എൻ്റെ പ്രണയമേ…

To advertise here,

നിന്നെ കാണാൻ അനുവദിക്കാതെ

എന്നെ തടവിലിട്ടവനോട്

ദൈവം പൊറുക്കട്ടെ

നിൻ്റെ പ്രണയം അനുഭവിക്കാതെ

ഇതാ ഞാൻ തളർന്നുപോയിരിക്കുന്നു

ണ്ടൻ ടവറിലെ തടവിലിരുന്ന് ചാൾസ് തൻ്റെ പ്രിയതമ ബോണേയ്ക്ക് എഴുതിയതാണ് ഈ വരികൾ. യുദ്ധകാലമായിരുന്നു അത്. അജിൻകോട്ട് യുദ്ധത്തിൽ ചാൾസ് അഞ്ചാമൻ്റെ കൊച്ചുമകനും ഓർലീൻസിലെ പ്രഭുവുമായ ചാൾസ് ഡി ഓർലീൻസിനെ (1394-1465) പിടികൂടിയ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ലണ്ടൻ ടവറിൽ തടവിലാക്കി.

അജിൻകോട്ട് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഷേക്സ്പിയർ എഴുതിയ ചരിത്ര നാടകമായ ഹെൻറി അഞ്ചാമനിൽ ഒരു കഥാപാത്രമായി ചാൾസ് പ്രത്യക്ഷപ്പെടുന്നുണ്ട്. തടവിലാക്കപ്പെടുമ്പോൾ ചാൾസിനു ഇരുപത്തിയൊന്നാണ് പ്രായം. തൻ്റെ പ്രണയമായ ബോണേയെ കാണാതെ തടവിൽ ഒരു വർഷം പിന്നിട്ടപ്പോഴേക്കും അദ്ദേഹം വിഷാദിയായി.

അങ്ങനെ 1415-ലെ പ്രണയദിനത്തിൽ ബോണേക്കായി ഫ്രഞ്ച് ഭാഷയിൽ ചാൾസ് ഒരു കവിതയെഴുതി. ‘മൈ വെരി ജെൻഡിൽ വാലൻ്റൈൻ’ എന്ന ഈ കവിതയാണ് ലോകത്തിൽ കണ്ടെടുക്കപ്പെട്ടതിൽ ഏറ്റവും പഴയ പ്രണയദിനസന്ദേശം.

തൻ്റെ പതിനാലാം വയസിൽ പിതാവ് കൊല്ലപ്പെട്ടപ്പോഴാണ് സഹോദരങ്ങളെയെല്ലാം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും ചാൾസ് ഭരണം ഏറ്റെടുത്തത്. എന്നാൽ തൊട്ടടുത്തവർഷം രോഗബാധിതയായി അമ്മകൂടി വിടപറഞ്ഞതോടെ കൊച്ചുചാൾസ് തളർന്നു.

അങ്ങനെയിരിക്കെയാണ് പതിനാറാം വയസിൽ ചാൾസ് പതിനൊന്നുകാരി ബോണെയേ വിവാഹം ചെയ്തത്. ഒരു നയതന്ത്ര ഇടപാടിൻ്റെ ഭാഗമായാണ് ആമന്യക്കിലെ ബോണെ പ്രഭുവിൻ്റെ ഭാര്യയായതെന്നാണ് വിവരം.

കവിതയിൽ വാലൻ്റൈൻ എന്ന് ചാൾസ് അവരെ വിളിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. വാലൻ്റീന വിസ്കൊണ്ടി എന്നായിരുന്നു അദ്ദേഹത്തിൻ്റെ അമ്മയുടെ പേര്. അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ട കൊച്ചുചാൾസിന് ബോണെ അമ്മകൂടി ആയിരുന്നു എന്നാണ് അവരുടെ വ്യാഖ്യാനം.

ഫെബ്രുവരി 19 - നായിരുന്നു അവളുടെ ജന്മദിനം. അതുകൊണ്ട് പിറന്നാൾ സമ്മാനംകൂടിയായിരുന്നു ആ കവിത. അത് അവളുടെ കയ്യിലെത്തിയോ എന്നത് അജ്ഞാതം. പക്ഷേ, വീണ്ടും കവിതകളെഴുതി ചാൾസ് കാത്തിരുന്നു. മോചിതനായി അവളുടെ അടുത്തേക്ക് ഓടിയെത്താൻ കൊതിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു.

കാൽനൂറ്റാണ്ടിൻ്റെ തടവുശിക്ഷയ്ക്ക് ശേഷം മടങ്ങിയെത്തിയ ചാൾസിനെ വരവേൽക്കാൻ ബോണെ ഉണ്ടായിരുന്നില്ല. അവൾ മരിച്ചിട്ട് വർഷങ്ങളായിരുന്നു. പിന്നെയും പല പ്രണയദിനങ്ങളും കടന്നുപോയി, ചാൾസ് കാത്തിരുന്നു...