
കോട്ടയം: രോഗികളെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്നത് മനസ്സ് സമർപ്പിച്ചാണ്. അത്രതന്നെ ശ്രദ്ധ പാളയെ പാത്രങ്ങളാക്കിമാറ്റുന്ന വിദ്യയിലും പ്രയോഗിച്ചു. ഫലം, പുതുപ്പള്ളി മീനടം പള്ളിത്താഴത്ത് ഷൈബി കുര്യാക്കോസ് വ്യവസായിയായി. ജോലിവിട്ട് നാട്ടിലെത്തിയ ഇവർ പാളയെ വിദേശത്തേക്ക് അയച്ചു.
സൗദി ആരോഗ്യവിഭാഗത്തിലെ നഴ്സായിരുന്ന ഷൈബി പ്രവാസജീവിതം അവസാനിപ്പിച്ചത് ഭർത്തൃമാതാവിനെ ശുശ്രൂഷിക്കാനാണ്. വീട്ടിലെ കാര്യങ്ങളെല്ലാം കഴിഞ്ഞാലും സമയം മിച്ചമുണ്ട്. നാട്ടിൽ ഒരു സംരംഭം തുടങ്ങിയാൽ തനിക്കും ഒപ്പം ചേരുന്നവർക്കും ഒരു വരുമാനമാകുമെന്ന് ഷൈബി അഭിപ്രായപ്പെട്ടു. ഭാര്യയുടെ ചിന്തയ്ക്ക് ഷാർജ ഇലക്ട്രിസിറ്റിയിൽ മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കുര്യാക്കോസ് കെ.മാത്യുവും പിന്തുണയേകി.
എന്ത് സംരംഭം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽവന്നത് ഭർത്താവിന്റെ നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ പറമ്പുകളിൽ കണ്ട കാഴ്ചകളാണ്. കമുകിൻപാളകൾ വൻതോതിൽ നശിക്കുന്നു. പുതിയ കാലത്തേക്ക് പാളകൾ എങ്ങനെ മുഖംമാറുമെന്ന് ചിന്തിച്ചു. പാളയിൽ സോപ്പുപെട്ടി നിർമാണമായിരുന്നു ആദ്യ പരീക്ഷണം.
കുര്യാക്കോസും പ്രവാസജീവിതം വേണ്ടെന്നുവെച്ച് നാട്ടിലെത്തി. ഒരു ചെറിയ ഫാക്ടറി. യന്ത്രങ്ങളെല്ലാം കുര്യാക്കോസ് സ്വയം രൂപകല്പന ചെയ്തു. മീനടം സെയ്‌ന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിക്കുസമീപം തുടക്കം. നാല് സ്ത്രീകൾക്ക് ജോലി. മീനടത്തെ ഹന്ന ഗ്രീൻ പ്രോഡക്ട്സ് മെല്ലെ നടന്നുതുടങ്ങി.
പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നാണ് പാള ശേഖരണം. 14 തരത്തിലുള്ള പാത്രങ്ങളിവിടെ നിർമിക്കുന്നു. കല്യാണപ്പാർട്ടികൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവ പ്ലാസ്റ്റിക്ക് പകരമായി പാളപ്പാത്രങ്ങളെ വരുത്തി. അതോടെ കച്ചവടം മെച്ചമായി.
ഇതിന്റെ മഹിമ വിദേശത്തേക്കും പരന്നതോടെ കയറ്റുമതി ഒാർഡറുകൾ വന്നുതുടങ്ങി. ന്യൂയോർക്കിലേക്കാണ് കയറ്റുമതി കൂടുതൽ. ഓസ്ട്രേലിയ, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്. സ്വന്തം വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് കുര്യാക്കോസ് യന്ത്രങ്ങളും നിർമിച്ചുനൽകുന്നു. മക്കളായ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ഹന്ന കുര്യാക്കോസ്, പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ജൊഹാൻ കുര്യാക്കോസ് മാത്യൂസ് എന്നിവരും ചേർന്ന ഹാപ്പി ലൈഫ്.
Content Highlights: shaiby kuriakose, a women entrepreneur, kottayam, mathrubhumi, women's day 2023
Published: 08 Mar 2023, 11:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented