
ഹരിപ്പാട്: തീരെ ചെറുപ്പം മുതല്‍ സരിതയ്ക്ക് നൃത്തം പഠിക്കാന്‍ കൊതിയായിരുന്നു. പക്ഷേ, പലകാരണങ്ങളാല്‍ അതിനുകഴിഞ്ഞില്ല. കൂട്ടുകാര്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടുമ്പോള്‍ അവളുടെ കണ്ണുനിറയാറുണ്ടായിരുന്നു. ഇന്നിപ്പോള്‍, സരിതയുടെ ജീവിതം ഏറെ മുന്നോട്ടുപോയി. നഴ്സിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. വിവാഹിതയായി. റെയില്‍വേയില്‍ ഗേറ്റ് കീപ്പറായി ജോലികിട്ടി. മക്കള്‍ ബിരുദത്തിനും എട്ടാം ക്ലാസിലും പഠിക്കുന്നു. ഭര്‍ത്താവ് നാട്ടില്‍ കച്ചവടസ്ഥാപനം നടത്തുന്നു. ജോലിയുടെ പിരിമുറുക്കത്തിനും വീട്ടിലെ തിരക്കിനുമെല്ലാം ഇടയില്‍ സരിത നൃത്തം പഠിച്ചു. 38-ാം വയസ്സില്‍ അരങ്ങേറി. അതും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തില്‍. ആഗ്രഹങ്ങള്‍ക്ക് സ്വയം അതിര്‍ത്തി വരയ്ക്കാതിരുന്നാല്‍ ഇഷ്ടമുള്ളിടത്തെല്ലാം പറന്നെത്താന്‍ പെണ്ണിനു കഴിയുമെന്നാണ് ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിതം ജീവിച്ചുതീര്‍ക്കുന്നവരോട് സരിതയ്ക്കു പറയാനുള്ളത്.
പള്ളിപ്പാട് പുത്തന്‍പുരയില്‍ ആര്‍. സരിത 10 വര്‍ഷമായി റെയില്‍വേയില്‍ ഗേറ്റ് കീപ്പറാണ്. ഇപ്പോള്‍ കരുവാറ്റ ഊട്ടുപറമ്പ് ലെവല്‍ക്രോസിലാണ് ജോലി. ഗേറ്റില്‍ പലപ്പോഴും 24 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരും. ഇതിനിടെ വീട്ടിലെ കാര്യങ്ങളും നോക്കണം. പഠനകാലത്ത് നൃത്തം പഠിക്കാന്‍ കഴിഞ്ഞില്ല. ജോലി കിട്ടിയശേഷമാകാമെന്ന് ചിന്തിച്ചെങ്കിലും അതും നടന്നില്ല. ഒടുവില്‍, കഴിഞ്ഞവര്‍ഷം രണ്ടുംകല്പിച്ച് ആ തീരുമാനമെടുത്തു. എങ്ങനെയും നൃത്തം പഠിക്കണം. അങ്ങനെയാണ് നൃത്താധ്യാപിക അമ്പലപ്പുഴ കരൂരിലെ അഞ്ജലി രാജീവിനെ സമീപിക്കുന്നത്. ഗേറ്റിലെ ജോലികഴിഞ്ഞ് രാത്രി വൈകി സ്‌കൂട്ടറില്‍ അമ്പലപ്പുഴയെലെത്തിയായിരുന്നു പഠനം. ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. മനസ്സിനൊപ്പം ശരീരം വഴങ്ങാത്തതും ജോലിയുടെയും യാത്രയുടെയും ക്ഷീണവുമെല്ലാം തളര്‍ത്തി. പക്ഷേ, വിട്ടുകൊടുക്കരുതെന്ന് സ്വയംപറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ അരങ്ങേറിക്കഴിഞ്ഞപ്പോള്‍ സന്തോഷക്കൊടുമുടിയേറിയ അനുഭവമായിരുന്നെന്ന് സരിത പറയുന്നു.
ചെറുതനയിലെ ഗേറ്റില്‍ ജോലിക്കിടെ ഒരാള്‍ കല്ലെറിഞ്ഞതും കരുവാറ്റയില്‍ വെച്ച് പാമ്പുകടിയേറ്റതും സരിതയുടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളിനിറഞ്ഞ നിമിഷങ്ങളായിരുന്നു. രാത്രിയിലെ ജോലിക്കിടെ പലതരത്തിലെ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഇതിന്റെ പിരിമുറുക്കമെല്ലാം മറക്കാന്‍ നൃത്തം സരിതയ്ക്കു തുണയാവുകയാണ്. ബുധനാഴ്ച ലോക വനിതാദിനത്തില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന ആഘോഷത്തില്‍ സരിത ഭരതനാട്യം അവതരിപ്പിക്കുന്നുണ്ട്.
റെയില്‍വേയില്‍നിന്നു ഗേറ്റ് കീപ്പറായി വിരമിച്ച ബാബുവിന്റെയും രാധയുടെയും മകളാണ്. ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണകുമാര്‍ പള്ളിപ്പാട് പൊയ്യക്കരയില്‍ കടനടത്തുന്നു. മകള്‍ അപര്‍ണ ഉണ്ണി ചെമ്പഴന്തി എസ്.എന്‍. കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മകന്‍ ആദിഷ് ഉണ്ണി എട്ടാം ക്ലാസില്‍ പഠിക്കുന്നു.
Content Highlights: International Women's Day- story of a gate keeper who learned dance at the age of 38
Published: 08 Mar 2023, 11:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented