ജീവിതം പലപ്പോഴും നമ്മളെ അനുഭവങ്ങളുടെ തീച്ചൂളയില്‍ ചുട്ടുപൊളളിക്കും. യാഥാര്‍ഥ്യങ്ങളുടെ ഉപ്പുകല്ലുകളാല്‍ മുറിവ് നീറ്റുമ്പോള്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ പടവെട്ടിയവരാണ് ജീവിതത്തെ ജയിക്കുന്നത്. റായ്പുര്‍ സ്വദേശി ഹര്‍തേജ് ഭര്‍തേഷിനും പറയാനുള്ളതും അത്തരമൊരു കഥയാണ്. രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണദ്ദേഹം. 2013-ല്‍ കാന്‍സര്‍ ബാധിതനാകുമ്പോള്‍ അദ്ദേഹത്തിന് തന്റെ പ്രതീക്ഷകളോടൊപ്പം പ്രണയവും നഷ്ടപ്പെട്ടു.

To advertise here,

കഴുത്തിലുണ്ടായ നീര്‍വീക്കം കാന്‍സറാണെന്ന് അംഗീകരിക്കാന്‍ അന്നെത്ര ശ്രമിച്ചിട്ടും ഹര്‍തേജിനായില്ല. കാന്‍സര്‍ ഭേദമായാലും കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച പ്രണയിനിയെ അദ്ദേഹം പിടിച്ചുനിര്‍ത്തിയില്ല. ഇനി ഒരു വിവാഹം പോലും വേണ്ടെന്ന് വച്ചുകൊണ്ട് തുടര്‍ന്ന് അദ്ദേഹം കാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാലത് ഹര്‍തേജിന്റെ ജീവിതത്തില്‍ സംരക്ഷിണിയെന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടാനുള്ള ഒരു നിമിത്തമായി മാറുകയായിരുന്നു. തന്റെ നിലപാടുകളേയും സ്വപ്നങ്ങളും തിരിച്ചറിയുന്ന സംരക്ഷിണി ഹര്‍തേജിന് പുതിയ വെളിച്ചം പകര്‍ന്നു. കാന്‍സര്‍ നഷ്ടപ്പെടുത്തിയ പ്രണയത്തെ  അദ്ദേഹം തിരികെ നേടിയെടുത്തു. മോട്ടിവേഷന്‍ സ്പീക്കറും ലീഗല്‍ അഡൈ്വസറുമായ ഹര്‍തേജ് ഭര്‍തേഷ് തന്റെ പ്രണയത്തെക്കുറിച്ചും കാന്‍സര്‍ അതിജീവനത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

രോഗനിര്‍ണയവും പ്രണയനഷ്ടവും

നിയമപഠനകാലത്ത് കഴുത്തിന് വലതുഭാഗത്തെ നീര്‍വീക്കത്തെ ആദ്യം നിസ്സാരമായി കരുതി. രണ്ടു വര്‍ഷമായിട്ടും മാറാതിരുന്ന നീര്‍വീക്കവുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഓങ്കോളജിസ്റ്റിനെ കാണുവാനാണ് നിര്‍ദേശം ലഭിച്ചത്.പക്ഷെ, ബയോപ്സിയുടെ പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു. ഹാഡ്ജ്കിന്‍സ് ലിംഫോമ കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് രോഗത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്. കീമോതെറാപ്പിയെടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടും ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് ഞാന്‍ ആദ്യം അന്വേഷിച്ചത്. കാരണം ഞാനത്രയധികം ഭയപ്പെട്ടുപോയിരുന്നു. നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്ന എനിക്ക് പഠനം പൂര്‍ത്തീകരിക്കണമായിരുന്നു. കീമോതെറാപ്പി പഠനത്തെ ബാധിക്കുമെന്ന് ഞാന്‍ ഭയന്നു. അതിനാല്‍ മരുന്നുകള്‍ തുടരാന്‍ തീരുമാനിച്ചു. കാന്‍സര്‍ ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ  പ്രണയിനി തന്നെ വിട്ടുപോയി. അസുഖം മാറിയാലും കൂടെ ജീവിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

നോവിന്റെ ദിനങ്ങള്‍

ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ചികിത്സയുടെ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നത്. അപ്പോഴേയ്ക്കും കാന്‍സര്‍ ശരീരത്തിന്റെ കൂടുതല്‍ ഭാഗത്തേയ്ക്ക് വ്യാപിച്ചിരുന്നു. കീമോയല്ലാത്ത മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല. ഞാന്‍ ഏറ്റവും ഭയന്നിരുന്നതും കീമോ തെറാപ്പി ചെയ്യുന്നതിനെയായിരുന്നു. ഹൈദരാബാദിലാണ്  തന്റെ ചികിത്സകള്‍ നടത്തിയത്. അവിടെ മികച്ചൊരു ഡോക്ടറുടെ കീഴില്‍ ചികിത്സ തുടങ്ങി. എനിക്ക് അതിജീവിക്കാന്‍ അഞ്ചു ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്ന് തുറന്നു പറഞ്ഞ ഡോക്ടറുടെ കീഴില്‍ ഞാന്‍ എന്റെ തെറാപ്പി ആരംഭിക്കുകയായിരുന്നു. 

മണിക്കൂറുകള്‍ നീണ്ട കീമോ തെറാപ്പികളില്‍ മനസ്സും ശരീരവും തളര്‍ന്നു. മുടി കൊഴിഞ്ഞു തുടങ്ങി. മുടിയില്ലാത്ത എന്നെ കാണുവാന്‍ എനിക്കാകുമായിരുന്നില്ല. ഞാന്‍ മുടി വെട്ടിക്കളഞ്ഞുകൊണ്ടേയിരുന്നു. കീമോയുടെ ഭാഗമാണിതെല്ലാം. പക്ഷെ, അതുള്‍ക്കൊള്ളാന്‍ സമയമെടുത്തു. തുടര്‍പഠനം, മുന്നോട്ടുള്ള ജീവിതം എല്ലാം ഒരു ചോദ്യചിഹ്നം പോലെ മുന്നില്‍ നിന്നു. പക്ഷെ, കുടുംബത്തിന്റെ പിന്തുണ വളരെ വലുതായിരുന്നു.

രോഗിയെപ്പോലെ വീട്ടുകാരും സമ്മര്‍ദത്തിലാക്കുന്ന ഒന്നാണ് കാന്‍സര്‍. അവരുടെ പരിചരണവും ആത്മവിശ്വാസവും കൂടിയായപ്പോള്‍ 2014-ല്‍ എനിക്ക് ചികിത്സ പൂര്‍ത്തിയാക്കാനായി. പ്രതിരോധ ശേഷി കൂട്ടി യോഗയും വ്യായാമവും തുടങ്ങി. ചികിത്സയ്ക്കിടെ തിരിച്ചറിവ് നല്‍കിയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് സുഖം പ്രാപിച്ചാല്‍, കാന്‍സര്‍ രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ പലപ്പോഴായി ആലോചിച്ചിരുന്നു.

കുടുംബത്തിന്റെ പിന്തുണയും അതിജീവനവും

ചികിത്സ നടത്തുമ്പോള്‍ ഞാന്‍ മാനസികമായി തകര്‍ന്നുപോയിരുന്നു. ചികിത്സയ്ക്കിടെ കുടുംബം എനിക്ക് നല്ല രീതിയില്‍ ആത്മവിശ്വാസം നല്‍കി. പ്രത്യേകിച്ച് എന്റെ സഹോാദരനും ഭാര്യയും എന്നെ വളരെയധികം പിന്തുണച്ചു. കാന്‍സറില്‍നിന്ന് കരകയറാന്‍ സഹായിക്കുന്ന ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് കുടുംബത്തിന്റെ പിന്തുണയാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. 

ചികിത്സിക്കുന്നത് രോഗിയെയാണെങ്കിലും കാന്‍സറിനെ അഭിമുഖീകരിക്കുന്നത് കുടുംബമാണ്. കാന്‍സറിനെ അതിജീവിച്ചതിന് ശേഷം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ പൂര്‍ണമായി മാറി. രോഗത്തെ അതിജീവിച്ച ഒരാള്‍ എന്ന നിലയില്‍, ഒരു കാന്‍സര്‍ രോഗി എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും. അതിനാല്‍ ഞാന്‍ ആളുകളോട് കൂടുതല്‍ ശാന്തതയോടെയും സഹാനുഭൂതിയോടെയും പെരുമാറാന്‍ പഠിച്ചു. പ്രണയനഷ്ടത്തോടെ വിവാഹം വേണ്ടെന്ന തീരുമാനമെടുത്തിരുന്നു. റായ്പുരില്‍ നിന്നാണ് പിന്നീട് കാന്‍സര്‍ ബോധവത്ക്കരണത്തിന് തുടക്കമിടുന്നത്. കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന് ആളുകള്‍ക്ക് അവബോധം നല്‍കുകയാണ് ലക്ഷ്യം.

ജീവിത സഖിയെ കണ്ടുമുട്ടുന്നു

കാന്‍സര്‍ അതിജീവിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം രോഗികളുമായും അവരുടെ കുടുംബവുമായി സംസാരിക്കുകയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ഒരു പെണ്‍കുട്ടി തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹായ് എന്ന് സന്ദേശമയക്കുന്നത്. അതൊരു പുതിയ തുടക്കമായിരുന്നു. ഡോ. സംരക്ഷിണിയായിരുന്നു ആ സന്ദേശം അയച്ചത്. ബ്രെസ്റ്റ് കാന്‍സര്‍ ബാധിതയായിരുന്നു സംരക്ഷിണിയെന്ന സാം.

കോവിഡ് പ്രശ്നങ്ങളുടെ ഇടയിലാണ് അവളുടെ രോഗം തീവ്രതയിലാകുന്നത്. വളരെ വേഗത്തിലാണ് ഞങ്ങള്‍ സുഹൃത്തുകളായത്. എന്റെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും സമാനചിന്താഗതിയുള്ള വ്യക്തിയായിരുന്നു അവര്‍. രോഗബാധിതയായി എന്നറിഞ്ഞതോടെയാണ് എന്നെപ്പോലെ അവളുടെ പ്രണയവും തകരുന്നത്. ഞങ്ങള്‍ നിരവധി കാര്യങ്ങളില്‍ സമാനതയുള്ളവരായിരുന്നു. അവര്‍ തന്റെ കീമോ സെക്ഷനുകളെ ധീരതയോടെ നേരിട്ടു. ഇതിനിടയില്‍ ഞങ്ങളുടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രപ്പോസ് ചെയ്യുക കൂടിയുണ്ടായില്ല. അത്രയും തീവ്രമായൊരു മാനസികപ്പൊരുത്തം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അവളുടെ  കീമോ കഴിയുമ്പോള്‍ അവള്‍ ഓക്കെയാണോയെന്നറിയാന്‍ വലിയ ആശങ്കയോടെയാണ് ഞാന്‍ കാത്തിരുന്നത്.

2021-ല്‍ അവള്‍ പൂര്‍ണമായും രോഗമുക്തയായി. ഹൈദരാബാദ് സ്വദേശിയാണ് സാം. ഒരിക്കലും വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്ന എനിക്കൊരു പ്രണയമുണ്ടാകുമെന്ന് വിചാരിച്ചിരുന്നതേയില്ല. എല്ലാം ആകസ്മികമായാണ്‌ സംഭവിച്ചത്. പ്രണയം ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം വിവാഹത്തിലേയ്ക്ക് എത്തുകയാണ്. ഈ വര്‍ഷം ഞങ്ങളുടെ വിവാഹമുണ്ടാകും. ഞങ്ങളുടെ കുടുംബവും സന്തുഷ്ടരാണ്. ഞാന്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ലീഗല്‍ അഡൈ്വസറായി ജോലി നോക്കുകയാണ്. ഗൈനക്കോളജിസ്റ്റാണ് സാം. ഇരുവരും ജോലിയുടെ ഭാഗമായി ബെംഗളൂരുവിലാണ് താമസം. ഹര്‍തേജിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലും സംരംക്ഷിണി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

റൈഡ് ഓഫ് ഹോപ്പും കാന്‍സര്‍ ഫൗണ്ടേഷനും

കാന്‍സറിന് ശേഷവും ജീവിതമുണ്ടെന്ന സന്ദേശവുമായി ഞാന്‍  ഇന്ത്യയിലുടനീളം ബൈക്കില്‍ യാത്ര ചെയ്ത് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. റായ്പുരില്‍നിന്നും ആരംഭിച്ച യാത്രയിലൂടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്ക് തന്റെ സന്ദേശമെത്തിക്കാനായി. റൈഡ് ഓഫ് ഹോപ്പിനും സംരക്ഷിണി നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു.

'ഞാന്‍ ടെറി ഫോക്‌സിനെ കുറിച്ച് വായിക്കാറുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. കാന്‍സറിനെ അതിജീവിച്ചപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത നേരത്തെയുണ്ടായിരുന്നു. പക്ഷേ എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ടെറി ഫോക്സ് കാന്‍സര്‍ ബാധിതര്‍ക്ക് പ്രതീക്ഷ നല്‍കുവാനായി മാരത്തോണ്‍ സംഘടിപ്പിച്ചിട്ടുണ്ട്. എനിക്ക് ബൈക്കിംഗ് ഇഷ്ടമായിരുന്നു. അതിനാലാണ് ചികിത്സയ്ക്ക് ശേഷം ഞാന്‍ രാജ്യത്തുടനീളം യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.

ആളുകള്‍ക്ക് കാന്‍സറിനെക്കുറിപ്പ് നിരവധി തെറ്റിദ്ധാരണകളുണ്ട്. അത് നികത്തുവാന്‍ കൂടിയാണ് ബോധവത്ക്കരണം. കാന്‍സര്‍ ബാധിതനായി മുക്തി നേടിയ വ്യക്തിയ്ക്ക് സാധാരണ ജീവിതം നയിക്കാനാവില്ലെന്നും പലരും കരുതുന്നു. പ്രത്യേകിച്ച് കീമോതെറാപ്പിയ്ക്ക് വിധേയരായവരെയാണ് ഇത്തരത്തില്‍ അളക്കുന്നത്. അവര്‍ക്കും സാധാരണ ജീവിതം സാധ്യമാണ്. ഞാന്‍ ആറുമാസത്തോളം കീമോ തെറാപ്പിയ്ക്ക് വിധേയനായ വ്യക്തിയാണ്. അതിനാലാണ് ഇത്രയും ഗൗരവത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനത്തെ കാണുന്നത്.

കാന്‍സറിന്റെ അവസാനഘട്ടത്തിലാണ് ഞാന്‍ രോഗത്തെ അതിജീവിച്ചത്, പ്രണയം സാക്ഷാത്ക്കരിച്ചത്. അതിനാല്‍ കാന്‍സര്‍ ബാധിക്കുന്ന ഒരാളും ജീവിതത്തിന്റെ പ്രതീക്ഷകളെ കൈവെടിയരുതെന്നാണ് എനിക്ക് പറയാനുള്ളത്. റൈഡ് ഓഫ് ഹോപ്പ് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് കാന്‍സര്‍ ഫൗണ്ടഷന്‍ എന്ന പേരിലുള്ള എന്‍.ജി.ഒ. ആരംഭിക്കുന്നത്. കാന്‍സര്‍ രോഗികളുടെ ഉന്നമനമാണ് ലക്ഷ്യം. സാമൂഹികമാധ്യമങ്ങളിലൂടെയും തന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഹര്‍തേജ്.