
ജോലി നഷ്ടപ്പെട്ട കോവിഡ് കാലത്ത് തന്നെയാണ് മാനസിക്ക് അവര്‍ നടത്തിയിരുന്ന ഹോസ്റ്റലും അടച്ച് പൂട്ടേണ്ടി വന്നത്. കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം കൂടി പോയതോടെ മാനസി കോഴിക്കോട് നിന്ന് സ്വന്തം നാടായ മട്ടന്നൂരേയ്ക്ക് വണ്ടി കയറി. വീട്ടില്‍ ഇരുന്ന് ഇനിയെന്ത് എന്നാലോചിച്ച് ദിവസങ്ങള്‍ തള്ളി നീക്കി. കോവിഡില്‍ മനുഷ്യര്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആയപ്പോള്‍ മാനസിയും ചിന്തിച്ചു ഓണ്‍ലൈനായി എന്ത് ചെയ്യാന്‍ കഴിയും. അങ്ങനെയാണ് മാനസി ബോട്ടീക്കിന്റെ തുടക്കം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ ട്രെന്‍ഡുകള്‍ കൃത്യമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്താല്‍ പരസ്യത്തിന് വലിയ തുക മാറ്റിവക്കാതെ തന്നെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് മാനസി പറയുന്നത്
പെയ്ഡ് പ്രമോഷന്റെ പിന്നാലെ പോയില്ല, കസ്റ്റമേഴ്‌സില്‍ വിശ്വാസം ഉറപ്പിച്ചു
ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമുകളുടെ ചുവട് പിടിച്ചാണ് മാനസി തന്റെ സംരഭം തുടങ്ങിയത്. മോഡേണ്‍ വസ്ത്രങ്ങളായിരുന്നു തുടക്കം. പക്ഷെ ക്ലിക്കായത് മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത സാരികളാണ്. അങ്ങനെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ സാരികള്‍ വിറ്റഴിക്കാനുളള സാധ്യതകളെപ്പറ്റി മാനസി പരമാവധി പഠിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഫോളോവേഴ്‌സിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് റീല്‍സും ഫോട്ടോഷൂട്ടുകളും നടത്തിയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മാത്രം കേന്ദ്രീകരിച്ചുള്ള ബിസിനസ്സില്‍ ചുവടുറപ്പിച്ചതെന്ന് മാനസി പറയുന്നു. പെയ്ഡ് പ്രമോഷനിലൂടെ കൂടുതല്‍ ലൈക്കും ഫോളോവേഴ്‌സും കിട്ടും. പക്ഷെ അതുകൊണ്ട് കച്ചവടം നടക്കുമോ എന്ന് മാനസിക്ക് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് പെയ്ഡ് പ്രോമോഷന്‍ ഒഴിവാക്കി കസ്റ്റമേഴ്‌സില്‍ വിശ്വാസം ഉറപ്പിച്ചു കാത്തിരുന്നു മാനസി. സാരി വാങ്ങി അതുപയോഗിച്ച് ഇഷ്ടം തോന്നിയ ആളുകള്‍ അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒക്കെ പറഞ്ഞു പറഞ്ഞാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജുകള്‍ക്ക് ഫോളോവേഴ്‌സ് ഉണ്ടായതെന്ന് മാനസി പറയുന്നു. നിനച്ചിരിക്കാതെ തന്നെ കടല്‍ കടന്നും സാരിക്ക് ആവശ്യക്കാരെത്തി.
നടക്കുന്നത് വലിയ മത്സരം, നിരന്തരം അപ്‌ഡേറ്റുകള്‍, ഒപ്പം കസ്റ്റമര്‍ ഇന്‍ട്രാക്ഷന്‍സും മുഖ്യം
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ സംരഭം വിജയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പേജുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് മാനസി ഈ രംഗത്തേക്ക് പുതുതായി വരാന്‍ ആഗ്രഹിക്കുന്നവരോട് പറയുന്നത്. പുതിയ റീല്‍സുകള്‍, പുതിയ ഫോട്ടോസ്, വീഡിയോസ് ഇതെല്ലാം കസ്റ്റമേഴ്‌സ് പ്രതീക്ഷിച്ചുകൊണ്ടേയിരിക്കും. ദിവസവും നമ്മുടെ പേജ് ഫോളോ ചെയ്യുന്ന കസ്റ്റമേഴ്‌സിന് നിരാശ തോന്നരുതെന്നും മാനസി പറയുന്നു. കൂട്ടുകാരില്‍ നിന്ന് കടം വാങ്ങിച്ച തുകയില്‍ തുടങ്ങിയ ബിസിനസ് ആയതിനാല്‍ പരസ്യത്തിന് വേണ്ടി വലിയ തുക ചെലവഴിക്കാന്‍ കഴിയുന്ന സാഹചര്യമില്ലായിരുന്നു. മാനസി തന്നെ പരസ്യങ്ങളിലെ മോഡലായി ഫോട്ടോ ഷൂട്ടിന് വേണ്ട ക്രാഫ്റ്റ് വര്‍ക്കും മാനസി തന്നെ ചെയ്തു, ക്യാമറാമാന്‍ എടുത്ത് നല്‍കുന്ന വീഡിയോസ് എഡിറ്റ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും പേജുകള്‍ മാനേജ് ചെയ്യുന്നതുമെല്ലാം മാനസി തനിച്ചാണ്. പേജുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് പോലെ പ്രധാനമാണ് കസ്റ്റമേഴ്‌സുമായുള്ള ആശയ വിനിമയം എന്നും മാനസി പറയുന്നു. മെസേജ് അയക്കുന്ന ആളുകള്‍ക്ക് പെട്ടന്ന് പെട്ടന്ന് മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ വേറെ ഏതെങ്കിലും ബോട്ടീക്കിന്റെ പേജ് തേടി പോവും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചുളള ബിസിനസ് അത്രയും വലിയ മത്സരം നടക്കുന്ന ഒന്ന് കൂടിയാണ് പിടിച്ച് നില്‍ക്കാന്‍ ഉറക്കമുളച്ചിരുന്ന് മറുപടി കൊടുക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ടെന്നും മാനസി പറയുന്നു.
പലതരം കമന്റുകള്‍ വരും അവ തള്ളിക്കളയാന്‍ പഠിച്ചില്ലെങ്കില്‍ പതറിപ്പോകും
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നതാണ് മാനസിയുടെ അനുഭവം. സാരികള്‍ ഓര്‍ഡര്‍ ചെയ്യാന്‍ നല്‍കുന്ന വാട്‌സാപ്പ് നമ്പറിലും ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം മെസേജ് ഒപ്ഷനുകളിലൂടെയും എല്ലാം അസഭ്യം നിറഞ്ഞ ടെക്സ്റ്റും, വീഡിയോകളും എല്ലാം വന്നുകൊണ്ടേയിരിക്കും. ഇത്തരം കമന്റുകളില്‍ തളരാതെ ഇരിക്കുക എന്നത് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ വളരെ പ്രധാനമാണെന്ന് മാനസി പറയുന്നു. ഇത്തരം കമന്റുകള്‍ പ്രതീക്ഷിച്ചുതന്നെ വീഡിയോസും റീല്‍സും ചെയ്താല്‍ പെട്ടന്ന് ഉണ്ടാവുന്ന ഇത്തരം പ്രതികരണങ്ങളില്‍ മനസ് തളരില്ലെന്നും മാനസി പറയുന്നു.
സീസണ്‍ കച്ചവടം എന്നൊന്നില്ല; കച്ചവടത്തിന്റെ ജാതകം നിര്‍ണയിക്കുന്നത് ഡിജിറ്റല്‍ മീഡിയ ട്രെന്‍ഡ്‌സ്
ഓണം, വിഷു, ക്രിസ്മസ്, പെരുന്നാള്‍ അങ്ങനെ കടകളിട്ട് കച്ചവടം നടത്തുന്നവര്‍ കച്ചവടം പൊടിപൊടിക്കും എന്ന് കരുതുന്ന സീസണുകള്‍ പലതാണ്. പക്ഷെ ഇവിടെ കച്ചവടത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നതില്‍ സമൂഹമാധ്യമങ്ങളിലെ മാറി മറിയുന്ന ട്രെന്‍ഡുകള്‍ക്ക് വളരെ വലിയ സ്ഥാനം ഉണ്ടെന്നതാണ് അനുഭവം. ബിസിനസ്സ് തുടങ്ങിയ സമയത്ത് എന്റെ കയ്യില്‍ നിന്ന് ഒരു സാരി വാങ്ങിയ കസ്റ്റമര്‍ പാക്കറ്റ് അണ്‍ബോക്‌സ് ചെയ്യുന്ന ഒരു വീഡിയോ എടുക്കുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അത് വലിയ റീച്ചാണ് എനിക്ക് ബിസിനസ്സ് രംഗത്ത് ഉണ്ടാക്കി തന്നത്. അത് പോലെ തന്നെയാണ് മിക്ക അനുഭവങ്ങളും നന്നായി ബിസിനസ് ഉണ്ടാവും എന്ന് കരുതിയ സീസണ്‍ സമയങ്ങളില്‍ ബിസിനസ് ഡള്‍ ആവാറുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ കൃത്യമായി ഫോളോ ചെയ്യുകയും മാറിമറിയുന്ന ട്രെന്‍ഡ് അനുസരിച്ച് പേജ് അപ്‌ഡേറ്റ് ചെയ്താല്‍ നല്ല റീച്ച് ഉണ്ടാവുകയും അത് പോലെ തന്നെ ബിസിനസില്‍ നിന്ന് നല്ല ലാഭം ഉണ്ടാവുകയും ചെയ്യാറുണ്ടെന്നും മാനസി പറയുന്നു.
Content Highlights: manasi boutique women's day 2023
Published: 08 Mar 2023, 12:08 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented