
വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് ലോകം ആഗോളതാപനത്തെപ്പറ്റി ആവേശത്തോടെ സംസാരിക്കുന്ന കാലത്ത് ഒരു സ്‌കൂള്‍ പരീക്ഷാ പേപ്പറില്‍ വിചിത്രമായൊരു ഉത്തരം അധ്യാപകര്‍ കണ്ടു. എന്താണ് ആഗോളതാപനം എന്ന് മനസ്സിലാകാത്ത ഒരു വിരുതന്‍ സ്വന്തം വായ്മൊഴി ഭാഷയില്‍ ഉത്തരമെഴുതിയത് അവനിക്ക് പനി എന്നും. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ ആ ഉത്തരത്തില്‍ അതിശയോക്തി ഒട്ടും തോന്നുന്നില്ല. ഉച്ചസ്ഥായിയിലേക്ക് ഉയരുന്ന പൊള്ളുന്ന പനിയിലാണ് ഇന്ന് ഭൂമി. പറഞ്ഞു പഴകിയ ഓസോണ്‍ വിള്ളലും ഹരിതഗൃഹ പ്രഭാവവുമെല്ലാം മാറ്റമില്ലാതെ ഓരോ ജൂണ്‍ അഞ്ചിനും കേള്‍ക്കുന്നു. മരം നടലും വിത്തു വിതരണവും ആഘോഷമായി നടക്കുന്നു. ആചാരമെന്നോണ്ണം വര്‍ഷാവര്‍ഷം ലോക നേതാക്കന്മാര്‍ ഒത്തു ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തുന്നു. എന്നിട്ടും അന്തരീക്ഷത്തിലുയരുന്ന ചൂടിന്റെ അളവില്‍ മാറ്റമില്ല.. ഇതിനൊപ്പം മറ്റു ചില ദുരന്തങ്ങളും അതിഥിയായെത്തിയിട്ടുണ്ട്. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഈ വര്‍ഷമുണ്ടായത് കൂടിയ തോതിലുളള താപവികിരണമാണ്.
ഇതിനെല്ലാം പുറമെ കഴിഞ്ഞ മാസങ്ങളില്‍ അന്റാര്‍ട്ടിക്കയിലുള്ള മഞ്ഞുപാളികള്‍ക്കടിയിലെ ഒരു അഗ്നിപര്‍വ്വതവും പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ 72 വര്‍ഷത്തിനിടെ അനുഭവപ്പെട്ടതില്‍വച്ച് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങളെ തടയാന്‍ കാടുവളര്‍ത്തുകയും മരം നടുകയും മാത്രമല്ല പ്രതിവിധി. രോഗമറിഞ്ഞുള്ള ചികിത്സയാണ് വേണ്ടത്. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കുകയും ഓസോണ്‍പാളി സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭൂമിയുടെ പനിയ്ക്കുള്ള പ്രധാന മരുന്ന്.

ഇന്ത്യയിലെ പനിച്ചൂടിന്റെ പിന്നാമ്പുറം
പെറുവില്‍ കോര്‍ഡിലിയേറ ബ്ലാങ്ക പര്‍വ്വതനിരകളിലുളള യാനപാക് ഹിമാനികളിലെ മഞ്ഞുരുകി കൂടുതല്‍ ജലം ലഭിച്ചപ്പോള്‍ ആദ്യമൊന്നും ആരും അത് ശ്രദ്ധിച്ചില്ല. കാരണം ജലലഭ്യത കൃഷിയ്ക്ക് സഹായമാകുമല്ലോ. എന്നാല്‍ പിന്നീട് ഹിമാനിയില്‍ നിന്ന് കൂടുതല്‍ വെള്ളച്ചാട്ടങ്ങള്‍ പ്രതൃക്ഷപ്പെട്ടപ്പോള്‍ അത് ഗൗരവമായിക്കാണാതിരിക്കാന്‍ അധികൃതര്‍ക്ക് കഴിയില്ലായിരുന്നു. ഇതേ അവസ്ഥ നാളെ ഇന്ത്യയിലും ഉണ്ടാകാം. വേനല്‍ക്കാലത്ത് ഹിമാലയന്‍ നദികളില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ തോത് വര്‍ധിച്ചത് അത്ര വേഗം തള്ളിക്കളയാവുന്ന വിഷയമല്ല.
കേരളത്തിന്റെ സ്ഥിതി എടുത്തു നോക്കിയാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്കവും കാലാവസ്ഥാ മാറ്റം ഉണ്ടാക്കിയ ദുരിതങ്ങളും നിരവധിയാണെന്ന് കാണാം. ഇതേ അവസ്ഥ തന്നെയാണ് രാജ്യത്തിന്റെ പല കോണിലുമുള്ളത്.

അസമിലും, ഒറീസയിലും, ആന്ധ്രാപ്രദേശിലും, തെലുങ്കാനയിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം പ്രളയം നടന്നത് അടുത്തടുത്ത മാസങ്ങളിലാണ്.
കടുത്ത വരള്‍ച്ചയാണ് മറ്റൊരു പ്രശ്നം. രാജ്യത്തിനകത്ത് ഈ വര്‍ഷം അനുഭവപ്പെട്ട ഉഷ്ണ തരംഗം സാധാരണയുള്ളതിനേക്കാള്‍ 30 മടങ്ങ് തീവ്രതയുള്ളതാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയിലും പാകിസ്ഥാനിലുമായി 90 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം മൂലം വിളവില്‍ 10-35 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊടുങ്കാറ്റും ന്യൂനമര്‍ദ്ദവും കടല്‍ കയറ്റവും രാജ്യത്ത് സ്ഥിരം അതിഥിയാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കാര്‍ബൺ പാദമുദ്ര
ലോകത്ത് ഹരിതഗൃഹപ്രഭാവത്തിന്റെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണിന്റെ അളവിനെയാണ് കാര്‍ബണ്‍ ഫുട്ട് പ്രിന്റ് എന്ന് വിളിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് പ്രധാന കാരണവും ഉയരുന്ന കാര്‍ബണിന്റെ അളവു തന്നെ. ഓരോ രാജ്യവും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കിയാണ് കാര്‍ബണ്‍ ഫുട്ട് പ്രിന്റ് കണ്ടെത്തുന്നത് വ്യക്തികള്‍ ഉച്ഛ്വാസത്തിലൂടെ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് മുതല്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് വരെ ഈ കണക്കില്‍പ്പെടുത്താറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കാര്‍ബണ്‍ പുറം തള്ളുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ പങ്കാളികളാണ് ഈ അന്തരീക്ഷ മലിനീകരണത്തില്‍. അതുകൊണ്ട് രാജ്യങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ഇത് കുറയ്ക്കുന്നതിനായി കൈകോര്‍ക്കുന്നുണ്ട്.

ഇന്ത്യയുടെ പഞ്ചാമൃതങ്ങള്‍
കാലാവസ്ഥാ മാറ്റങ്ങള്‍ തടയാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി എത്തിയ പാരീസ് ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പു വച്ചിരുന്നു. 2050 ഓടെ ആഗോള താപനില വര്‍ധനവ് രണ്ട് ഡിഗ്രിക്കുള്ളില്‍ നിര്‍ത്തുക എന്നതാണ് ഉടമ്പടിയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്ത് നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നെറ്റ്-സീറോ ടാര്‍ഗെറ്റ് വര്‍ഷം ഇത്തവണത്തെ പ്രഖ്യാപിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2030 വരെ നീളുന്ന ഹൃസ്വകാല പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാമൃതം എന്ന് പേരിട്ടിരിക്കുന്ന അഞ്ച് പദ്ധതികള്‍ ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. 2030 ഓടെ ഇന്ത്യയിലെ ഫോസില്‍ ഇതര ഊര്‍ജ്ജശേഷി 500 ജിഗാവാട്ടായി കുറയ്ക്കുമെന്നതാണ് ഇതില്‍ ആദ്യത്തേത്.
സോളാര്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ ശ്രോതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് വഴി ഇത് സാധ്യമാക്കാം എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമായി കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തീവ്രത 45 ശതമാനമായി കുറയ്ക്കുക എന്നത് രണ്ടാമത്തേതും ഊര്‍ജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജത്തിലൂടെ നിറവേറ്റുമെന്നത് മൂന്നാമത്തേതുമാണ്.

ഫോസില്‍ ഇന്ധനങ്ങളുടെ കുറഞ്ഞ ഉപയോഗമാണ് ലക്ഷ്യം വയ്ക്കുന്നത്. 2030-ഓടെ പ്രവചിക്കപ്പെട്ടതില്‍ നിന്ന് ഒരു ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇന്ത്യ കുറയ്ക്കുമെന്നും 2070-ഓടെ കാര്‍ബണ്‍ പുറന്തള്ളുന്നത് പൂജ്യത്തിലെത്തിക്കുമെന്നുമാണ് മറ്റ് അജണ്ടകള്‍. പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായി ഇപ്പോള്‍ത്തന്നെ പല പഞ്ചായത്തുകളും ചുരുക്കം ചില ഗ്രാമങ്ങളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യൂട്രലായതായി പ്രഖ്യാപിച്ചിട്ടുള്ളത് ശുഭസൂചനയാണ് തരുന്നത്.
ഐടി രംഗത്തും കാര്‍ബണ്‍ ന്യൂട്രാലിറ്റി
രാജ്യത്തെ ഐടി മേഖല കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുളള പദ്ധതികള്‍ തയ്യാറാക്കുന്നതായി വന്‍കിട കമ്പനികള്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമെന്നോണം 2030-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് ഐടി ഭീമനായ ഇന്‍ഫോസിസ് അറിയിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 50 ശതമാനവും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നാക്കി മാറ്റിയിരുന്നു. 2020- ലാണ് ടിസിഎസ് തങ്ങളുടെ കാര്‍ബണ്‍ പാദമുദ്ര 50 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 2030-ഓടെ ലക്ഷ്യം കാണാനാണ് ഇവര്‍ ശ്രമിക്കുന്നത്. കൂടുതല്‍ ഹരിത കെട്ടിടങ്ങള്‍ ചേര്‍ത്തും ഐടി സിസ്റ്റം പവര്‍ ഉപയോഗം കുറച്ചും കാമ്പസുകളിലുടനീളമുള്ള ഊര്‍ജ ഉപഭോഗം ഒപ്റ്റിമൈസ് ചെയ്തുമാണ് ഇവര്‍ ലക്ഷ്യത്തിലേക്കടുക്കുന്നത്.
2021ല്‍ വിപ്രോ പ്രഖ്യാപിച്ചത് ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2040-ഓടെ നെറ്റ്-സീറോയില്‍ എത്തിക്കുമെന്നാണ്. എനര്‍ജി ആന്‍ഡ് യൂട്ടിലിറ്റീസ്, മാനുഫാക്ചറിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് തുടങ്ങിയ ഉയര്‍ന്ന കാര്‍ബണ്‍-ഇന്റന്‍സീവ് മേഖലകളിലെ ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്നതിനായി വിപ്രോ ഗ്രീന്‍ ഐടി സൊല്യൂഷനുകളും ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

2030 അവസാനത്തോടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 22 ശതമാനവും 2050 ഓടെ 50 ശതമാനവും കുറയ്ക്കാന്‍ ടെക് മഹീന്ദ്രയും രംഗത്തുണ്ട്. പ്രോസസ് ഒപ്റ്റിമൈസേഷന്‍, ഊര്‍ജ്ജ സംരക്ഷണ സംരംഭങ്ങള്‍, പുനരുപയോഗ ഊര്‍ജത്തിന്റെ വര്‍ധിപ്പിച്ച ഉപയോഗം, കുറഞ്ഞ എമിഷന്‍, ഗ്രീന്‍ ടെക്നോളജികളില്‍ നിക്ഷേപം എന്നിവയിലൂടെ ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രകൃതിയുടെ മാറ്റങ്ങള്‍ വളരെ പതിയെ മാത്രം നാം തിരിച്ചറിയുന്നതും എന്നാല്‍ വേഗത്തില്‍ പരിഹാരം കാണേണ്ടതുമാണ്. ഓരോ പരിസ്ഥിതി ദിനങ്ങളും അത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കടന്നു പോകുന്നത്. സ്റ്റാറ്റസിട്ടും മരം നട്ടതായി സമൂഹമാധ്യമങ്ങളിലൂടെ ബോധ്യപ്പെടുത്തിയും മാത്രം ആഘോഷിക്കാനുള്ളതല്ല ആ ദിവസം. നടുന്ന മരത്തില്‍ ആദ്യത്തെ പൂ വിരിയുന്നതു വരെയും നമ്മുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ഇവിടുത്തെ കുളിരും കാറ്റും മഴയും മണ്ണും നമ്മുടെ വരും തലമുറയും കൂടി അനുഭവിച്ചറിയട്ടെ.
Content Highlights: Effects of Global Warming and the Importance of Removing Carbon Footprint
Published: 04 Jun 2022, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented