വേസ്റ്റ്  പേപ്പറില്‍ വാട്ടര്‍ കളറുകൊണ്ട് പൂവും ഇലയും കായും വരച്ച് വെട്ടിയെടുത്ത് ആദ്യത്തെ ബുക്ക് മാര്‍ക്ക്. 20 രൂപയ്ക്ക് വിൽപ്പനയ്ക്കുവെച്ചു. സംഭവം നടന്നത് 2018-ല്‍. നാലു വര്‍ഷം കഴിയുമ്പോള്‍ കണ്ണൂര്‍ കണ്ണപുരംകാരി ആതിര രാധന്റെ 'ലിറ്റില്‍ തിങ്‌സി'ന്റെ ബുക്ക് മാര്‍ക്കുമന്വേഷിച്ച് ആഫ്രിക്കയില്‍നിന്നും അമേരിക്കയില്‍നിന്നും വരെ ഓര്‍ഡറുകൾ എത്താറുണ്ട്. ഹാന്‍മെയ്ഡ് ബുക്ക് മാര്‍ക്കും കലണ്ടറും കാര്‍ട്ടൂണുകളും വെഡ്ഡിങ് കാര്‍ഡും നോട്ട്ബുക്കും ടോട് ബാഗും ഫോട്ടോ ഇല്ലസ്‌ട്രേഷനുമടക്കം ആതിരയുടെ  കൈയില്‍ ഒരു കൊട്ട 'ക്യൂട്ട് ലിറ്റില്‍ തിങ്‌സുണ്ട്'. സംരംഭകയ്ക്ക് പുറമെ അസാപ് കേരളയിലെ സോഫ്റ്റ് സ്‌കില്‍ ട്രെയിനറാണ് ആതിര. കൂടെ ആര്‍ട്‌സ് വര്‍ക്ക് ഷോപ്പുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാട്ടര്‍ കളര്‍ ക്ലാസുകളും കാലിഗ്രഫി ക്ലാസുകളും നല്‍കുന്നുണ്ട്. തിരക്കുകള്‍ ക്രിയേറ്റീവ് ആകുമ്പോള്‍ ഓട്ടപ്പാച്ചില്‍ ഒരു രസമാണ്. ആതിര പറയും. അധ്യാപന ജോലി രാജിവച്ച് സംരംഭകയാവാന്‍ ഇറങ്ങിത്തിരിച്ച ആതിരയുടെ കഥ:

To advertise here,

ഇംഗ്ലീഷില്‍ ബി.എഡ്. കഴിഞ്ഞ് ആര്‍ട്ടിസ്റ്റായി

ഞാന്‍ പഠിച്ചത് എം.എ. ഇംഗ്ലീഷാണ്. അത് കഴിഞ്ഞ് ബി.എഡ്. ചെയ്തു. ടീച്ചിങ് ഒക്കെയായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമയം. വരയെയോ ക്രാഫ്റ്റിനെയോ ഒരിക്കലും സീരിയസ്സായി കണ്ടിരുന്നില്ല. ഒഴിവുവേളകള്‍ ആനന്ദകരമാക്കാന്‍ എന്നുപറയും പോലെ ചെയ്തിരുന്ന കാര്യങ്ങളായിരുന്നു അതെല്ലാം. ഒരു ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റ് ആകുന്നതോസംരംഭകയാകുന്നതോ ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. ബുക്ക് മാര്‍ക്കുകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുമോ എന്നുപോലും എനിക്കറിയില്ലായിരുന്നു. വേസ്റ്റ് വന്ന ഐവറി ഷീറ്റുകള്‍ കൊണ്ടാണ് ആദ്യത്തെ ബുക്ക് മാര്‍ക്ക് പരീക്ഷണം. അതിന്റെ പടങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവിടെ അത് എല്ലാരും വളരെ ഗൗരവത്തോടെ ഏറ്റെടുത്തു. അത് സെയിലിനുണ്ടോന്നുള്ള ചോദ്യം വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. അവിടെയാണ് ഇതിന്റെ ബിസിനസ് സാധ്യതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. അങ്ങനെ എഫ്.ബി. പ്രൊഫൈല്‍ പബ്ലിക്ക് ആക്കി. ക്രാഫ്റ്റ്‌സ് ഓഫ് ആതി എന്ന പേരില്‍ ഒരു പേജ് തുടങ്ങി. പിന്നെയാണ് ലിറ്റില്‍ തിങ്‌സ് എന്നാക്കിയത്. ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ അത് ആതീസ് ലിറ്റില്‍ തിങ്‌സ് ആയി.

എന്റെ ഉള്ളില്‍ ടീച്ചറില്ല, ഞാനൊരു കുട്ടിയാണ്

ബി.എഡിന്റെ ടീച്ചിങ് പ്രാക്ടീസൊക്കെ തകൃതിയായി നടക്കുന്ന സമയത്തായിരുന്നു എന്റെ ടൈം പാസ് ബുക്ക് മാര്‍ക്ക് നിര്‍മ്മാണം. എല്ലാറ്റിന്റെയും ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലിടും.  ഇതിനിടയില്‍ ആളുകള്‍ അവരുടെ ഇഷ്ടങ്ങള്‍ പറഞ്ഞ് അതുപോലുള്ള ബുക്ക് മാര്‍ക്ക് ആവശ്യപ്പെട്ടു തുടങ്ങി. പഠനത്തിനൊപ്പം സൈഡായി അതൊക്കെ ചെയ്തുകൊടുത്തു. അതെല്ലാം എന്റെ ലേണിങ് ടൈം ആയിരുന്നു. അന്ന് എല്ലാരോടും ചോദിച്ചാണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. കളര്‍, പേപ്പര്‍, പെന്‍ എല്ലാത്തിനെക്കുറിച്ചും പലരോടും ചോദിച്ച് പഠിച്ചു. ബി.എഡ്. കഴിഞ്ഞ് ഒരു സ്‌കൂളില്‍ ജോലിക്ക് കയറി. ഒപ്പം അസാപ് കേരള ട്രെയിനറായും ജോലി ചെയ്യുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ലിറ്റില്‍  തിങ്‌സാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്ന്. എന്റെ ഉള്ളില്‍ ടീച്ചറില്ലെന്നും എപ്പോഴും പുതിയത് പഠിക്കാന്‍ ആഗ്രഹിക്കുന്നൊരു കുട്ടിയാണ് ഞാനെന്നും തിരിച്ചറിഞ്ഞപ്പോഴാണ് സത്യത്തില്‍ ഞാനീ ജോലിക്ക് ഇറങ്ങി. ജോലി വിട്ട് പൂര്‍ണ്ണസമയ ആര്‍ട്ടിസ്റ്റാവാം എന്ന വലിയൊരു സ്റ്റെപ്പ് എടുക്കാന്‍ തീരുമാനിച്ചു. സ്‌കൂളില്‍നിന്ന് രാജിവച്ച് ലിറ്റില്‍ തിങ്‌സില്‍ കൂടുതല്‍ ഫോക്കസ് ചെയ്തു തുടങ്ങി. ഇതൊരു ജോലി ആയതോടെ എന്റെ ഉത്തരവാദിത്തങ്ങളും കൂടി. ഇതെന്റെ വരുമാനമാര്‍ഗമായി മാറി.

placeholder
ആതിര

ഇന്‍സ്റ്റയല്ലേ നമ്മളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റ്

ഡിജിറ്റല്‍ ലോകം സ്ത്രീകള്‍ക്ക് നല്‍കുന്നത് വലിയ സാധ്യതയാണ്. കസ്റ്റമേഴ്‌സെല്ലാം ഓണ്‍ലൈന്‍ ലോകത്തുള്ളവരാണ്. മാര്‍ക്കറ്റ് പ്ലേസ് എന്ന് പറയുന്നത് സോഷ്യല്‍ മീഡിയയാണ്. ഇവിടെ കച്ചവടം നടക്കുന്നത് വളരെ ക്വിക്ക് ആയാണ്. ഒരു വര്‍ക്കിന്റെ ഫോട്ടോയോ വീഡിയോയോ പങ്കുവച്ച ഉടന്‍ നമുക്ക് റെസ്‌പോണ്‍സ് കിട്ടും. ലിറ്റില്‍ തിങ്‌സ് തുടങ്ങുന്ന സമയത്ത് എനിക്ക് ഫെയ്​സ്ബുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്‍സ്റ്റഗ്രാമിന്റെ സാധ്യകള്‍ പഠിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. അതാണ് സത്യത്തില്‍ ലിറ്റില്‍ തിങ്‌സിനെ വളര്‍ത്തിയത്. അവിടെ ഏത് പ്രായത്തിലുള്ളവര്‍ക്കും സാധ്യതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പറ്റിയ സ്‌പേസാണ്.

പുതുമ മുഖ്യം 

പുതുമ കണ്ടെത്തലാണ് ക്രിയേറ്റീവ് ജോലികളിലെ ഏറ്റവും വലിയ ചാലഞ്ച്. പുതുമ നിലനിര്‍ത്തി കസ്റ്റമേഴ്‌സിനെ പിടിച്ചുനിര്‍ത്തുക വളരെ പ്രധാനമാണ്. ഒപ്പം യുണീക്‌നെസും വേണം. മത്സരം ഏറെയുള്ള മേഖലയാണിത്. ആളുകള്‍ വളരെ ക്രിയേറ്റീവാണ്. ഉള്ളില്‍ തോന്നുന്ന ഐഡിയകള്‍ ഉടന്‍ നടപ്പിലാക്കുക എന്നതും പ്രധാനമാണ്. പുതിയൊരു ഐഡിയ മനസ്സില്‍ ക്ലിക്കായി കൂടുതല്‍ ആലോചിച്ചിരുന്നാല്‍ അത് മറ്റാരെങ്കിലും കൊണ്ടുപോകും, ഉറപ്പാണ്. ബുക്ക് മാര്‍ക്കില്‍ തുടങ്ങിയ ഞാന്‍ ഇന്ന് പലതരം ഹാന്‍മെയ്ഡ് ഐറ്റംസ് ലിറ്റില്‍ തിങ്‌സിലൂടെ നല്‍കുന്നുണ്ട്. ബുക്ക് മാര്‍ക്കും കലണ്ടറും കാര്‍ട്ടൂണുകളും വെഡ്ഡിങ് കാര്‍ഡും നോട്ട്ബുക്കും ടോട് ബാഗും ഫോട്ടോ ഇല്ലസ്‌ട്രേഷനുമൊക്കെ. പുതുമകള്‍ തേടണം, അറിയാത്തവ പഠിക്കണം, പഠിച്ച് മാത്രമേ വളരാനാവൂ. വരയിലും ഐഡികളിലും എന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്പയര്‍ ചെയ്തിട്ടുള്ളത് പ്രകൃതിയാണ്. പൂക്കളാണ് എന്റെ ഫേവറൈറ്റ്. സത്യത്തില്‍ പൂക്കളെ കോപ്പിയടിച്ചാണ് ഞാന്‍ നിറങ്ങള്‍ കണ്ടെത്തുന്നത്.

സ്‌നേഹമാണ് നമ്മുടെ മെയിന്‍

വര്‍ക്കിനെപ്പോലെ എനിക്ക് വളരെ പ്രധാനമാണ് ഓരോ വര്‍ക്കിന്റെ പാക്കിങ്ങും അതില്‍ കൊടുക്കുന്ന ഓരോ കുഞ്ഞു ഡീറ്റെയ്‌ലിങ്ങുപോലും. എന്റെ കസ്റ്റമേഴ്‌സും പറയാറുണ്ട്. വര്‍ക്കിനോടും അത് വാങ്ങുന്നവരോടുമുള്ള സ്‌നേഹമാണ് ഞാന്‍ പൊതിഞ്ഞുകെട്ടി കൊടുക്കുന്നതെന്ന് എപ്പോഴും പറയാറുണ്ട്. പൈസയ്ക്ക് അപ്പുറത്തേക്ക് അത് എത്രമാത്രം രസകരമാക്കാം എന്നാണ് ഞാന്‍ ആലോചിക്കാറ്. ഞാന്‍ കൊടുക്കുന്ന കവര്‍ തുറക്കുമ്പോള്‍ വാങ്ങുന്നവരുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണെനിക്ക്.

കുടുംബവും തൊഴിലും - സ്ത്രീകള്‍ക്ക് മാത്രം പോര ബാലന്‍സ്

കുടുംബവും തൊഴിലും ബാലന്‍സ് ചെയ്ത് കൊണ്ടുപോകേണ്ടത് സ്ത്രീകളുടെ മാത്രം ആവശ്യമാകരുത്. ഇവിടെ അങ്ങനെയാണ്. അതെപ്പോഴും സ്ത്രീകള്‍ക്ക് തീരെ എളുപ്പമാകാറില്ല. കാരണം കുടുംബവും കുടിക്കളെയും നോക്കേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്തമാണ് എന്നാണ് സമൂഹം കരുതുന്നത്. ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയമാണല്ലോ മിക്ക സ്ത്രീകള്‍ക്കും അവനവനുവേണ്ടി ജീവിക്കാന്‍ കിട്ടാറുള്ളത്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ആ ബാലന്‍സിനുവേണ്ടി കഷ്ടപ്പെടേണ്ടിവരാറില്ല. കാരണം എന്റെ കുടുംബമാണ് എന്റെ ഏറ്റവും വലിയ പിന്തുണ. എന്റെ അമ്മയും അച്ഛനും അനിയത്തിയും ആണെങ്കിലും ഭര്‍ത്താവും കുടുംബവുമാണെങ്കിലും എന്റെ ഈ 'ലിറ്റില്‍ ജേര്‍ണി' ആസ്വദിക്കുന്നവരും അതിന് പിന്തുണ നല്‍കുന്നവരുമാണ്.

എന്റെ ക്രിയേറ്റീവ് ഐഡിയകളില്‍ പലതിന്റെയും മാസ്റ്റര്‍ ബ്രെയിന്‍ ഭര്‍ത്താവ് വിവേകാണ്. എനിക്ക് എന്റേതായ ഇടം കുടുംബത്തിലുണ്ട്. അത് ഞാന്‍ തന്നെ ഉണ്ടാക്കി എടുത്തതാണ്. ലിറ്റില്‍ തിങ്‌സ് കഴിഞ്ഞാല്‍ പാചകമാണ് മറ്റൊരു ഇഷ്ടമുള്ള കലാപരിപാടിയാണ്. പിന്നെ ചെറിയ രീതിയില്‍ ടെറസ് കൃഷി, ഗാര്‍ഡനിങ് തുടങ്ങി കുറച്ചധികം ലിറ്റില്‍ തിങ്‌സ് ചെയ്യാറുണ്ട്. ഹസ്ബന്‍ഡ് മാധ്യമപ്രവര്‍ത്തനത്തിനൊപ്പം കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. അതിന്റെ വീഡിയോ ഷൂട്ടും പരിപാടികളുമൊക്കെയായി എപ്പോഴും തിരക്കിലാണ്. തിരക്കുകള്‍ ക്രിയേറ്റീവ് ആകുന്നതുകൊണ്ട് ഞാന്‍ ഹാപ്പിയാണ്.

ശീലമാക്കണം സാമ്പത്തിക സ്വാതന്ത്ര്യം

സ്ത്രീകളുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനം സാമ്പത്തിക സ്വാതന്ത്ര്യത്തിലാണ് കിടക്കുന്നതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കയ്യില്‍ കാശ് വേണം. കാശില്ലെങ്കില്‍ ടെന്‍ഷനാകും. അതുകൊണ്ട് പി.ജി. കാലം മുതല്‍ പാര്‍ട് ടൈമായി ജോലി ചെയ്തിരുന്നു. ഇന്നും ആരെയും ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ എനിക്ക് ഊര്‍ജ്ജം തരുന്നത് എന്റെ സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാണ്. ഓരോ സ്ത്രീയും വളര്‍ന്നുവരുന്ന പെണ്‍കുട്ടിയും ജീവിതത്തില്‍  സാമ്പത്തിക സ്വാതന്ത്ര്യത്തിനു തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. സാമ്പത്തികമായി ആരെയും ആശ്രയിക്കാതിരിക്കാന്‍ നമ്മള്‍ ശീലിക്കണം. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ എന്റെ അടുത്ത് ആഗ്രഹിച്ച് വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും സ്വന്തം കൈയില്‍ കാശില്ലാത്തതിന്റെ വിഷമം പങ്കുവയ്ക്കാറുണ്ട്. അത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.

ഇവിടെ ജോലിസുരക്ഷയില്ല, തിരഞ്ഞെടുത്ത ജോലി സുരക്ഷിതമാക്കണം

ഒന്നാം തീയതി സാലറി കൈയില്‍ കിട്ടുന്ന ജോലി തരുന്ന സമാധാനമൊന്നും ചിലപ്പോള്‍ ഒരു ബിസിനസിന് തരാനായെന്നു വരില്ല. പലരും എന്നെ ആദ്യകാലത്ത് അത് പറഞ്ഞ് ആശങ്കപ്പെടുത്തിയിരുന്നു. ഇതില്‍ സ്ഥിരവരുമാനം എന്ന രീതിയല്ലല്ലോ. പക്ഷേ, അതിനെ തരണം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ വളരുകയെന്നതാണ് എന്നതാണ് ഞാന്‍ ആ ടെന്‍ഷന്‍ മറികടക്കാന്‍ കണ്ടെത്തിയ ആശയം. 9-5 ജോലി പോലെ ഒരു ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റായി നിലനിന്നു പോവുക അത്ര എളുപ്പമല്ല. ജോലി വിട്ട് ലിറ്റില്‍ തിങ്‌സിലേക്ക് വരികയാണെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ നിനക്കിഷ്ടമുള്ള കാര്യം ചെയ്ത് വരുമാനം ഉണ്ടാക്കുന്നതാണ് നല്ലതെന്നാണ് അമ്മ പറഞ്ഞത്. പലര്‍ക്കും കുടുംബത്തില്‍നിന്ന് അത്തരത്തിലൊരു പിന്തുണ ലഭിച്ചെന്നു വരില്ല. എന്റെ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അത് പുറത്തുകാണിച്ചില്ല. ആ ആശങ്കയുടെ മറുപടിയായിരുന്നു ലിറ്റില്‍ തിങ്‌സിന്റെ വളര്‍ച്ച.

സന്തോഷത്തിന്റെ കാര്യത്തില്‍ ഞാന്‍ റിച്ചാണ്

2018 മുതല്‍ തുടങ്ങിയ ഈ കുഞ്ഞു സംരംഭത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ സമ്പാദ്യം സന്തോഷമാണ്. ഏറ്റവും ഇഷ്ടമുള്ളത് ഞാന്‍ ജോലിയാക്കി മാറ്റി. ഇവിടെ വ്യക്തിപരമായും എന്റെ ഉള്ളിലെ ആര്‍ട്ടിസ്റ്റിനും വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്റെ ജീവിതത്തോളം പ്രിയപ്പെട്ടതാണ് ഈ യാത്രയും ഈ ബിസിനസും. എന്നെക്കൊണ്ട് കഴിയും വിധം കൂടെയുള്ള സ്ത്രീകളെയും ബിസനസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെയും പിന്തുണയ്ക്കാന്‍ ശ്രമിക്കാറുണ്ട്. ഒരുമിച്ചുവേണം നമ്മള്‍ മുന്നേറാന്‍. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇതിലേക്ക് വരാന്‍ കഴിയണം.എന്റെ അമ്മ മിനി രാധന്‍ ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. കൂടെ തയ്യല്‍ പരിപാടികളുമുണ്ട്. ഒരു കുഞ്ഞു ഷാള്‍ കിട്ടിയാല്‍പ്പോലും അതില്‍ സാധ്യത കണ്ടെത്തുന്ന ആളാണ് അമ്മ. പക്ഷേ അമ്മ തയ്ക്കും എന്ന് നാട്ടുകാര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. കുറച്ചധികം ആളുകളിലേക്ക് അമ്മയുടെ ക്രിയേറ്റിവിറ്റി എത്തിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് അമ്മയ്ക്ക് ഇന്‍സ്റ്റഗ്രാം പരിചയപ്പെടുത്തിക്കൊടുത്തത്. അമ്മയുടെ തയ്യല്‍ പരീക്ഷണങ്ങളൊക്കെ അതില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോകം കൊടുക്കുന്നത് വലിയ സ്‌പേസ് ആണ്. അനിയത്തി ആരതിയും ഞാനുമാണ് അമ്മയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. അച്ഛന്‍ രാധന്‍ കണ്ണപുരം തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റാണ്, ഒപ്പം ഞങ്ങളുടെ ക്രിട്ടിക്കും.