
തൃശ്ശൂർ : സ്നേഹവും കരുതലുമായി ഹൃദയം തൊടുന്നൊരു സമ്മാനപ്പൊതി. ‘മെൻ ഡു കെയർ’ എന്ന വാഗ്ദാനവുമായി ഇത്തവണ കേരളത്തിലെ പെൺകുട്ടികളുടെ കൈയിലെത്തുന്ന പ്രണയദിനസമ്മാനം വെറും കച്ചവടമല്ല. സാനിറ്ററി പാഡും ആർത്തവകാല വേദന കുറയ്ക്കാനായുള്ള ഡാർക്ക് ചോക്ലേറ്റും മാനസിക സ്വാസ്ഥ്യം പകരുന്ന ലാവൻഡർ ഓയിലും ഹൃദയച്ചുവപ്പുള്ള ഹെയർ ബണ്ണും ഇഷ്ടം പറയുന്ന കാർഡുമൊക്കെ ഭംഗിയായി പാക്ക് ചെയ്ത് പ്രണയിനികളുടെ ഹൃദയവിലാസത്തിൽ അയയ്ക്കുകയാണ് ‘ലവ്‌വിഷ്.
പാലക്കാട് ചിറ്റൂർ സ്വദേശികളും ബിരുദ വിദ്യാർഥികളുമായ എസ്. ശരത് ചന്ദ്രനും സി. അഖിലേഷുമാണ് ഈ പുതുമയാർന്ന സംരംഭത്തിനുപിന്നിൽ. ഒരു വർഷംമുൻപാണ് ആർത്തവകാല ബുദ്ധിമുട്ടുകൾക്ക് ആശ്വാസം പകരുന്ന ഉത്പന്നങ്ങളുമായി അയൽക്കാർകൂടിയായ ഇരുവരും ‘ലവ്‌വിഷ്’ എന്ന പേരിൽ സംരംഭം തുടങ്ങിയത്.
യാത്രകളിലും മറ്റും അപ്രതീക്ഷിതമായെത്തുന്ന ആർത്തവമുണ്ടാക്കുന്ന പ്രയാസങ്ങൾ കൂട്ടുകാരികളിൽനിന്ന് കേട്ടറിഞ്ഞിട്ടുണ്ട്. ഏതുസമയവും കൂടെക്കൊണ്ടുനടക്കാവുന്ന ആർത്തവ പൗച്ച് എന്നതായിരുന്നു മനസ്സിലുദിച്ച പരിഹാരം.
സാനിറ്ററി പാഡ്, രക്തം പുരണ്ടവ പൊതിയാനായി പ്രത്യേക കവർ, ടിഷ്യു പേപ്പർ, സാനിറ്റൈസർ എന്നിവ ഉൾപ്പെടുത്തിയാണ് തുടക്കത്തിൽ പൗച്ച് ഒരുക്കിയത്. 10,000 രൂപ മുതൽമുടക്കിൽ തുടക്കമിട്ട ‘ലവ് വിഷി’ന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ആർത്തവകാല വേദനയും കോച്ചിപ്പിടിത്തവും വയറിലെ അസ്വസ്ഥതകളും മാനസികസമ്മർദവും കുറയ്ക്കാൻ സഹായിക്കുന്ന റോളുകൾ, പാച്ചുകൾ, ഡാർക്ക് ചോക്ലേറ്റ്, ലാവൻഡർ ഓയിൽ, ജിൻജർ ടീ തുടങ്ങിയ ഉത്പന്നങ്ങളും പിന്നീട് ‘ലവ്‌വിഷി’ന്റേതായി വന്നു. ഇക്കഴിഞ്ഞ വർഷം 25 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റുപോയത്.
ആർത്തവകാലത്തെ ശാരീരിക, മാനസിക സവിശേഷതകളെയും മാറ്റങ്ങളെയുംക്കുറിച്ച് അവബോധമുണ്ടാക്കുന്ന ഉള്ളടക്കങ്ങളും ഈ പേജിന്റെ പ്രത്യേകതയാണ്. ‘നിങ്ങളുടെ സുഹൃത്തിനെ, പ്രണയിനിയെ, അമ്മയെ, സഹോദരിയെ കൂടുതൽ നന്നായി അറിയൂ, മനസ്സിലാക്കലാണ് കരുതലിന്റെ ആദ്യ പടി’- ലവ്‌വിഷ് ഇൻസ്റ്റ പേജ് ആൺകുട്ടികളോട് പറയുന്നു.
Content Highlights: Discover LoveWish, a unique Valentine`s gift box with sanitary pads, chocolates, and lavender oil. A caring gesture for her well-being.
Published: 12 Feb 2026, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented