2015 ഓഗസ്റ്റ്‌ 15-ന് നവമാധ്യമക്കൂട്ടായ്മയിലൂടെ സ്ത്രീകളുടെ യാത്ര സംഘടിപ്പിക്കുമ്പോൾ ഗീതുവിനുമുന്നിൽ വെല്ലുവിളികളേറെയായിരുന്നു. എന്നാൽ അവരിൽ പലരും ഇന്ന് സോളോ യാത്രികരായി നാടുകാണാൻ ഇറങ്ങുമ്പോൾ ജന്മം സഫലമായ സന്തോഷവും. വിനോദസഞ്ചാരവകുപ്പിന്റെ ഗ്രാസ്‌റൂട്ട് ലീഡർ എന്ന ഗ്ളോബൽ പുരസ്കാരം സ്വന്തമാക്കി, ആറായിരം സ്ത്രീകളെ നാടുകാണിച്ചതിന്റെയും അവർക്ക് ആത്മവിശ്വാസമേകിയതിന്റെയും സന്തോഷമാണ് വനിതാദിനത്തിൽ സഞ്ചാരിയായ ഗീതു മോഹൻദാസിന് പങ്കുവെക്കാനുള്ളത്.

To advertise here,

സ്ത്രീകളെ വീടിനുപുറത്തേക്ക് ഇറക്കുക എന്നതായിരുന്നു ആദ്യ കടമ്പ. അതിന് വീട്ടുകാരെക്കൂടി വിശ്വാസത്തിലെടുക്കണം. അങ്ങനെ സ്ത്രീകളുടെമാത്രം യാത്ര എന്ന ആശയത്തിന് തുടക്കമായി. വിദേശത്തിരുന്ന് ഭർത്താക്കന്മാരും നാട്ടിലിരുന്ന് അച്ഛനമ്മമാരുമെല്ലാം ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും. വലിയ വെല്ലുവിളിയുള്ളതായിരുന്നു ആ കാലം. ഇപ്പോൾ ആണും പെണ്ണും ചേർന്നുള്ള ഗ്രൂപ്പ് യാത്രകൾ പദ്ധതിയിട്ടാലും ഒരു കുഴപ്പവുമില്ലെന്ന വിശ്വാസ്യതയിലേക്ക് എത്തി. സ്ത്രീകൾ അനുഭവങ്ങൾ പങ്കുവെച്ച് എഴുതുകയും ഫോട്ടോകൾ ഇടുകയും ചെയ്തതോടെ യാത്രികരുടെ എണ്ണം കൂടി. ഒന്നോ രണ്ടോ തവണ യാത്രചെയ്തവർ അവരുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി യാത്രകൾ തുടങ്ങി. സ്വന്തമായി റൂം ബുക്കിങ്ങും വിമാന ബുക്കിങ്ങുമൊക്കെ തുടങ്ങി. ഇങ്ങനെയൊരു ആത്മവിശ്വാസം തന്നെയായിരുന്നു ഞങ്ങളുടെ ലക്ഷ്യം-ഗീതു വ്യക്തമാക്കുന്നു.

സ്ത്രീകളുടെ മാത്രം ഗ്രൂപ്പിന്റെ യാത്രയ്ക്ക് സൃഷ്ടി എന്നാണ് പേരിട്ടിരിക്കുന്നത്. കക്കാടംപൊയിലിൽനിന്നു തുടങ്ങിയ യാത്ര ഹിമാലയം താണ്ടി ഭൂട്ടാനിലും തായ്‌ലാൻഡിലുമെല്ലാമെത്തി. ലഡാക്കിലെ ഗ്രാമങ്ങളിൽ അവർക്കൊപ്പം അവരിലൊരാളായി കുറച്ചുദിവസം താമസിക്കുന്ന യാത്രകളും സംഘടിപ്പിക്കാറുണ്ട്. സേത്തൾ ഡോൾമ എന്ന പെൺകുട്ടിയാണ് അവിടത്തെ സംഘാടക. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പെൺകുട്ടികൾ കൂട്ടായ്മയിലുണ്ട്. വർഷത്തിൽ ഒരുതവണ യാത്രചെയ്തവർ മാസത്തിൽ ഒന്ന് എന്നരീതിയിലേക്ക് മാറി. നാടുചുറ്റുന്നതിലൂടെ മനസ്സിനുണ്ടാകുന്ന ഉണർവ് കാര്യക്ഷമത കൂട്ടുന്നു എന്ന സത്യവും സ്ത്രീകൾ തിരിച്ചറിയാൻ തുടങ്ങി. അനുഭവങ്ങൾ എഴുതാനും തുടങ്ങി.

ജനുവരിയിൽ തണുത്തുറഞ്ഞുകിടക്കുന്ന സൻസ്കാർ നദിയിലൂടെയുള്ള സാഹസികമായ ട്രെക്കിങ്ങിലും സ്ത്രീകളായിരുന്നു മുന്നിൽ. സൃഷ്ടിക്കു പുറമേ തുടങ്ങിയ ‘ലെറ്റ് അസ് ഗോ ഫോർ എ ക്യാമ്പ്’ ഇപ്പോൾ പ്രൊഫഷണൽ ഗ്രൂപ്പായി. യാത്രകൾക്ക് നേതൃത്വം കൊടുക്കുന്നത് പെൺകുട്ടികളാണ്. ഇതിനുള്ള അംഗീകാരമാണ് കഴിഞ്ഞദിവസം കുമരകത്തുവെച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ഗീതുവിന് നൽകിയത്. ബെംഗളൂരുവിൽ ഹാർഡ്‌വേർ ഡിസൈൻ എൻജിനീയറായ ഗീതു ആലുവ മുപ്പത്തടം സ്വദേശിയാണ്.