ഒരു വഴിക്ക് പോകാനിറങ്ങുമ്പോൾ കുറച്ച് സഹായമായിക്കോട്ടേ എന്നുവിചാരിച്ചാണ് പലരും ​ഗൂ​ഗിൾ മാപ്പിനെ ആശ്രയിക്കാറുള്ളത്. പക്ഷേ തന്നെ അത്രകണ്ട് അങ്ങോട്ട് വിശ്വസിക്കേണ്ടതില്ലെന്നും പണി തരാൻ ഒട്ടും മോശമല്ല ​താനെന്നും പലയാവർത്തി തെളിയിച്ചിട്ടുള്ളതാണ് ​ഗൂ​ഗിൾ മാപ്പ്. അതി​ഗംഭീരാനുഭവമായിത്തീരേണ്ടിയിരുന്ന ഒരു യാത്ര ​ഗൂ​ഗിൾ മാപ്പ് കാരണം താറുമാറായ കഥയാണ് രണ്ട് ഫ്രഞ്ച് സൈക്ലിസ്റ്റുകൾക്ക് പറയാനുള്ളത്. 

To advertise here,

ബ്രയാൻ ജാക്ക്സ് ​ഗിൽബർട്ട്, സെബാസ്റ്റ്യൻ ഫ്രാൻകോയിസ് ​ഗബ്രിയേൽ എന്നിവർക്കാണ് ​ഗൂ​ഗിൾ മാപ്പ് കാരണം ദുരനുഭവമുണ്ടായത്. ജനുവരി ഏഴിനാണ് ഇരുവരും ഡൽഹിയിലെത്തിയത്. ഡൽഹിയിൽനിന്ന് കാഠ്മണ്ഡുവിലേക്കായിരുന്നു ഇരുവരുടേയും സൈക്കിൾ യാത്ര. പിലിഭിത്തിലെത്തിയശേഷം താനക്പുർ വഴി കാഠ്മണ്ഡുവിലെത്താനായിരുന്നു ഇവരുടെ പദ്ധതി. ​ഗൂ​ഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രാമധ്യേ ബറേലിയിലെ ബഹേരിവഴി പോകാനുള്ള ഒരു എളുപ്പവഴി ​ഗൂ​ഗിൾ മാപ്പിൽ തെളിഞ്ഞു. ഇത് പിന്തുടർന്ന് പോയ ഇരുവരും എത്തിച്ചേർന്നതാകട്ടെ ചുരൈലി ഡാമിന് സമീപത്തും.

അപ്പോഴേക്കും രാത്രി 11 മണിയായിരുന്നു. ഈ സമയത്ത് രണ്ട് വിദേശികൾ വിജനമായ റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ട ചില നാട്ടുകാർ ഇവരെ സമീപിച്ച് കാര്യമന്വേഷിച്ചു. പക്ഷേ ഭാഷ അവിടെയൊരു തടസമായി. കൂടുതൽ പ്രശ്നങ്ങളുണ്ടാവേണ്ട എന്നുകരുതി നാട്ടുകാർ ഇവരെ ചുരൈലി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇരുവരേയും ​ഗ്രാമമുഖ്യന്റെ വസതിയിൽ താമസിപ്പിച്ചു.

എസ്.പി അനുരാ​ഗ് ആര്യ ഈ സംഭവത്തെക്കുറിച്ച് അറിയാനിടയായി. രണ്ട് സൈക്ലിസ്റ്റുകളുമായും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഇരുവർക്കും പോകേണ്ട വഴി കൃത്യമായി പറഞ്ഞുകൊടുക്കാൻ പോലീസിനോട് നിർദേശിച്ചു. ഇതനുസരിച്ച് ബ്രയാനും സെബാസ്റ്റ്യനും യാത്ര തുടരുകയായിരുന്നു.