
മറയൂർ: ഇടുക്കിയുടെ ചന്ദനപ്പെരുമ സംരക്ഷിക്കുന്ന സംഘത്തിനും പെൺപെരുമ അവകാശപ്പെടാനുണ്ട്. മറയൂരിലും ചിന്നാറിലുമായി പതിനേഴായിരത്തോളം ഏക്കറിലായി വളർന്നുനിൽക്കുന്ന, എഴുപതിനായിരത്തിലധികംവരുന്ന ചന്ദനമരങ്ങൾ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന സംഘത്തിൽ 22 വനിതകളാണുള്ളത്.
മറയൂർ സാൻഡൽ ഡിവിഷനിൽ നാല് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മൂന്ന് വനിതാ ട്രൈബൽ വാച്ചർമാർ, നാല് വനിത താത്കാലിക വാച്ചർമാർ എന്നിങ്ങനെയാണുള്ളത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ ഏഴ് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും മൂന്ന് വനിത ട്രൈബൽ വാച്ചർമാരും ഒരു ഫയർ വാച്ചറുമാണ് ജോലിചെയ്തുവരുന്നത്.
മുൻപ് വനിത ജീവനക്കാർ ചെക്കുപോസ്റ്റുകളിലും ഓഫീസുകളിലുമായി മാത്രം ഒതുങ്ങിയിരുന്നു. എന്നാൽ ഇന്ന് രാത്രിയും പകലും വനത്തിനുള്ളിലെ അപകടകരമായ സാഹചര്യങ്ങളിൽപോലും ജോലി ചെയ്യുന്നവരുണ്ട്.
സാധാരണ വനമേഖല സംരക്ഷിക്കുന്നതുപോലെ എളുപ്പമല്ല ചന്ദനക്കാടുകൾ സംരക്ഷിക്കുക എന്നത്. മറയൂർ സാൻഡൽ ഡിവിഷന്റെ കീഴിലുള്ള വനമേഖലയിൽ 30 സെന്റീമീറ്ററിലധികം വലിപ്പമുള്ള അറുപതിനായിരത്തിലധികം ചന്ദനമരങ്ങളും ചിന്നാർ വനമേഖലയിൽ പതിനായിരത്തോളം ചന്ദനമരങ്ങളുമാണുള്ളത്. ഒരു ചന്ദനമരത്തിന് ശരാശരി അഞ്ചുലക്ഷം മുതൽ രണ്ടുകോടി രൂപ വരെ വിലയുണ്ട്.
കണ്ണൊന്ന് തെറ്റിയാൽ ചന്ദനം കടത്താൻ തക്കംപാർത്ത് സംഘശക്തിയുള്ള ഒരുവിഭാഗം ഇന്നും ഇവിടെയുണ്ട്. മണിക്കൂറുകൾകൊണ്ട് ലക്ഷങ്ങളുടെ ചന്ദനമരങ്ങൾ അതിർത്തി കടത്തിയോ, സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചോ അവർ സ്വന്തമാക്കും. ആയുധങ്ങളുമേന്തി ചന്ദനം വെട്ടാനെത്തുന്നവരെ കൈയിൽപിടിച്ച വെറും കമ്പുകൾ ഉപയോഗിച്ചാണിവർ നേരിടുന്നത്. പ്രതികൂല സാഹചര്യങ്ങളിലെ ജോലി വളരയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലേക്ക് കൂടുതൽ വനിതകൾക്ക് കടന്നുവരാൻ തങ്ങൾ വഴിയൊരുക്കുകയാണെന്നും ഈ വനിതകൾ പറയുന്നു.
Content Highlights: story of beat forest officers in Marayur - women's day 2023
Published: 08 Mar 2023, 11:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented