പളനിസ്വാമിയുടെ ക്യാമറയിൽ പതിഞ്ഞതത്രയും സുന്ദരമായ കാഴ്ചകളല്ല. മനോഹരങ്ങളായ മുഖങ്ങളുമല്ല. പളനിസ്വാമി പകർത്തിയ കാഴ്ചകൾ മനസ് മടുപ്പിച്ചേക്കാം. ആ ചിത്രങ്ങൾ കണ്ട് മുഖം തിരിച്ചേക്കാം. ആ മുഖങ്ങൾ മനംപുരട്ടൽ ഉളവാക്കിയേക്കാം. പക്ഷേ, ആ കാഴ്ചകളിൽ ജീവിതമുണ്ട്. ചെളിയും മലവും പുരണ്ട, കണ്ണീർചാലിട്ട ജീവിതങ്ങൾ.
ഏഴ് വർഷം മുൻപ് ക്യാമറയേന്തി പളനിസ്വാമി പോയത് മറ്റുള്ളവരെ പോലെ കാടും മലയും തേടിയല്ല. പൊട്ടിയ സെപ്റ്റിക് ടാങ്കുകളിലും അഴുകിയ ഓടകളിലും ജീവിതം ഹോമിക്കുന്നവരെ തേടിയാണ്. അന്ന് പളനിയെ വരവേറ്റത് പൂച്ചെണ്ടുകളല്ല, അവരെ ഈ തൊഴിലിൽ തളച്ചിടുന്ന ജാതിവ്യവസ്ഥയും അരക്ഷിതാവസ്ഥയും അതിന്റെ കറുത്ത ലോകവുമായിരുന്നു. ക്യാമറയിലൂടെ താൻ കണ്ട, പകർത്തിയ, മനസിൽ മുറിപ്പാട് സൃഷ്ടിച്ച ആ ജീവിതങ്ങളെ കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുകയാണ് പളനികുമാർ
ശുചീകരണം തൊഴിലാളികളുടെ ജീവിതത്തെ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയത് എന്നു മുതലാണ്?
ശുചീകരണ തൊഴിലാളികളെ കുറിച്ച് ചെയ്ത കക്കൂസ് എന്ന ഡോക്യൂമെന്ററിയുടെ ഛായാഗ്രാഹകന്‍ ഞാനായിരുന്നു. ഈ വിഭാഗത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്രൂരതയും അരക്ഷിതാവസ്ഥയും നേരിട്ട് മനസിലാക്കിയ സമയമായിരുന്നു അത്. അന്നുവരെ തോട്ടിപ്പണിയെന്ന മാനുവല്‍ സ്‌കാവഞ്ചിങ് എന്ന വാക്ക് പോലും അറിയില്ലായിരുന്നു. എന്നാല്‍, ആ ഡോക്യൂമെന്ററി എന്നെ രാഷ്ട്രീയമായി ഉദ്‌ബോധിപ്പിച്ചുവെന്ന് വേണം പറയാന്‍. ഡോക്യുമെന്റിക്ക് ശേഷവും അവരുടെ ജീവിതം എന്നില്‍നിന്ന് വിട്ടുപോയിരുന്നില്ല. പിന്നീട് അവരെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പുറത്തുകൊണ്ടുവരാനായി എന്റെ പ്രാഫഷന്‍ തിരഞ്ഞെടുക്കണമെന്ന് ഉറപ്പിച്ചു.
ശക്തമായൊരു പൊളിറ്റിക്കല്‍ ഐഡിയോളജി രൂപപ്പെട്ടത് ആ ചിത്രത്തിന് ശേഷമാണ്. ഈ സമൂഹത്തിന്റെ ക്രൂരമായി തരംതിരിവുകളും ദളിത് സമൂഹം നേരിടുന്ന വിവേചനങ്ങളെ പറ്റിയും നേരിട്ടറിയാനായി സാധിച്ചു. സമുഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കുള്ള തൊഴില്‍ വരെ നിശ്ചയിച്ചു നല്‍കുന്ന ഒരു പ്രക്രിയയുണ്ടല്ലോ, അതിനെ നേരിട്ട് കാണാനായി സാധിച്ചു. ദളിത് പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള കരിയര്‍ വേണമെന്ന് അന്ന് മനസിലുറപ്പിച്ചു. പുറമേ നിന്ന് കാണുന്നതിനെക്കാളും ആഴത്തില്‍ വേരൂന്നിയ സാമൂഹിക വിവേചനങ്ങളാണ് അവര്‍ നേരിടുന്നത്. എനിക്ക് അറിയാവുന്നത് ഫോട്ടോഗ്രാഫിയാണ്. അതിലൂടെ പോരാടണം; അതു മാത്രമായിരുന്നു ചിന്ത
ശുചീകരണ തൊഴിലാളികളുടെ ശവസംസ്‌ക്കാരച്ചടങ്ങുകളുടെ ഫോട്ടോകള്‍ ഡോക്യുമെന്റെ ചെയ്യുന്നുണ്ടല്ലോ
കക്കൂസ് എന്ന ഡോക്യുമെന്ററിയുടെ ആദ്യദിവസം തന്നെ മാന്‍ഹോളില്‍ മരണപ്പെട്ട തൊഴിലാളി മരണാനന്തരചടങ്ങുകളാണ് ചിത്രീകരിച്ചത്. അന്നവിടെ കണ്ട മുഖങ്ങളില്‍ അടിച്ചമര്‍ത്തലിന്റെയും നിസഹായതയുടെയും വേദന വ്യക്തമായിരുന്നു. ആ കാലഘട്ടത്തിലാണ് കടലൂരില്‍ മൂന്ന് തൊഴിലാളികള്‍ ഒരുമിച്ച് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. ഒരോ മരണവും കുടുംബത്തിനെ എങ്ങനെ ബാധിക്കുന്നു. കുട്ടികള്‍ അതിനെ എങ്ങനെ നോക്കികാണുന്നുവെന്ന് ഫോട്ടോയില്‍ പകര്‍ത്തണമെന്ന് വിചാരിച്ചിരുന്നു. മറക്കാനാവാത്ത ഫോട്ടോ സന്ദർഭങ്ങൾ ഏതെന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി മറുപടിയില്ല. കാരണം ഓരോ മരണങ്ങളിലും വേദനകളുടെ വേറിട്ട ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്.എന്റെ മിക്ക ഫോട്ടോകളിലും കുഞ്ഞുങ്ങള്‍ സ്വന്തം അച്ഛന്റെ മൃതദേഹത്തെ ദയനീയമായി നോക്കുന്നത് കാണാം. അവരുടെ അനിശ്ചിതാവസ്ഥ വിവരണങ്ങൾക്ക് അപ്പുറമാണ്
ഒരോ മരണവീടുകളും എത്തിപ്പെടാനായി ഞാന്‍ ശ്രമിക്കും. അവിടെയിരിക്കും, ഒരോരുത്തരുടെയും വിഷമങ്ങള്‍ അറിയാനായി ശ്രമിക്കും. അപ്പോള്‍ ഞാന്‍ അവരിലൊരുവനാണ്. മരണത്തിന്റെ തണുപ്പും ശൂന്യതയും നേരിട്ട് മനസിലാക്കാനായി ശ്രമിക്കും.
ഇവിടെ ഇപ്പോഴും ഓടകള്‍ വൃത്തിയാക്കുമ്പോള്‍ ആളുകള്‍ അപകടത്തില്‍ പെട്ട് മരിക്കുന്നത് പതിവാണ്. കഴിഞ്ഞ് എഴ് വര്‍ഷമായി ശുചീകരണ തൊഴിൽ ചെയ്യുന്നവരുടെ മരണങ്ങള്‍ ഡോക്യുമെന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് വെറുമൊരു മരണമായി കാണാനാവില്ല നമ്മുടെ സമൂഹം തന്നെ പുറംതള്ളുന്ന മാലിന്യങ്ങള്‍ വ്യത്തിയാക്കുന്നതിനിടിയില്‍ ആ അഴുക്കിന്റെ ചെളിയില്‍ കിടന്നുള്ള മരണമാണ്. അവിടെ വലിയൊരു നീതിനിഷേധമാണ് നടക്കുന്നത്.
വാര്‍ത്തകളില്‍ മാത്രം ഒതുങ്ങിപ്പോവുന്ന ഇവരുടെ പിന്നീടുള്ള ജീവിതവും വ്യത്യസ്തമല്ല. വീട്ടിലേക്ക് അന്നമെത്തിക്കുന്ന ഒരാള്‍ മരിച്ചാല്‍ വീട്ടിലെ അടുത്ത അംഗം ആ പണിക്ക് ഇറങ്ങും. മാന്‍ഹോളില്‍ അപകടത്തില്‍പെട്ട് മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കും എന്നാല്‍, ആ പണം കിട്ടാനായി അതിന് പിന്നാലെ നടക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ട്. ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടന്നവര്‍ ഈ പണം കിട്ടാനായി അലയേണ്ടി വരും. ഇതിന് പിന്നാലെ നടക്കാനുള്ള വണ്ടികൂലി. പണി കളഞ്ഞ് പിന്നാലെ നടന്നാൽ ഇവർക്ക് ആര് അന്നത്തിനുള്ള പണം നൽകും.അവര്‍ക്ക് എത്ര പണം നല്‍കിയാലും ഈ മരണപ്പെട്ടവര്‍ക്ക് തുല്യമാവുമോ? അവര്‍ മരിക്കുമ്പോഴുണ്ടാവുന്ന മാനസികവും സാമുഹികവുമായ ശൂന്യതയെ എങ്ങനെ നികത്താനാണ്. ഒരോ മരണങ്ങളും എനിക്കുള്ളില്‍ വലിയ വേദന തന്നെയാണുണ്ടാക്കുന്നത്. എന്നാല്‍, എനിക്ക് ഈ തൊഴില്‍ തുടരണം. ഇത് എന്റെ കടമയാണ്.
അരികുവത്കരിക്കപ്പെട്ട കുടുംബാന്തരീക്ഷത്തില്‍നിന്ന് വരുന്ന താങ്കള്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നേരിട്ടുണ്ടോ?
നിരവധി വിവേചനങ്ങള്‍ നേരിട്ടു കൊണ്ടുതന്നെയാണ് ഞാനും വളര്‍ന്നു വന്നത് എന്നാല്‍, അത് വിവേചനമാണെന്ന് പോലും എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. അത്തരത്തിലാണ് ഈ സമൂഹം ദളിത് സമൂഹത്തെ വാര്‍ത്തെടുത്തിരിക്കുന്നത് നിങ്ങളിത് അനുഭവിക്കേണ്ടതാണെന്ന ബോധം അവര്‍ പോലും അറിയാതെ അവരുടെ മനസിലേക്ക് കുത്തിവെയ്ക്കും. പിന്നീട് രാഷ്ട്രീയബോധം വന്ന ശേഷമാണ് ഈ വിവേചനങ്ങളെ കുറിച്ച് മനസിലാക്കുന്നത്
ഫോട്ടോഗ്രാഫിയിൽ ഇവയെല്ലാമായിരുന്നുവോ ആദ്യകാലത്തെ സ്വാധീനം?
മധുരയിലെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. കോളേജ് കാലം മുതല്‍ തന്നെ ഞാന്‍ ഫോട്ടോഗ്രാഫി ആരംഭിച്ചിരുന്നു. എന്റെ ഫോട്ടോഗ്രാഫി ജീവിതത്തിന്റെ തുടക്കം അമ്മയില്‍നിന്നാണ്. ഞാന്‍ ആദ്യമായെടുത്ത ഫോട്ടോ അവരുടേതായിരുന്നു. അമ്മയുടെ ചിത്രം എത്ര എങ്ങനെ വേണമെങ്കിലും എടുക്കാമല്ലോ. ഞാനൊരു വലിയ ഫോട്ടോഗ്രാഫറാവണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു.കഷ്ടപ്പാടുകള്‍ക്കിടയിലും തലയുര്‍ത്തി ജീവിക്കാന്‍ എന്നെ പഠിപ്പിച്ചത് അവരായിരുന്നു. സാധാരണ കൂലിവേലയെടുക്കുന്ന സ്ത്രീയാണ് എന്റെ അമ്മ. അങ്ങനെ അമ്മയുടെ ചിത്രങ്ങളെടുത്ത് അമ്മയുടെ ചുറ്റുമുള്ള ശക്തരായി സ്ത്രീകളെയും ശ്രദ്ധിക്കാനായി ആരംഭിച്ചു.വര്‍ക്കിങ്ങ് ക്ലാസ് സ്ത്രീകളാണ് എന്റെ ആദ്യകാല ചിത്രങ്ങൾ. ഇന്നും ഞാനെടുക്കുന്ന എല്ലാം ചിത്രങ്ങള്‍ക്ക് പിന്നിലും എന്റെ അമ്മയുടെ ജീവിതമാണ് സ്വാധീനം ചെലുത്തിയിരിക്കുന്നത്. ഇന്നത്തെ എന്നിലേക്ക് എത്തിയതിന് പിന്നില്‍ എന്റെ അമ്മയാണ് കാരണം.
ഈ കാലഘട്ടത്തില്‍ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും തരത്തില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടായിട്ടുണ്ടോ?
സാമൂഹിക അന്തരിക്ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല എല്ലാം പഴയപടി തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ സമൂഹത്തില്‍ ജാതിയാല്‍ നേരിടേണ്ടി വരുന്ന സാമൂഹിക അരക്ഷിതാവസ്ഥ വളരെ വ്യക്തമാണ്. തോട്ടിപ്പണിക്കിടയിൽ മരണം നടക്കുന്നത് പതിവാണ്. സര്‍ക്കാര്‍ പറയുന്നത് അടുത്തൊന്നും മരണം നടന്നിട്ടില്ലെന്ന് പക്ഷേ എന്റെ കൈയില്‍ കൃത്യമായ രേഖകളുണ്ട്. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍, നിലവിലുള്ള പദ്ധതികള്‍ നടപ്പാകുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നില്ല. അതു കൊണ്ട് തന്നെ കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സുവര്‍ണ്ണ പദ്ധതികളായി ഇവയെല്ലാം മാറുകയാണ് പതിവ്. തൊഴിലാളി സംഘടനകള്‍ നിരവധിയുണ്ട് അവയ്‌ക്കെല്ലാം അധികാര ശ്യംഖലയില്‍ വലിയ സ്ഥാനമൊന്നും നല്‍കാറില്ല. അവര്‍ കഴിവിന്റെ ശ്രമിക്കുന്നുണ്ട്. പക്ഷേ, പരിമിതികൾ വളരെ വലുതാണ്.
ഞാൻ സന്തോഷത്തോടെ കാണുന്ന ഒരു കാര്യമെന്തെന്നാൽ, ഈ വിഷയത്തെ കുറിച്ച് പൊതുഇടങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ ആരംഭിച്ചു. കുറച്ചു പേരെങ്കിലും ഇതിനെയെല്ലാം അനുതാപത്തോടെ കാണാനായി ആരംഭിച്ചു. അത്തരത്തില്‍ ഈ വിഷയത്തെ അഡ്രസ് ചെയ്യുന്നത് തന്നെ വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഈ വിഷയം സംസാരിക്കാന്‍ അറപ്പും വെറുപ്പും ഉണ്ടായിരുന്ന കാലത്തുനിന്നാണ് ഇത്തരത്തിലൊരു പുരോഗതിയുണ്ടാവുന്നതെന്ന് ഓര്‍ക്കണം.ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനായി ഞാനൊരു കാരണമായി മാറുന്നുവെന്ന് അറിയുന്നത് വളരെയധികം അഭിമാനം തോന്നുന്ന കാര്യമാണ്.
ഫോട്ടോയൊടുക്കാനായി പോവുമ്പോള്‍ തൊഴിലാളികളുടെ സമീപനം എങ്ങനെയാണ്?
ഞാനെടുക്കുന്ന ഫോട്ടോകളെല്ലാം തന്നെ അവരുടെ അനുമതിയോടെ എടുക്കുന്നതാണ്. അതിലെ സന്ദര്‍ഭങ്ങള്‍ സ്വാഭാവികമായി ലഭിക്കാന്‍ അവര്‍ക്കൊപ്പം നിന്ന് കാന്‍ഡിഡായി എടുക്കുന്നു. പെട്ടെന്ന് പോയി ഫോട്ടെയെടുക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല കാരണം ഞാന്‍ വെറുമൊരു ഫോട്ടോഗ്രാഫറല്ല. അവര്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുകൊണ്ടാണ് എന്റെ ജോലി. പരിചയപ്പെട്ട് അവരോട് അടുപ്പം സ്ഥാപിച്ചാണ് ഫോട്ടോകളെടുക്കുന്നത് . അവര്‍ക്കിടയിലെ ആളായി മാറിയാല്‍ സ്വാഭാവികതയുള്ള ചിത്രങ്ങളെടുക്കാന്‍ വലിയ പ്രയാസമില്ല.ഞാന്‍ എന്തിന് ഇത് ചെയ്യുന്നുവെന്ന് അവര്‍ക്ക് വ്യക്തമാണ്. എനിക്കും അവര്‍ക്കുമിടിയില്‍ ശക്തമായൊരു അടുപ്പമുണ്ട്. ഫോട്ടോഗ്രാഫിയില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കേണ്ടത് വലിയ ഉത്തരവാദിത്ത്വമാണ്.
ഇത്തരത്തിലുള്ള സമീപനങ്ങളായതു കൊണ്ട് തന്നെ അവര്‍ക്കിടയിലെ ഓരോ കാര്യങ്ങളുടെയും നിജസ്ഥിതി അടുത്തറിയാനായി സാധിക്കാറുണ്ട്. വെറുതെ ഫോട്ടോകളെടുത്ത് മടങ്ങാറില്ല അവരോട് സംസാരിച്ച്, പ്രശ്‌നങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കി മാത്രമേ അവിടെനിന്ന് യാത്ര തിരിക്കാറുള്ളു.അവരുടെ ജീവിതരീതിയെ പറ്റി മനസിലാക്കാനും സാധിച്ചു. ജാതി അടിസ്ഥാനത്തില്‍ ജോലികള്‍ മനുഷ്യരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഭീകരതയും മനസിലാക്കാനായി.
കോവിഡ് കാലഘട്ടത്തില്‍ ഈ തൊഴിലാളികളുടെ ജീവിതം എങ്ങനെയായിരുന്നു?
കോവിഡ് കാലഘട്ടത്തില്‍ സാനിറ്റേഷന്‍ തൊഴിലാളികളെ ഫ്രണ്ട്‌ലൈന്‍ വര്‍ക്കേര്‍സായി കണ്ടിരുന്നു. മുന്‍നിരപോരാളികളായി കണക്കാക്കുന്ന ആരോഗ്യപ്രവര്‍ത്തകരും പോലീസ് തുടങ്ങിയവര്‍ക്കെല്ലാം സ്ഥിരം തൊഴിലുള്ളപ്പോള്‍. തുച്ഛവരുമാനത്തില്‍ താത്കാലിക തൊഴില്‍ ചെയ്യുന്നവരാണ് ഈ തൊഴിലാളികള്‍. കോര്‍പ്പറേഷന്‍ തലത്തില്‍ ഇപ്പോള്‍ കയറുന്ന തൊഴിലാളികളെല്ലാം തന്നെ കോണ്‍ട്രോക്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. അതു കൊണ്ട് തന്നെ ശമ്പളവും ആനുകൂല്യങ്ങളും വളരെ കുറവാണ്.സാമ്പത്തികമായോ സാമൂഹികമായോ ഇവര്‍ക്ക് വലിയ ഗുണങ്ങളുണ്ടായോ എന്നത് സംശയമാണ്. കോവിഡിന് ശേഷം കാര്യങ്ങള്‍ വീണ്ടും പഴയപടിയായി. കോവിഡ് കാലഘട്ടത്തിന് ശേഷം തൊഴിലാളികള്‍ അവകാശ സമരം ചെയ്തിരുന്നു ആരും അവരെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.സമരം മുന്നോട്ട് പോയാൽ വീട്ടിൽ അടുപ്പ് പുകയാത്തത് കൊണ്ട് അവർ അതു നിർത്തിപ്പോയി.
വേദനാജനകമായ ചിത്രങ്ങളെടുക്കുമ്പോൾ മാനസികാവസ്ഥ എങ്ങനെയാണ്
തുടക്കകാലത്ത് അവര്‍ക്കിടിയില്‍ ചിത്രങ്ങളെടുക്കുന്നത് വളരെ വേദനാജനകമായിരുന്നു. മാനസികമായി തകര്‍ന്നുപോവുന്നു സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഇന്നും അതേ മാനസികാവസ്ഥ തന്നെയാണെങ്കിലും എന്റെ ലക്ഷ്യങ്ങള്‍ എന്നെ പിന്നോട്ട് നടത്തുന്നില്ല. ഒരോ മരണവും ഡോക്യുമെന്റ് ചെയ്യുമ്പോഴും ഇനിയൊരു മരണ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് തന്നെ പറയും എന്നാല്‍ അത് സാധിക്കില്ല. ഇവിടെ മാന്‍ഹോള്‍ മരണങ്ങള്‍ തുടര്‍സംഭവങ്ങളാണ്. മരണങ്ങള്‍ വരുമ്പോള്‍ കുറച്ചു ചര്‍ച്ചകള്‍ വരും. പിന്നീട് എല്ലാവരും ഇത് മറന്നുപോവും. ഇതെല്ലാവരും കാണേണ്ടതാണ്. നമുക്ക് ചുറ്റും അഴുക്കില്‍ ശ്വാസംമുട്ടി ജീവിക്കുന്ന ഒരുകൂട്ടരുണ്ടെന്ന് അറിയണം.
തൊഴിലാളികളുടെ മക്കളുടെ ജീവിതം എങ്ങനെയാണ്?
ശുചീകരണ തൊഴിലാളികളുടെ കുട്ടികളുടെ ജീവിതം വലിയൊരു ചോദ്യചിഹ്നമാണ്. ഇത്തരം തൊഴിലാളിയുടെ മക്കൾ, താഴ്ന്ന ജാതി തുടങ്ങി നിരവധി ക്രൂരമായ വിവേചനങ്ങളാണ് ഇവര്‍ നേരിടുന്നത്. ഇതില്‍ നിന്നൊരു മോചനം അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് അവരുടെ ചുറ്റുപാടുകള്‍ കൂടെ നില്‍ക്കില്ല. കോവിഡ് കാലഘട്ടത്തില്‍ നിരവധി കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഒഴിവാക്കി. ക്രൂരമായ വിവേചനമാണ് ഇവർ സ്കൂളുകളിൽ നിന്ന് നേരിടുന്നത്. ഇതെല്ലാം മറികടന്ന് പുറത്തെത്തിയാലും സമൂഹത്തില്‍ നല്ലൊരു നിലനില്‍പ്പ് ലഭിക്കുന്നവര്‍ വളരെ ചുരുക്കമാണ്.
സംവരണം എന്തിന് എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്
കൂടെയുള്ള മനുഷ്യരെ തനിക്കൊപ്പമെത്തിക്കേണ്ടതും അവര്‍ക്കും തുല്യമായ ഇടങ്ങള്‍ ഒരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്ത്വമാണ്. ഭരണകൂടത്തിന്റെ കര്‍ത്തവ്യവുമാണ് അതിനാല്‍ തന്നെ സംവരണം അത്യാവശ്യമാണ്. സംവരണം എന്തിന് എന്ന് ചോദിക്കുന്നവര്‍ ഇവരുടെ കോളനികളിലേക്ക് എത്തിനോക്കാത്തവരാണ്. ജാതിപീഡനങ്ങള്‍ സത്യമാണ്. കൂടെ പഠിക്കുന്ന കുട്ടിയേയും അവന്റെ സഹോദരിയെയും വീട്ടില്‍ കയറി അരിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തിയ വാര്‍ത്ത വായിച്ചിരിക്കുമല്ലോ. കൂടെ പഠിക്കുന്ന കുട്ടിയുടെ നേര്‍ക്ക് ജാതിയുടെ പേരില്‍ അരിവാള്‍ വീശണമെങ്കില്‍ അവന്റെയുള്ളില്‍ ആഴത്തില്‍ വേരുന്നിയ ജാതിചിന്ത എത്ര ക്രൂരമായിരിക്കും. 'മാമന്നനി'ലെ ഫഹദ് ഫാസിലിന്റെ നെഗറ്റീവ് കഥാപാത്രത്തെ വാഴ്ത്തിപ്പാടുന്നതും ഈ ജാതിവെറിയുടെ വികൃതമായ മുഖമാണ്. തുല്യത ആരുടെയും ഔദാര്യമല്ല; അത് അവകാശമാണ്
മാന്‍ഹോളിലെയും സെപ്റ്റിക്ക് ടാങ്കിലെയും അഴുക്കില്‍ മുങ്ങി വൃത്തിയാക്കുന്നത് അവന്‍ ആഗ്രഹിച്ചിട്ടല്ല സമൂഹം ജാതിയുടെ പേരില്‍ അവനെ നിര്‍ബന്ധിതമാക്കുന്നത്. ഈ പണി ചെയ്തില്ലെങ്കില്‍ വേറെ ആരു ചെയ്യുമെന്ന് ചോദിക്കുന്നവരോട് .... നമ്മളെല്ലാവരും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളാണ് ഇവര്‍ വൃത്തിയാക്കുന്നത്. അതിനുള്ള വില ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നത് വലിയ ചോദ്യമാണ്. മാന്‍ഹോള്‍, സീവേജ് ക്ലീനിങ്ങ് തുടങ്ങി അപകടകരമായി ശുചീകരണ തൊഴിലുകള്‍ക്ക് എന്തുകൊണ്ട് യന്ത്രവൽകൃത ബദല്‍ എന്തുകൊണ്ട് ഈ ഭരണകൂടം കൊണ്ടുവരുന്നില്ല? ഇത്തരം അവകാശലംഘനങ്ങള്‍ മാറി വരുന്ന ഭരണകൂടങ്ങളുടെ ശ്രദ്ധയില്‍ പോലും വരുന്നില്ല.
മറ്റ് ഫോട്ടോഗ്രാഫി മേഖലകളെ കണക്കിലെടുക്കുമ്പോള്‍ സാമ്പത്തികമായി വലിയ ലാഭം ലഭിക്കാത്ത ഈ മേഖലയില്‍ എങ്ങനെയാണ് നിലനില്‍ക്കുന്നത്?
സാമ്പത്തികമായി ആദ്യകാലങ്ങളില്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ഞാനൊരു മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയത്തും ഈ മേഖലയില്‍നിന്ന് മാറിപ്പോകണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.സിനിമ അല്ലെങ്കില്‍ വിവാഹ ഷൂട്ടുകള്‍ തുടങ്ങി നിരവധി മുഖ്യധാര മേഖലയില്‍ നിന്നാല്‍ നല്ലൊരു വരുമാനം ലഭിക്കും. പക്ഷേ, ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് എന്റെ രാഷ്ട്രീയമായ കടമയാണ്. അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ആരെങ്കിലും വേണ്ടേ? നേരത്തേ പറഞ്ഞ ജോലികള്‍ ചെയ്യാന്‍ ആയിരം ആളുകളുണ്ടാവും, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പറയാന്‍ ആളുകള്‍ നന്നെ കുറവാണ്. അംബദ്ക്കറും പെരിയാറും പണം നോക്കി മാത്രം ജീവിച്ചിരുന്നെങ്കിലോ..! സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും ചിലര്‍ വേണം. എന്റെ ആയുധം ഈ ക്യാമറയാണ്. ഇതു കൊണ്ട് നിരവധി കാര്യങ്ങള്‍ ചെയ്യാനായി സാധിക്കും
അംബദ്ക്കറും പെരിയാറും ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാനം വരെയും അവര്‍ പോരാടി. അതുപോലെയുള്ള പോരാട്ടം തന്നെയാണ് ഞാനും ചെയ്യുന്നത്. ഒറ്റദിവസം കൊണ്ട് ഇതൊന്നും മാറില്ല. ഇടയ്ക്ക് വെച്ച് എനിക്ക് ഇത് നിര്‍ത്താനും പറ്റില്ല. അവസാനം വരെ ഈ പ്രവര്‍ത്തനങ്ങളില്‍ ഞാനുണ്ടാവും. പെട്ടെന്ന് ഒരു മാറ്റം ഇവിടെയുണ്ടാവില്ല അതിനിനിയും ആളുകള്‍ മുന്നോട്ട് വരണം. എന്നാല്‍ മാത്രമേ സമൂഹത്തില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.
പളനികുമാറിന്റെ മറ്റ് ചിത്രങ്ങൾ കാണാം
Content Highlights: ഫ
Published: 18 Aug 2023, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented