
നാടക സാമഗ്രികൾ തലയിലേറ്റി കിലോമീറ്ററുകൾ ദൂരെയുള്ള വേദികളിലേക്ക് നടന്നുപോകുമ്പോൾ വിശന്നൊട്ടിയ വയറിനെ മറക്കാൻ തമാശ പറഞ്ഞ് ചിരിച്ചിട്ടുണ്ട് നിലമ്പൂർ ആയിഷയും കൂട്ടരും.
വഴയിരികിലെ മരത്തിൽക്കണ്ട കുരങ്ങന്മാരോട് വല്ലതും തരാമോ എന്ന് ചോദിച്ചിട്ടുണ്ട്. നാടൻപാട്ടുകൾ പാടിയിട്ടുണ്ട്. ‘പിന്നെ ഞങ്ങൾ വിശപ്പ് മറക്കുന്നത് വേദിയിൽ തകർത്താടുമ്പോഴാണ്. അടുക്കളയിൽ അടിച്ചമർത്തപ്പെട്ട സ്ത്രീജീവിതങ്ങൾ അരങ്ങ് നിറയുമ്പോൾ പുരുഷന്മാരുടെ കണ്ണ് നിറയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. സിനിമ അഭിനയമാണ്; നാടകം ജീവിതവും. രണ്ടും പക്ഷേ സാമൂഹിക മാറ്റത്തിനുവേണ്ടിയായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിന്’ നിലമ്പൂർ മുക്കട്ടയിലെ വീടിന്റെ കോലായിലിരുന്ന് പഴയ ചരിത്രം ഓർക്കുമ്പോൾ എൺപത്താറുകാരിയായ ആയിഷയുടെ കണ്ണുകൾ കൂടുതൽ തിളങ്ങുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിൽ യാഥാസ്ഥിക മുസ്‌ലിം കുടുംബത്തിൽനിന്ന് നാടാകഭിനയ രംഗത്തേക്കുവന്ന് വിപ്ലവംസൃഷ്ടിച്ച ആയിഷ, മാർച്ച് എട്ടിന് ഒരു വനിതാ ദിനംകൂടി വരുമ്പോൾ അന്നത്തെയും ഇന്നത്തെയും സ്ത്രീകളുടെ അവസ്ഥ വിലയിരുത്തുന്നു:അന്ന് സ്ത്രീകൾ നാടകം കാണാൻ വരുമായിരുന്നോ?
ഏയ്! ഞങ്ങൾ വീടുകൾതോറും ചെന്ന് പറയും. നാടകം കളിക്കുന്നുണ്ട്, നിങ്ങളുടെ പ്രശ്‌നങ്ങളാണ് പറയുന്നത്, വരണമെന്ന്. സ്ത്രീകൾ തല മെല്ലെ പിന്നോട്ട് വലിക്കും. നാടകം തുടങ്ങുമ്പോൾ കാണികളായി പുരുഷന്മാർ മാത്രം. സ്ത്രീകൾ ജനലിലൂടെ കഴുത്തുനീട്ടി നോക്കും. അവർക്ക് കാണാനൊന്നും പറ്റുമായിരുന്നില്ല.
ഇപ്പോഴത്തെ സ്ത്രീകളുടെ അവസ്ഥ? കഴിഞ്ഞദിവസം ഞാൻ കുടുംബശ്രീയുടെ പരിപാടിക്ക് പോയിരുന്നു. എത്ര സ്ത്രീജനങ്ങളാ അവിടെ കൂടിയത്. പണ്ട് ചിന്തിക്കാൻപോലും പറ്റുമായിരുന്നില്ല. അടിച്ചമർത്തപ്പെട്ടവരാണെന്ന് തോന്നില്ല. ഇപ്പോൾ നമുക്ക് ഒരു ശക്തിയുണ്ടെന്ന തോന്നൽ അവർക്ക് വന്നിട്ടുണ്ട്. അത് സമരങ്ങളിലൂടെയും നാടകമടക്കമുള്ള കലകളിലൂടെയും വന്നതാണ്. പിന്നെ നല്ല സിനിമകളിലൂടെയും രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെയും. ഇക്കാര്യത്തിൽ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് പറയാതിരിക്കാനാവില്ല. സ്ത്രീകൾ മുന്നോട്ടുവന്ന് കുറച്ച് അധികമായോ എന്നുപോലും തോന്നിപ്പോയി (ചിരി). ചില സ്ഥലങ്ങളിൽ ചെന്നപ്പോൾ ഞങ്ങൾ നേതാക്കളാണെന്ന ഭാവത്തിൽ ചില സ്ത്രീകൾ നടക്കുന്നതുകണ്ടു. ബാക്കിയുള്ളവർ വെറും അടിമകളാണെന്നും. ചിലരെ കൊച്ചാക്കുന്നതുപോലെ. അതുകാണുമ്പോൾ സങ്കടംതോന്നും. സ്ത്രീ എന്നുപറഞ്ഞാൽ അടിമകളല്ല, ഉടമകളാണെന്ന നാടകം ഞങ്ങൾ കളിച്ചിട്ടുണ്ട്. മനുഷ്യത്വത്തെ ചവിട്ടിമെതിക്കരുതെന്നും. എല്ലാ ജാതിയേയും ദൈവം സൃഷ്ടിച്ചതാണ്.
കലാരംഗത്തേക്ക് ഇവിടുന്ന് അധികം പെൺകുട്ടികൾ ഇപ്പോഴും വരുന്നില്ല. സമൂഹം പുരുഷ കേന്ദ്രീകൃതമായതുകൊണ്ടാണോ ?എനിക്കും മനസ്സിലാകുന്നില്ല. ഞങ്ങളൊക്കെ പട്ടിണികിടന്ന് നാടകം കളിച്ചവരാണ്. വയനാട് വരെ നടന്നുപോയിട്ടുണ്ട്. അന്നത്തെ തടസ്സങ്ങൾ ഏതായാലും ഇന്നില്ല. കുട്ടികൾ വിദ്യാഭ്യാസമ്പന്നരാണ്. കഴിവ് കൂടുതലുണ്ട്. പലരും പക്ഷേ വഴിതെറ്റിപ്പോകുന്നു. എത്രയോ മഹത്തായ നാടകങ്ങൾചെയ്ത കെ.ടി. മുഹമ്മദ് പോലും നിരാശയോടെയാണ് മരിച്ചത്. ഉദ്ദേശിച്ച മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാനായില്ലല്ലോ എന്നോർത്ത്. ഇപ്പോൾ കോഴിക്കോട്ട് ചെന്നാൽ കരച്ചിൽവരും. രാഷ്ട്രത്തെ അഭിസംബോധനചെയ്യാൻ കഴിയുംവിധം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്.
വഴിതെറ്റിപ്പോകുന്നു എന്ന് പറയുമ്പോൾ അർഥമാക്കുന്നത് എന്താണ്? പെൺകുട്ടികൾ കൂടുതൽ ധൈര്യശാലികളാകേണ്ടതുണ്ട്. ആരെയെങ്കിലും കണ്ടാൽ ഇറങ്ങിപ്പുറപ്പെടുന്ന സ്വഭാവം പലർക്കും കാണുന്നുണ്ട്. എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഓരോ പെൺകുട്ടിയും മനസ്സിൽ ഉറപ്പിക്കണം. ഇല്ലെങ്കിൽ പുരുഷന്റെ ചൂഷണത്തിന് വിധേയമാകും. അവർ നമ്മളെ മറ്റുള്ളവർക്ക് കൈമാറും. ആത്മവിശ്വാസം വേണം. ഇല്ലെങ്കിൽ അപമാനിക്കപ്പെടുന്നത് സ്ത്രീത്വമാണ്. നമ്മൾ ഒരാളുടെ കൈപിടിച്ചുപോകുന്നതിൽ തെറ്റില്ല. ഒരു കൈത്താങ്ങ് വേണ്ടി വന്നേക്കാം. പക്ഷേ, അടിമയാകരുത്. കൈപിടിച്ച് അക്കരെക്കടത്തുമെന്ന് ഉറപ്പുള്ളവരെ മനസ്സിലാക്കാനാകണം. പലപ്പോഴും അക്കാര്യത്തിൽ പഴയ പെൺകുട്ടികൾക്കല്ലേ കൂടുതൽ തിരിച്ചറിവുള്ളതെന്ന് എനിക്ക് തോന്നാറുണ്ട്. വിദ്യാഭ്യാസം കൂടിയെങ്കിലും ആ തിരിച്ചറിവ് ഇപ്പോഴത്തെ പലർക്കും ഇല്ല. ശരിക്കും വൈരുധ്യമാണത്.
Content Highlights: nilambur ayisha women's day
Published: 01 Mar 2023, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented