
ജോൺസൺ മാഷിന്റെ അടിയുറച്ച ഭക്തയാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ മാഷിന്റെ ഭാര്യയായി, അല്ലെങ്കിൽ കാമുകിയായെങ്കിലും, ജനിക്കണമെന്ന മോഹം ഉള്ളിൽ കൊണ്ടുനടക്കുന്നയാൾ.
ആരാധികയുടെ തീവ്രമോഹം ഒരിക്കൽ പങ്കുവെച്ചപ്പോൾ ജോൺസൺ മാഷ് പറഞ്ഞ വാക്കുകൾ മറന്നിട്ടില്ല: " അടുത്ത ജന്മം വരെ എന്തിന് കാത്തുനിൽക്കണം? ഈ ജന്മം തന്നെ ആവാമല്ലോ കാമുകി. പുനർജന്മത്തിൽ വിശ്വാസമില്ല എനിക്ക്....", പിന്നെ ആ ട്രേഡ് മാർക്ക് പൊട്ടിച്ചിരി.
പതിനാലുവർഷം മുൻപൊരു പ്രണയദിനത്തലേന്നായിരുന്നു ആരാധികയുടെ ആദ്യവിളി; ആയിടെ ജോൺസൺ മാഷെക്കുറിച്ചെഴുതിയ ലേഖനം വായിച്ചതിന്റെ ആവേശത്തിൽ വിളിച്ചതാണ്. കൂട്ടത്തിൽ ഒരു മോഹം കൂടി പങ്കുവെച്ചു അവർ: "കുട്ടിയ്ക്കിഷ്ടപ്പെട്ട ജോൺസൺ മാഷിന്റെ ഒരു ലവ് സോംഗ് സെലക്ട് ചെയ്ത് തരണം. നാളെ എന്റെ പാർട്ട്ണർക്ക് ഡെഡിക്കേറ്റ് ചെയ്യാനാണ്. ഒരു വാലന്റൈൻസ് ഡേ സ്‌പെഷൽ..."
കുട്ടി - ആ വിളി തൽക്ഷണം മനസ്സിനെ തൊട്ടു. ഓർമ്മവന്നത് കമലാ സുരയ്യയെയാണ്. സംസാരത്തിൽ സ്വാഭാവികമായി വന്നുനിറഞ്ഞ ആ വള്ളുവനാടൻ ശൈലിയുടെ മാജിക്കാവാം. വിളിച്ചയാളുടെ ശബ്ദത്തിൽ നിന്ന് മനസ്സ് രൂപപ്പെടുത്തിയ ചിത്രത്തിനും കമലയുടെ മുഖം തന്നെ.
കൗതുകം തോന്നി. ഏതു ജോൺസൺ ഗാനമാണ് ഈ സംഗീതാസ്വാദകയുടെ ഭർത്താവിന് സമർപ്പിക്കേണ്ടത്? ഏതാണയാൾക്ക് ഇഷ്ടപ്പെടുക?
പെട്ടെന്നോർമ്മയിൽ ഒഴുകിയെത്തിയത് എസ്. ജാനകി പാടിയ മനോഹരമായ ഒരു പാട്ടാണ്: "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ....", ഭാസ്കരൻ മാസ്റ്ററുടെ വരികൾ. ചിത്രം: നസീമ.
മനസ്സിൽ തോന്നിയ പാട്ടിന്റെ പല്ലവി ചൂടോടെ മൂളിക്കൊടുത്തപ്പോൾ വിളിച്ചയാൾക്ക് അളവറ്റ സന്തോഷം. "അയ്യോ, വിശ്വസിക്കാൻ പറ്റിണില്ല്യ. എപ്പഴും ഞാൻ മൂപ്പരോട് പറഞ്ഞു പരിഭവിക്കാറുള്ള കാര്യമാണ്; എന്നിട്ടും നീയെന്നെ അറിയിണില്ല്യല്ലോ എന്ന്. ഇന്നിപ്പോ അതേ മെസേജ് ള്ള പാട്ടെന്നെ കുട്ടി ഇനിക്ക് വേണ്ടി സെലക്ട് ചെയ്തൂലോ. സന്തോഷായി..."
പിന്നേയും മൂന്നുനാലു തവണ കൂടി "കുട്ടി"യെ വിളിച്ചു അവർ. ഒന്നുകിൽ തലേന്ന് രാത്രി യാദൃച്ഛികമായി കേട്ട പാട്ടിനെ കുറിച്ച് പറയാൻ; അല്ലെങ്കിൽ ആയിടെ വായിച്ച ഏതെങ്കിലും ലേഖനത്തെ കുറിച്ച് ചർച്ച ചെയ്യാൻ. അതുമല്ലെങ്കിൽ പാർട്ട്ണർക്ക് സമർപ്പിക്കാനുള്ള പ്രണയഗാനത്തിന് വേണ്ടി.
"കുട്ടിക്ക് മുഷീണ്ണ്ട് ച്ചാൽ പറഞ്ഞോളൂ ട്ടോ. ഞാൻ വിളിക്കില്ല്യ.." -- ഇടക്കിടെ അവർ പറയും.
സത്യത്തിൽ, മുഷിയുന്നുണ്ടായിരുന്നില്ല. അത്രയും ഇമ്പമാർന്ന ഒരു ഈണവും താളവുമുണ്ടായിരുന്നു അവരുടെ സംസാരത്തിന്.
പിന്നെയെപ്പൊഴോ വിളികൾ നിന്നു. ജോൺസൺ മാഷിന്റെ വിയോഗവാർത്ത അറിഞ്ഞ ദിവസം വിഷമം പങ്കിടാനായി ഒരിക്കൽ കൂടി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്വന്തം ജീവിതത്തിന് തന്നെ താളം നൽകിയ ഗാനങ്ങളുടെ ശില്പിയല്ലേ? എന്തുകൊണ്ടോ ആ വിളി വന്നില്ല. കാലക്രമത്തിൽ മറവിയുടെ തിരശീലക്കപ്പുറത്തായി അവർ. എങ്കിലും ആ "കുട്ടീ" വിളി മാത്രം മനസ്സിൽ നിന്നിറങ്ങിപ്പോയില്ല. അങ്ങനെ വിളിക്കുന്നവർ ഇപ്പോൾ അധികമില്ലല്ലോ.
ഏറെക്കാലത്തിന് ശേഷം ഒരിക്കൽ യാദൃച്ഛികമായി നേരിൽ കണ്ടു അവരെ; എറണാകുളത്ത് ഒരു കല്യാണച്ചടങ്ങിൽ വെച്ച്. പ്രൗഢയായ ഒരു മധ്യവയസ്‌ക. പ്രസാദാത്മക വ്യക്തിത്വം. കാഴ്ച്ചയിൽ ശ്രീവിദ്യയെപ്പോലെ. നര കയറിയ മുടിയിഴകൾക്ക് പോലുമുണ്ട് ആ പ്രൗഢി.
"എന്നെ ഓർമ്മയുണ്ടോ കുട്ടിക്ക്?" -- ആ ചോദ്യമാണ് ഞങ്ങൾക്കിടയിലെ അപരിചിതത്വം തവിടുപൊടിയാക്കിയത്. "പിന്നല്ലാതെ?" -- ഞാൻ പറഞ്ഞു. " കുറേയായല്ലോ ശബ്ദം കേട്ടിട്ട്. ഇപ്പൊ ഡെഡിക്കേഷൻ ഒന്നും ഇല്ലേ?"
ഒരു നിമിഷം നിശബ്ദയായി നിന്നു അവർ. പിന്നെ സ്വന്തം കഥ പറഞ്ഞു; ചുരുങ്ങിയ വാക്കുകളിൽ.
മക്കൾ രണ്ടു പേരും വിദേശത്ത്. മകൾ വിവാഹിതയായി കാനഡയിൽ. മകൻ ഗേ ആണ്. ലണ്ടനിൽ ഡോക്ടർ. അവിടെ അവനൊരു കൂട്ടുകാരനുണ്ട്. പാകിസ്താൻകാരൻ. രണ്ടു മക്കളും അപൂർവമായേ നാട്ടിൽ വരാറുള്ളൂ. "പാട്ട് മാത്രമാണിപ്പോൾ എനിക്ക് കൂട്ട്; ജോൺസൺ മാഷിന്റെ പാട്ട്. മക്കളേക്കാൾ ഞാൻ സ്നേഹിക്കുന്നു ആ പാട്ടുകളെ."
അപ്പോൾ കൂടെയുള്ള പാർട്ട്ണർ?
ചെറുചിരിയോടെ അവർ പറഞ്ഞു: "ഭർത്താവിനെ കുറിച്ചാണ് ചോദ്യമെങ്കിൽ വി ആർ സെപ്പറേറ്റഡ്. വർഷങ്ങളായി."
കൂടുതലിറങ്ങിച്ചെന്നില്ല സ്വകാര്യതയിലേക്ക്. ഔചിത്യബോധമില്ലാത്തവൻ എന്ന് തോന്നിയാലോ? എങ്കിലും ഒരു കാര്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല: "അപ്പോ എന്റെ ആ പാട്ടുകളൊക്കെ വേസ്റ്റായി. അല്ലേ ? "
വീണ്ടും ചിരി; ഇത്തവണ കുറച്ചുറക്കെ തന്നെ. "അങ്ങനെ പറയാൻ പറ്റില്ല്യ ട്ടോ. ഞാൻ ചോയ്ച്ച് വാങ്ങിയ പാട്ടുകളൊക്കെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് വേണ്ടിയായിരുന്നു. ഹി വാസ് മൈ ഹാർട്ട്ത്രോബ്. പാർട്ട്ണർ ന്ന് പറയാം. പക്ഷേ ഭർത്താവല്ല...
നിമിഷനേരത്തെ മൗനത്തിനൊടുവിൽ പ്രണയഭരിതമായ ശബ്ദത്തിൽ അവർ മന്ത്രിക്കുന്നു; ആത്മഗതമെന്നോണം: "അദ്ദേഹം എപ്പഴും കൂടെയുണ്ട്. എത്ര ദൂരെയാണ് ച്ചാലും.... "
ആകെയൊരു കൺഫ്യൂഷൻ. കുരുക്കഴിക്കാനാവാത്ത കടംകഥ പോലെ. മുന്നിൽ വന്നുവീണ ജിഗ്‌സോ പസിലിന്റെ കട്ടകൾ കൂട്ടിവെക്കാൻ ശ്രമിച്ചുകൊണ്ട് കുറച്ചുനേരം നിശബ്ദനായി നിന്നപ്പോൾ വിടർന്ന ചിരിയോടെ അവർ വീണ്ടും ചോദിക്കുന്നു: "എന്തേ, ഭർത്താവ് മാത്രേ പാർട്ട്ണർ ആകാൻ പാടൂ? ങ്ങളെ നാട്ടിലൊക്കെ അങ്ങന്യാ?"
"അല്ല. പക്ഷേ....."
കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞ് കണ്മുന്നിൽ നിന്ന് നടന്നകലുന്നു അവർ. അന്തരീക്ഷത്തിൽ അപ്പോൾ ഒരു പാട്ടിന്റെ ശീലുകളുണ്ടായിരുന്നില്ലേ? അതോ എന്റെ തോന്നലായിരുന്നോ?
"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ, എന്നാത്മാവിപഞ്ചികാ തന്ത്രികൾ മീട്ടിയ സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ..."
Content Highlights: valentine's day, ravi menon, ennittum neeyenne arinjillallo, malayalam love song
Published: 14 Feb 2024, 07:36 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented