
ഗൗരീശങ്കരത്തില്‍ നൃത്തം മനസ്സുപതറുന്നവര്‍ക്കാണ്. വെറും കലയ്ക്കപ്പുറം ഇവിടെ നൃത്ത ചികിത്സ നല്‍കുന്നു പ്രിയടീച്ചര്‍. തളര്‍ന്നുപോവുമായിരുന്ന ജീവിതത്തെ നൃത്തം കൊണ്ട് തിരികെ പിടിച്ച കഥയുണ്ട് കോഴിക്കോട് ജില്ലയിലെ ഈ രാമനാട്ടുകരക്കാരിക്ക് പറയാന്‍. ജീവിതം തുടങ്ങുന്നതിന് മുന്നേ പ്രിയപ്പെട്ടവനെയടക്കം വിധി തിരിച്ചെടുത്തപ്പോള്‍ തളര്‍ന്നുപോവുമായിരുന്നിടത്ത് നിന്ന് നൃത്തത്തെ മറുമരുന്നായി കൂടെ കൂട്ടി ഉയര്‍ത്തെഴുന്നേറ്റ കഥ. നൃത്തം വെറും കലയ്ക്കപ്പുറം മനസ്സ് വേദനിക്കുന്നവര്‍ക്കുള്ള മരുന്നാണെന്ന് സ്വന്തം ജീവിതത്തില്‍ നിന്ന് തിരിച്ചറിഞ്ഞ നാളിലാണ് 2014-ല്‍ രാമനാട്ടുകരയില്‍ ഗൗരീശങ്കരം പിറന്നത്. ഒമ്പത് വര്‍ഷത്തിനിപ്പുറം കോവിഡ് തന്നെ പരീക്ഷണങ്ങളും വേദനകളുമെല്ലാം കടന്ന് ഗൗരീശങ്കരം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, ഡിജിറ്റല്‍ നൃത്ത പഠനത്തിന്റെ കൂടെ വേദിയാവുകയാണ്.
74 വയസ്സുള്ള അമ്മൂമ്മയും ഗര്‍ഭിണികളുമടക്കം 350 സ്ത്രീകളാണ് ഇന്ന് ഗൗരീശങ്കരത്തിലെ തെറാപ്പി ക്ലാസിനുള്ളത്. നൃത്തം പഠിക്കാനായി മാത്രമെത്തുന്ന കുട്ടികളുടെ മറ്റൊരു ബാച്ചുമുണ്ട്. ഒപ്പം രണ്ട് ഓണ്‍ലൈന്‍ ക്ലാസുമുണ്ട്. നൃത്തമെന്നത് എങ്ങനെ തെറാപ്പിയാകുമെന്ന ചോദ്യത്തിന് സ്വന്തം ജീവിതം തന്നെ ഉദാഹരണമായി മുന്നില്‍ വെക്കുന്നു പ്രിയ വിജേഷ്. 2008-ല്‍ ആയിരുന്നു പ്രിയയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. പ്രിയപ്പെട്ട സുഹൃത്തിനെ ജീവിത പങ്കാളിയായി കൂടെ കൂട്ടിയിട്ട് അന്നേക്ക് നാല് വര്‍ഷമാവുന്നതേയുണ്ടായിരുന്നുള്ളൂ. നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ പിറ്റേന്ന് സുഹൃത്തുക്കളുമായി യാത്രപോവുന്നതിനിടെയുണ്ടായ കാറപടകം പ്രിയയുടെ ഭര്‍ത്താവ് വിജേഷിന്റെ ജീവനെടുത്തു. വെറും ഭര്‍ത്താവ് മരിച്ചുവെന്നതിന് അപ്പുറം ജീവിതത്തിലെ ദുരിതകാലം അവസാനിപ്പിച്ച തുരുത്തു കൂടിയായിരുന്നു പ്രിയയ്ക്ക് വിജേഷ്. അച്ഛനുപേക്ഷിച്ച ബാല്യത്തില്‍ തുടങ്ങിയ സങ്കടകാലം മറികടുന്നത് വിജേഷിനെ കൂടെ കൂട്ടിയപ്പോഴായിരുന്നു. എന്നും മനസ്സില്‍ കൊണ്ടു നടന്ന നൃത്തമെന്ന സ്വപ്നം ഏഴാംക്ലാസില്‍ നിര്‍ത്തേണ്ടി വന്നപ്പോഴും സങ്കടമടക്കിപ്പിടിച്ചു. പിന്നെ വീണ്ടുമാരിച്ചത് വിജേഷിനെ കൂടെകൂട്ടിയപ്പോഴായിരുന്നു. പക്ഷെ ആ തുരുത്ത് അപ്രതീക്ഷിതമായി അവസാനിച്ചതോടെ നിരാശയുടെ പടുകുഴിയിലേക്കാണ് പ്രിയ വീണുപോയത്. മകളുണ്ടായത് പോലും മറന്നുപോയ ദിവസങ്ങളായിരുന്നു പിന്നീട്. കൗണ്‍സിലങ് ചികിത്സ അങ്ങനെ പോയ ദിവസങ്ങള്‍. അവിടെ നിന്നാണ് പ്രിയ നൃത്തത്തെ കൂട്ടുപിടിച്ച് വീണ്ടും തിരിച്ചുവന്നത്.
കേരളത്തിലെ തന്നെ ആദ്യത്തെ ക്ലാസിക്കല്‍ തെറാപ്പി സെന്ററാണ് ഗൗരീശങ്കരം. അതിലേക്ക് പതിയെ എത്തിപ്പെടുകയായിരുന്നുവെന്ന് പറയുന്നു പ്രിയ. നമുക്ക് ഏറ്റവും സന്തോഷമുള്ള ഏത് സമയത്തും നമ്മള്‍ ചെയ്യുന്നത് നൃത്തമാണ്. യാത്രപോവുമ്പോഴും, വിവാഹത്തിനും, കൂട്ടുകാരോടൊപ്പം നില്‍ക്കുമ്പോഴുമെല്ലാം നമ്മള്‍ നൃത്തം ചെയ്യുന്നു. അപ്പോള്‍ നൃത്തം നമുക്ക് സന്തോഷം നല്‍കുന്നുവെന്നത് സത്യമാണ്. ഇതു തന്നെയാണ് തെറാപ്പിയിലൂടേയും ഉദ്ദേശിക്കുന്നത്. ഒരു അമ്പത് വയസ്സ് കഴിയുമ്പോഴേക്കും പ്രായമായി എന്ന തിരിച്ചറിവ് നമുക്ക് വരും. തനിക്ക് പ്രായമായെന്നും ഒന്നും ചെയ്യാന്‍പറ്റില്ലെന്നും മനസ്സിനെ നമ്മള്‍ തന്നെ പറഞ്ഞു മനുസ്സിലാക്കിക്കും. പക്ഷെ യഥാര്‍ഥത്തില്‍ അങ്ങനെയല്ല. കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ പ്രായമായവര്‍ക്കും ചെയ്യാന്‍ സാധിക്കും. അതിന് മനസ്സിനെ പാകപ്പെടുത്തണമെന്ന് മാത്രം. ഇവിടെയാണ് നൃത്തത്തിന്റെ സഹായമുള്ളത്. രണ്ട് കയ്യും കാലും മനസ്സുമടക്കം ശരീരത്തിന്റെ എല്ലാ ഭാഗത്തേയും ഒരുപോലെ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് ക്ലാസിക്കല്‍ ഡാന്‍സ്. ആ സമയത്ത് മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാനുള്ള സമയമുണ്ടാവില്ല. ഇത് മാനിസികമായ വലിയ സ്വാധീനമാണ് ഓരോരുത്തര്‍ക്കുമുണ്ടാക്കുന്നത്-പ്രിയ പറയുന്നു.
2014-ല്‍ 35 പേരുമായി തുടങ്ങിയതാണ് ഗൗരീശങ്കരം ഇന്നിവിടെ നേരത്തെ പറഞ്ഞപോലെ 350 ന് മുകളിലുള്ള സ്ത്രീകളും, കുട്ടികളുടെ ബാച്ചും രണ്ട് ഓണ്‍ലൈന്‍ ബാച്ചുമുണ്ട്. ഡാന്‍സ് തെറാപ്പിയെന്ന രീതിയില്‍ തന്നെയാണ് ക്ലാസുകള്‍ മുന്നോട്ട് പോവുന്നതും. ഡാന്‍സ് അവര്‍ക്ക് വലിയ റിലാക്‌സ് നല്‍കുന്നുണ്ട്. അല്ലാത്ത പക്ഷം നൃത്തം പഠിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവില്ലല്ലോയെന്നും പ്രിയ ചോദിക്കുന്നു. മുമ്പ് കാന്‍സര്‍രോഗികള്‍, ഡിപ്രഷന്‍ പ്രശ്‌നമുള്ളവര്‍ എന്നിവരെല്ലാമാണ് എത്തിയിരുന്നതെങ്കില്‍ ഇന്ന് ലിവര്‍സിറോസിസ് ഉള്ളവരടക്കമുള്ളവര്‍ ഇന്നിവിടെയെത്തുന്നുണ്ട്. പലരിലും വലിയ വ്യത്യാസമുണ്ടാകുന്നുണ്ട്. പൂര്‍ണമായും നൃത്തം കൊണ്ടല്ലെങ്കിലും മനസ്സിന് ശക്തിനല്‍കാന്‍ നൃത്തം കൊണ്ട് സാധിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണമെന്നും പ്രിയ ചൂണ്ടിക്കാട്ടുന്നു.
നമ്മള്‍ പറയുന്നകാര്യം പറയുന്ന രീതിയില്‍ കേള്‍ക്കാന്‍ ഒരാളുണ്ടാവുകയെന്നതാണ് ഏറ്റവും വലിയ കാര്യം. പക്ഷെ പുതിയകാലത്ത് അങ്ങനെയുള്ളവരുടെ എണ്ണം വീടുകള്‍ക്കുള്ളില്‍ കുറഞ്ഞ് വരികയാണ്. ഗൗരീശങ്കരം അമ്മമാര്‍ക്കും സത്രീകള്‍ക്കുമെല്ലാം വെറും നൃത്തപഠന കേന്ദ്രം എന്നതിനപ്പുറം അവര്‍ക്കൊന്ന് സംസാരിച്ചിരിക്കാനും അവരുടെ കാര്യങ്ങള്‍ പറയാനുമുള്ള ഇടം കൂടിയാണ്. അതിനൊപ്പം നൃത്തത്തേയും സമന്വയിപ്പിക്കുന്നുവെന്ന് മാത്രം. പ്രായമായ അമ്മമാരടക്കം അവിടെയെത്തുന്നത് ഈയൊരു റിലാക്‌സേഷന് വേണ്ടി കൂടിയാണ്.
വിജേഷ് മരിച്ചതോടെ മാസങ്ങളോളമാണ് ഞാന്‍ തളര്‍ന്ന് കിടുന്നത്. കുഞ്ഞുജനിച്ചത് പോലും അറിഞ്ഞില്ലെന്ന് നേരത്തെ പറഞ്ഞല്ലോ, പെണ്‍കുഞ്ഞായിരുന്നു. കുഞ്ഞു ജനിച്ചുവെന്നും അവളെയൊന്ന് നോക്കൂവെന്നും പറഞ്ഞപ്പോഴും എനിക്ക് സാധിച്ചിരുന്നില്ല. പിന്നെയൊരു ദിവസം അവിചാരിതമായി അവളുടെ കാല് എന്റെ ദേഹത്ത് തൊട്ടപ്പോഴാണ് അവളെ കുറിച്ച് ഞാന്‍ ഓര്‍ത്തത് പോലും.പക്ഷെ അവള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയപ്പോള്‍ പോലും എനിക്ക് ആ ഷോക്കില്‍ നിന്ന് മാറാന്‍ പറ്റിയിരുന്നില്ല. അത് കുഞ്ഞിനേയും ബാധിച്ചു. അവള്‍ സ്‌കൂളില്‍ നിന്ന് ആരോടും സംസാരിക്കാതിരിക്കുകയും എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നവളുമായി. ഞാന്‍ മാറാതെ അവളും മാറില്ലെന്ന തിരിച്ചറിവിലാണ് വീണ്ടും ഡാന്‍സിലേക്ക് തിരിച്ചെത്തിയത്. 2014-ല്‍ ഡാന്‍സ് ക്ലാസ് തുടങ്ങി രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ എനിക്കതിന്റെ റിസള്‍ട്ട് അനുഭവിക്കാന്‍ കഴിഞ്ഞു. ഡാന്‍സ് വെറും കലയല്ല മറുമരുന്ന് കൂടിയാണെന്ന തിരിച്ചറിവുണ്ടായി.
Content Highlights: Priya vijesh dance therapy gouri sankaram
Published: 08 Mar 2023, 09:27 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented