ഉദയംചെയ്തിരിക്കുന്നു. അതിനോടൊപ്പം ഒരു വലിയ സ്വീകാരവും. ജീവിതത്തിന്റെ പ്രകൃതം/ധർമ്മം, മാറ്റമാണെങ്കിൽ എന്തുകൊണ്ടതിനെ സ്വീകരിച്ചുകൂടാ? ആ മെഡിറ്റേഷൻ അവസാനിച്ചതിന് ശേഷം, മധ്യവയസ്സ് കഴിഞ്ഞ, സിഖുകാരനായ ഒരു ബിസിനസുകാരൻ എന്നെ സമീപിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ തൊട്ടു മുൻപ് കടന്നുപോയ വൈകാരിക അനുഭവങ്ങളുടെ തിരുശേഷിപ്പുകളുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകളിൽ സൂക്ഷ്മമായ ചില വികാരങ്ങളുടെ പ്രതിബിംബങ്ങൾ തിളങ്ങിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു, 'ഈ ധ്യാനം എന്റെ കണ്ണ് തുറപ്പിച്ചു. ഞാൻ എല്ലായ്‌പോഴും മാറ്റങ്ങൾക്ക് എതിരുനിന്നവനായിരുന്നു- ജോലിസ്ഥലത്തായാലും വീട്ടിലായാലും. എല്ലാ മാറ്റങ്ങളും എന്റെ തീരുമാനങ്ങളെ വെല്ലു വിളിക്കുന്നതായാണ് എനിക്ക് തോന്നിയത്, ഞാൻ തോറ്റുപോകുന്നതുപോലെ. ഇതുകൊണ്ടൊക്കെത്തന്നെ ഞാൻ എന്നെത്തന്നെ അടച്ചുപൂട്ടി വെച്ചിരിക്കുകയായിരുന്നു. ആളുകൾ എന്നെ അവഗണിച്ചു. ഇന്ന് പക്ഷേ ആദ്യമായി എനിക്ക് കാണാൻ സാധിച്ചു, എനിക്കകത്തും പുറത്തും മാറ്റങ്ങൾ സംഭവിക്കുന്നത്, മാത്രവുമല്ല അവയെന്നെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു. എനിക്ക് മനസ്സിലായി, മാറ്റങ്ങളെ എതിർക്കുന്നതിലൂടെ ഞാൻ ജീവിതത്തെത്തന്നെയാണ് എതിർത്തിരുന്നതെന്ന്.'
ഈ സംഭാഷണം ലളിതമായ ഒരു സത്യത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നു: 'ജീവിക്കുകയെന്നാൽ മാറ്റങ്ങൾക്കു വിധേയമാവുക എന്നാണ് അർത്ഥ'മെന്ന് നാം തിരിച്ചറിയുകയാണെങ്കിൽ, നമുക്ക് ജീവിതത്തിൽ വിശ്രാന്തിയനുഭവിക്കാൻ സാധിക്കും, ജീവിതത്തോടൊപ്പം ഒഴുകിനീങ്ങാനും.
Content Highlights: Discover-profound-insights-on-accepting-life`s-constant-transformations-through-a-transformative-meditation-experience-in-a-vibrant-rose-garden.
Published: 18 Feb 2026, 11:51 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented