ഓരോ പദ്ധതി വരുമ്പോഴും വേരറത്ത്‌ പറിച്ചുനടപ്പെടുന്ന ആദിവാസിവിഭാഗമാണ് കാടർ. പുഴയോരക്കാടുകളിൽ ജീവിച്ചുവരുന്ന ഇവരുടെ ജീവിതമാർഗം കാട്ടുവിഭവങ്ങളും മീനുമാണ്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ഇല്ലാതാക്കുന്നത് തങ്ങളുടെ ജീവിതംതന്നെയാണെന്ന തിരിച്ചറിവാണ് വി.കെ. ഗീതയെന്ന ആദിവാസിയുവതിയെ പോരാട്ടഭൂമിയിലെത്തിച്ചത്. ഒരു ദശകത്തോളമായി വാഴച്ചാൽ ഊരിന്റെ മൂപ്പത്തിയായ ഗീത സമരവഴികളെക്കുറിച്ച് സംസാരിക്കുന്നു.

സ്കൂൾ വിദ്യാർഥിയായിരിക്കേയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ഗീത ആദ്യം കേൾക്കുന്നത്. അന്ന് പരിയാരത്തെ സ്കൂളിൽ താമസിച്ചുപഠിക്കുകയായിരുന്നു ഗീത. വീട്ടിൽവരുമ്പോഴൊക്കെയും ഊരും കുടിയുംവിട്ട്‌ ഓടിപ്പോകേണ്ടിവരുന്നതിന്റെ ആധിയായിരുന്നു അച്ഛന്‌ പറയാനുണ്ടായിരുന്നത്. പറമ്പിക്കുളത്ത് ഡാമുയർന്നപ്പോൾ വേരുംപറിച്ചെത്തിയവരാണ് ഗീതയുടെ പൂർവികർ. വാഴച്ചാൽ, വെറ്റിലപ്പാറ, പുകയിലപ്പാറ എന്നിങ്ങനെ ചാലക്കുടി പുഴയോരത്തായി അവർ ചിതറി. കാടും പുഴയുമില്ലാതെ കാടർവിഭാഗത്തിന് ജീവിതമില്ലെന്നതിനാൽ ഇവിടംവിട്ട് എങ്ങോട്ടുമില്ലെന്ന നിശ്ചയത്തിൽ അന്നേ ഗീതയെത്തിയിരുന്നു. ആയിടെ പത്താംക്ലാസ് വിജയിച്ച ഗീതയ്ക്കുപക്ഷേ, തുടർപഠനത്തിനായി ഊരുവിടാൻ മനസ്സുണ്ടായില്ല. താൻ അതിരപ്പിള്ളിയിൽത്തന്നെ വേണമെന്ന തോന്നലായിരുന്നു മുന്നിൽ.

2000-ത്തിന്റെ തുടക്കകാലത്താണ് ചാലക്കുടിപ്പുഴ സംരക്ഷണസമിതി, നിലനിൽപ്പ് തുടങ്ങിയ പരിസ്ഥിതി സംഘടനകളുമായി ഗീത ബന്ധപ്പെടുന്നത്. അതിരപ്പിള്ളി പദ്ധതിക്കെതിരായ ചെറുത്തുനിൽപ്പിന്റെ മുൻനിരയിലേക്ക് ഗീതയെത്തിയതും അക്കാലത്താണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസിന്റെ പഠനറിപ്പോർട്ട് ചോദ്യംചെയ്ത് ഗീത ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്തു. പദ്ധതിയുടെ നാനൂറുമീറ്റർ പരിസരത്ത് 60 കാടർ കുടുംബങ്ങൾ താമസിക്കേ, ജനവാസമേഖലയല്ലെന്ന റിപ്പോർട്ട് തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 2006-ൽ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിവിധി നിയമവഴിയിലെ ആദ്യവിജയമായി.

ഇതിനിടെ, രണ്ടുതവണനടന്ന പാരിസ്ഥിതിക പൊതുതെളിവെടുപ്പിൽ, കാടും തങ്ങളുടെ ജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് തെളിഞ്ഞ ബോധ്യത്തോടെ ഗീത സംസാരിച്ചു. പദ്ധതിക്കുവേണ്ടി വാദിക്കുന്നവരിൽനിന്ന് ഇക്കാലത്ത് പലവിധ സമ്മർദങ്ങളും  പിന്തിരിപ്പിക്കാനുണ്ടായി. താൻ ഒറ്റുകാരിയാവില്ലെന്ന ഒറ്റമറുപടിയിൽ അവരെയെല്ലാം ഗീത അകറ്റിനിർത്തി. നാട്ടിലെ പരിസ്ഥിതിപ്രവർത്തകർ തുടങ്ങിവെച്ച സമരത്തിലേക്ക് കാടർ സമുദായം ഒറ്റക്കെട്ടായി ഗീതയുടെ പിന്നിൽ അണിനിരന്നതോടെ പ്രതിരോധത്തിന് പുതിയ ഊർജം കൈവന്നു. 2007-ൽ പാരിസ്ഥിതികാനുമതി പുനഃസ്ഥാപിച്ച് പ്രഖ്യാപനംവന്നപ്പോൾ ഗീത വീണ്ടും കോടതിയെ സമീപിച്ചു. എന്നാൽ, 2012-ൽ അനുമതിയുടെ കാലാവധി അവസാനിച്ചതോടെ 2015-ൽ ഹൈക്കോടതി ഹർജി തീർപ്പാക്കി.

2013-ൽ സാമൂഹിക വനാവകാശ നിയമപ്രകാരം വാഴച്ചാലിലും പരിസരത്തുമുള്ള ഒമ്പത് ഊരുകൂട്ടങ്ങൾ 40,000 ഹെക്ടർ കാടിന്റെ അവകാശികളായെങ്കിലും അത് തങ്ങൾക്കുനൽകുന്ന വലിയ അവകാശങ്ങളെക്കുറിച്ച് ആദിവാസികൾക്ക് അറിയില്ലായിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായി അതിരപ്പിള്ളിയിലെത്തിയ മാധവ് ഗാഡ്ഗിലിൽനിന്നാണ് വനസംരക്ഷണനിയമത്തെക്കുറിച്ച് ഗീത ആദ്യമറിയുന്നത്. തങ്ങളുടെ അതിജീവനപ്പോരാട്ടത്തിന് മികച്ചൊരായുധമായി ഈ നിയമത്തെ ഉപയോഗിക്കാനുള്ള ഉപദേശവും ഗാഡ്ഗിലിൽനിന്ന് കിട്ടി.  ഊരുകൂട്ടങ്ങളുടെ അനുമതിയില്ലാതെ അവരുടെ അധീനതയിലുള്ള വനത്തിൽ ഒരു നിർമാണപ്രവർത്തനവും പാടില്ലെന്നാണ് ഈ നിയമം പറയുന്നത്. വനാവകാശനിയമപ്രകാരം അതിരപ്പിള്ളി പദ്ധതിക്കെതിരേ ഗീത നൽകിയ പൊതുതാത്പര്യഹർജി ഇപ്പോഴും കോടതിയുടെ മുന്നിലാണ്. കാടുകാക്കാൻ കാടർക്കൊപ്പമെന്ന പ്രഖ്യാപനവുമായി അതിരപ്പിള്ളിയൊന്നാകെ ഇപ്പോൾ ഗീതയ്ക്കുപിന്നിലുണ്ട്.

215-ഓളം അംഗങ്ങളുള്ള വാഴച്ചാൽ  ഊരിന്റെ മൂപ്പത്തിയെന്ന  ചുമതലയും ഇതിനിടെ ഗീതയെത്തേടിയെത്തി. തങ്ങൾക്കുവേണ്ടി നിൽക്കാൻ ഗീതയല്ലാതെ ആരുമില്ലെന്ന തിരിച്ചറിവിൽ ഒറ്റക്കെട്ടായാണവർ ഗീതയെ തിരഞ്ഞെടുത്തത്. എതിരാളികൾ കരുത്തരാണെങ്കിലും കാടിനും പുഴയ്ക്കും മനുഷ്യനും വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഗീതയുടെ വാക്കുകളിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തുണ്ട്.

To advertise here,