
'ഈ ജാതിക്കാ തോട്ടം, എജ്ജാതി നിന്റെ നോട്ടം...', എന്ന വരികൾ മൂളിച്ച് 2019-ൽ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന കൊച്ചുചിത്രം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ചേക്കേറി, ഒപ്പം കുറച്ച് യുവതാരങ്ങളും. സ്കൂൾ കുട്ടികളുടെ പ്രണയവും സൗഹൃദവും പറഞ്ഞുകൊണ്ട് നവാഗത സംവിധായകനൊരുക്കിയ ആ ചിത്രം ഗംഭീര ഹിറ്റായി. 2022-ൽ കോളേജ് പിള്ളേരുടെ പ്രണയം പറയാനാണ് ആ സംവിധായകൻ എത്തിയത്, 'സൂപ്പർ ശരണ്യ'യിലൂടെ. ആ ചിത്രവും പ്രേക്ഷകർ ഇരുകെെയും നീട്ടി സ്വീകരിച്ചു. 2024-ൽ വാലന്റെെൻസ് വീക്കിൽ പുത്തനൊരു പ്രണയകഥ പറയാൻ 'പ്രേമലു'വുമായി ഗിരീഷ് എ. ഡി. എന്ന ആ സംവിധായകൻ വീണ്ടുമെത്തിയിരിക്കുകയാണ്.
റിലീസ് ചെയ്ത ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് നസ്ലിനും മമിതയും പ്രധാനവേഷത്തിലെത്തിയ 'പ്രേമലു'. ഗിരീഷിൻ്റെ പ്രണയചിത്രങ്ങളാണെങ്കിൽ മിനിമം ഗ്യാരൻ്റി ഉറപ്പെന്ന ടാഗും പ്രേക്ഷകർ നൽകിക്കഴിഞ്ഞു. പ്രണയത്തിന്റെ പുത്തൻ മാനങ്ങളും സൗഹൃദത്തിൻ്റെ മനോഹരമായ കാഴ്ചകളുമായി 'പ്രേമലു' പ്രദർശനം തുടരുന്ന വേളയിൽ പ്രണയത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഗിരീഷ് എ. ഡി.
പ്രണയമാണ് ചെയ്യാനിഷ്ടം, ആത്മവിശ്വാസമുണ്ട്
പ്രണയം വർക്ക് ചെയ്തെടുക്കാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എനിക്ക് താത്പര്യമുള്ള മേഖലയാണിത്. അത് കാണാനും സിനിമയിൽ അവതരിപ്പിക്കാനും ഇഷ്ടമാണ്. കോമഡി എഴുതാനും ചെയ്തുഫലിപ്പിക്കാനും പ്രയാസമാണെന്ന് എല്ലാവരും പറയും, അത് സത്യമാണ്.

പക്ഷേ കോമഡി വർക്കൗട്ട് ആകുമോ ഇല്ലയോ എന്ന് നമുക്ക് അറിയാൻ സാധിക്കും. ഒന്നുകിൽ ചെയ്യുന്ന സമയത്ത് അഭിനേതാക്കൾ ചിരിക്കും, അല്ലെങ്കിൽ കാണുമ്പോൾ നമ്മൾ ചിരിക്കും. എന്നാൽ ഇമോഷണൽ രംഗങ്ങൾ വർക്കൗട്ട് ആകുമോയെന്ന് ആ സമയത്ത് പറയാനാകില്ല. നമ്മൾ കുറെ നാൾ ഇത്തരം രംഗങ്ങൾ മനസ്സിൽ കൊണ്ട് നടക്കുമല്ലോ. ഇത്തരം രംഗങ്ങൾ എനിക്ക് ചെയ്യാനാകുമോ എന്ന് തോന്നിയിരുന്നു. ഇത് ഫലപ്രദമായി ചെയ്യുമ്പോഴാണ് എനിക്ക് സംതൃപ്തി ലഭിക്കുന്നത്.
വാലൻ്റെെൻസ് വീക്കിലെത്തിയ ‘പ്രേമലു’, നടക്കാതെപോയ സൂപ്പർ ശരണ്യ സ്പിൻ ഓഫ്
‘പ്രേമലു’ ആദ്യം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തത് ക്രിസ്മസിനാണ്. പിന്നെ വർക്ക് കഴിയാത്തതോടെ ജനുവരിയിലേയ്ക്ക് മാറി. ഒടുവിൽ ഫെബ്രുവരിയിൽ വാലന്റെെൻസ് വാരത്തിൽ റിലീസ് ചെയ്യാൻ സാധിച്ചു. അവസാന ദിവസങ്ങളിൽ വരെ പണിയുണ്ടായിരുന്നു.

വളഞ്ഞ വഴിയിലൂടെയാണ് ‘പ്രേമലു’വിലേയ്ക്ക് എത്തുന്നത്. സൂപ്പർ ശരണ്യയുടെ തെലുങ്ക് റീമേക്ക് എന്ന രീതിയിലാണ് തുടങ്ങിയത്. പിന്നെ അത് ഉപേക്ഷിച്ച് 'സൂപ്പർ ശരണ്യ'യിലെ സോനയുടെ സ്പിൻ ഓഫ് ആലോചിച്ചു. സോന ഹെെദരാബാദിൽ വരുന്നതും സംഭവിക്കുന്ന പ്രണയവുമായിരുന്നു ആലോചിച്ചത്. പിന്നെ അത് വേണ്ടെന്ന് വെച്ചു. ഒടുവിലാണ് ഇപ്പോൾ കാണുന്ന രൂപത്തിലേയ്ക്ക് കഥയെത്തിയത്. ഹെെദരാബാദ് ആയിരുന്നു ആദ്യമേ മനസിൽ ഉണ്ടായിരുന്നത്. ഹെെദരാബാദ് ആകുമ്പോൾ വേറൊരു ഫ്ലേവർ ലഭിക്കുമെന്ന് കരുതി.
പ്രണയചിത്രങ്ങൾ പണ്ടും കുറവാണ്
പ്രണയചിത്രങ്ങൾ എനിക്ക് കാണാൻ ഒരുപാട് ഇഷ്ടമാണ്. തമിഴിൽ ഒരുപാട് ചിത്രങ്ങൾ വരുന്നുണ്ട്. പണ്ടും പ്രണയചിത്രങ്ങൾ കുറവായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പ്രണയമുണ്ടാകും, പക്ഷേ അത് കഥയുടെ ഭാഗമായിട്ട് മാത്രമായിരിക്കും. റിലേഷൻഷിപ്പിനെക്കുറിച്ചായിരിക്കില്ല ചിത്രം സംസാരിക്കുന്നത്. നായകൻ നായികയെ കാണുന്നു, പ്രണയത്തിലാകുന്നു. അതിൽ പ്രത്യേകിച്ച് ഡെവലെപ്മെന്റ് ഒന്നും ഉണ്ടാകില്ല. മലയാളത്തിലെ റൊമാൻസ് ഭയങ്കര ഫോർമൽ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അല്ലാതെ ചെയ്യാനാണ് എനിക്കിഷ്ടം.
'എന്നെന്നും കണ്ണേട്ടന്റെ', 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ', 'അന്നയും റസൂലും' ഒക്കെ എനിക്ക് ഇഷ്ടപ്പെട്ട പ്രണയചിത്രങ്ങളാണ്.
’തണ്ണീർമത്തൻ ദിനങ്ങൾ’ ഇറങ്ങിയ സമയമല്ലല്ലോ ഇപ്പോൾ, ചെറിയ ടെൻഷനുണ്ടായിരുന്നു
ഞങ്ങൾ ചെയ്തുവെച്ച പ്രോഡക്ട് നല്ലതാണെന്ന വിശ്വാസമുണ്ടായിരുന്നു. വിജയിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ എന്തൊക്കെയാണെങ്കിലും നമുക്ക് 100 ശതമാനം ആത്മവിശ്വാസത്തോടെ വിജയിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ, സിനിമയല്ലേ. അതിന്റേതായ ടെൻഷൻ റിലീസിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു. വേറെന്തെങ്കിലും സാഹചര്യം കൊണ്ട് ക്ലിക്കാകാതെ പോകുമോ എന്ന തോന്നലുണ്ടായിരുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’ ഇറങ്ങിയ സമയമല്ലല്ലോ ഇപ്പോൾ. അങ്ങനെയുള്ള പേടിയൊക്കെ ഉണ്ടായിരുന്നു. കളക്ഷനെക്കുറിച്ചൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല.
വിജയവും പരാജയവും ഒരുപോലെ കെെകാര്യം ചെയ്യണം
‘പ്രേമലു’ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് ഭയം വന്നുതുടങ്ങിയത്. അതുവരെ പ്രേക്ഷകർ എന്നെ തലയിൽ കയറ്റിവെച്ചിരുന്നതുപോലെ തോന്നിയിട്ടില്ല. അതുകൊണ്ട് ഞാൻ കുറച്ചുകൂടി ഫ്രീ ആയിരുന്നു. കരിയറിൽ വിജയവും പരാജയവുമൊക്കെ ഉണ്ടാവും. അതൊക്കെ ഒരേപോലെ കെെകാര്യം ചെയ്യാൻ പറ്റണമെന്ന് കരുതുന്നയാളാണ് ഞാൻ. സ്ഥിരതയോടെ പോകണമെന്നാണ് ആഗ്രഹം. അടുത്ത പടം ചെയ്യുന്നത് ആലോചിക്കുമ്പോൾ പേടിയുണ്ട്.

പ്രണയചിത്രങ്ങൾ ഒരുക്കുന്ന സംവിധായകൻ എന്ന് ബ്രാൻഡ് ചെയ്തുപോയ സ്ഥിതിക്ക് ആളുകൾ അതും പ്രതീക്ഷിച്ച് വരുമോ, അതോ ഞാൻ ഇതെല്ലാം മാറ്റി മറ്റൊരു തരം ചിത്രം ചെയ്യണോ എന്നൊക്കെ ആലോചിക്കുന്നുണ്ട്. പക്ഷേ അതിനുവേണ്ടി മാറാൻ സാധ്യതയില്ല. എങ്കിലും ചെറിയൊരു കൺഫ്യൂഷൻ ഇപ്പോഴുണ്ട്, നേരത്തെ അങ്ങനെ ഉണ്ടായിരുന്നില്ല.
ആദ്യം മമിത വന്നു, പിന്നാലെ നസ്ലിനും, ഒടുവിൽ ശ്യാമേട്ടനും
പ്രേമലുവിൽ മമിതയുടെ കഥാപാത്രമാണ് ആദ്യമുണ്ടായത്. പയ്യൻമാരുടെ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ നസ്ലിൻ വന്നു. ഇതിന് മുൻപേ നസ്ലിൻ കുറച്ച് ചിത്രത്തിലേ നായകനായിട്ട് എത്തിയിട്ടുള്ളൂ. നസ്ലിനൊപ്പം വർക്ക് ചെയ്യാൻ എനിക്കിഷ്ടമാണ്. നല്ല അഭിനേതാവ് കൂടിയാണ്. അങ്ങനെയാണ് നസ്ലിൻ ചിത്രത്തിലേയ്ക്ക് എത്തുന്നത്.
മമിതയും നസ്ലിനും എത്തിയതിന് ശേഷം എഴുത്തിന്റെ ഓരോ ഘട്ടത്തിലും മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചു. അഖില ഭാർഗവനെയാണ് പിന്നീട് തീരുമാനിക്കുന്നത്. മമിതയുടെ കൂട്ടുകാരിയായി വ്യത്യസ്ത ലുക്കിലുള്ള, നാടൻ രീതിയിലുള്ള ഒരാൾ വേണമെന്നുണ്ടായിരുന്നു. പിന്നീട് സംഗീത് എത്തി. ചിത്രത്തിലെ കൂട്ടുകാരൻ കഥാപാത്രം വളരെ നിർണായകമായിരുന്നു. സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ കെെയിൽ നിന്ന് പോകും. ഒന്നുരണ്ട് പേരെ ഓഡിഷൻ ചെയ്തെങ്കിലും ശരിയായില്ല. അങ്ങനെയാണ് സംഗീതിനെ ഓർമ വന്നത്. ഓഡിഷനിൽ സംഗീത് ഓക്കെയായി. ഇതുപോലൊയാണ് ശ്യാം മോഹനും എത്തിയത്. വേറെ ആളുകളെ നോക്കിയെങ്കിലും ശരിയായില്ല. ഏറ്റവും അവസാനമാണ് ശ്യാം എത്തുന്നത്. ശ്യാമിന്റെ പാട്ടും വീഡിയോയും ഒക്കെ നേരത്തെ കണ്ടിരുന്നു.

ശ്യാം ചേട്ടന് ആദ്യം അഭിനയിക്കാൻ മടിയായിരുന്നു. ആദ്യം പറഞ്ഞ സമയത്ത് പുള്ളിക്ക് താത്പര്യമുണ്ടെന്ന് തോന്നി. പക്ഷേ അഭിനയിക്കാൻ എത്തിയപ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. ക്യാമറയുടെ മുന്നിൽ നിൽക്കാൻ ചെറിയൊരു ചളിപ്പുണ്ടായിരുന്നു. പക്ഷേ അദ്ദേഹം നന്നായി ചെയ്തു. കഷ്ടപ്പെട്ട് അഭിനയിപ്പിക്കേണ്ടിയൊന്നും വന്നിട്ടില്ല. അധികം ടേക്ക് ഒന്നുമില്ലാതെ ചെയ്തു.
ചിത്രത്തിന്റെ ക്ലെെമാക്സ് പലതും ആലോചിച്ചിരുന്നു. ലോജിക് വെച്ചാണ് ചിന്തിച്ചത്. ആളുകൾക്ക് കല്ലുകടിക്കാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
തിരക്കഥയൊരുക്കിയ 'അള്ള് രാമേന്ദ്രൻ', ഡയലോഗുകൾക്ക് ഒറിജിനാലിറ്റി വേണം
'അള്ള് രാമേന്ദ്രൻ' എന്ന സിനിമയുടെ തിരക്കഥയിലേയ്ക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു. സജിന്‍ ചെറുകയിലിന്റേത് ആയിരുന്നു കഥ. വിനീത് വാസുദേവനും സജിനും തിരക്കഥയൊരുക്കിയപ്പോൾ ഞാനും കൂടെ ചേർന്നതാണ്. എന്റെ ചിന്തയിൽ നിന്ന് മാത്രം ഉടലെടുത്തതല്ല. എന്റെ സ്റ്റെെലിലുള്ള ചിത്രമല്ല അത്.
തിരക്കഥയൊരുക്കുമ്പോൾ ഡയലോഗുകൾക്ക് ഒറിജിനാലിറ്റി വേണമെന്നും ഇമോഷൻസ് ഒക്കെ സത്യസന്ധമാകണമെന്നാെക്കെ ശ്രദ്ധിക്കാറുണ്ട്. അവരുടേതായ ന്യായങ്ങൾ ഒക്കെ വേണമെന്ന് ശ്രദ്ധിക്കാറുണ്ട്. നേടിയെടുക്കാൻ അപ്രാഭ്യമായ പെൺകുട്ടിയിലേയ്ക്ക് എത്താനുള്ള ശ്രമമാകും ചിത്രത്തിലുണ്ടാകുക. അതിലൊരു കഷ്ടപ്പാടുണ്ട്. അത് ചെയ്യാനാണ് എനിക്കിഷ്ടം.
ദിലീഷേട്ടനും ശ്യാമേട്ടനും ഭാവന സ്റ്റുഡിയോസും
'തണ്ണീർ മത്തൻ ദിനങ്ങൾ'ക്ക് ശേഷം ദിലീഷേട്ടനോട്(ദിലീഷ് പോത്തൻ) ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യാമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് ഒരുപാട് സന്തോഷമായി. ഞാൻ ആ സമയത്ത് സൂപ്പർ ശരണ്യയുടെ വർക്കുകളിലായിരുന്നു. പിന്നെ കുറെ നാളത്തേയ്ക്ക് ദിലീഷേട്ടനുമായി ബന്ധമുണ്ടായിരുന്നില്ല.
സൂപ്പർ ശരണ്യയുടെ സമയത്താണ് ശ്യാം ചേട്ടനെ(ശ്യാം പുഷ്കരൻ) പരിചയപ്പെടുന്നത്. പിന്നീട് 'ഐ ആം കാതലൻ' ചെയ്തു. അതിൽ ദിലീഷേട്ടൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്തെങ്കിലും സബ്ജെക്ട് ഉണ്ടെങ്കിൽ പറയാൻ ആ സമയത്ത് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പ്രേമലുവിന്റെ കഥ അവരോട് ചർച്ച ചെയ്യുന്നതും സിനിമയായതും.
മാർക്കോസിനെ തന്നെയാണോ ഉദ്ദേശിച്ചത്, അതോ ജാസി ഗിഫ്റ്റാണോയെന്ന ചോദ്യം
'ഐ ആം കാതലൻ' എന്ന ചിത്രത്തിൽ വിഷ്ണു വിജയ് സംഗീതം ചെയ്യേണ്ടി ഇരുന്നതാണ്. പക്ഷേ അന്ന് തിരക്കുകൾ കാരണം നടന്നില്ല. പിന്നീട് വേറൊരാളാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. എനിക്ക് വിഷ്ണുവുമായി വർക്ക് ചെയ്യാൻ ഇഷ്ടമാണ്.
ഞാൻ ഫോളോ ചെയ്യുന്നൊരു സംഗീത സംവിധായകനാണ് അദ്ദേഹം. വിഷ്ണുവിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. 'തല്ലുമാല' ചെയ്തുകഴിഞ്ഞ് വിളിച്ച് അഭിനന്ദിച്ചിരുന്നു, ഒരുമിച്ച് വർക്ക് ചെയ്യണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് വിഷ്ണു 'പ്രേമലു'വിൽ എത്തുന്നത്.
ഒരിക്കൽ ചായകുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ 'പ്രേമലു'വിലെ പാട്ട് മാർക്കോസ് ചേട്ടനെക്കൊണ്ട് പാടിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് വിഷ്ണുവിനോട് ചോദിച്ചു. വിഷ്ണു അപ്പോൾ തന്നെ നല്ലതാണെന്ന് പറഞ്ഞ് ഇതൊക്കെ അറേഞ്ച് ചെയ്യുന്ന വിൻസന്റ് എന്നൊരു ചേട്ടനെ വിളിച്ചു. പാട്ട് അയച്ചുകൊടുത്തപ്പോൾ വിൻസന്റ് ചേട്ടന് ഒരു സംശയം, മാർക്കോസ് തന്നെയാണോ അതോ ജാസി ഗിഫ്റ്റിനെയാണോ നമ്മൾ ഉദ്ദേശിച്ചതെന്ന്. ഞങ്ങൾക്ക് തെറ്റിപ്പോയതാണോയെന്ന് അദ്ദേഹം ചോദിച്ചു. മാർക്കോസ് ചേട്ടൻ തന്നെയാണെന്ന് ഞങ്ങൾ പറഞ്ഞു. മാർക്കോസ് ചേട്ടന് പാട്ട് അയച്ചുകൊടുത്തു. അദ്ദേഹത്തിന് നല്ല സന്തോഷമായി. അങ്ങനെ പുള്ളി സിനിമയിലെ പാട്ട് പാടി. ഒരുപാട് നാൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ പാടുന്നത്.
ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ സുഹൃത്തുക്കൾക്കൊപ്പം, സൗഹൃദത്തെക്കുറിച്ച് ക്ലീഷേ വാചകങ്ങൾ താത്പര്യമില്ല
എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊപ്പമുള്ള നിമിഷങ്ങൾ എപ്പോഴും പ്രിയപ്പെട്ടതാണല്ലോ. അവർക്കൊപ്പം ഒരുപാട് യാത്രകൾ പോകാറൊന്നുമില്ല. എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്നതും കളിയാക്കുന്നതും പാട്ടുപാടുന്നതും ഒക്കെയാണ് ഞാൻ ആസ്വദിച്ചിട്ടുള്ളത്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണ് അവർക്കൊപ്പമുണ്ടായിരുന്നത്. എപ്പോഴും അലഞ്ഞുതിരിഞ്ഞ് നടക്കുന്നതും സുഹൃത്തുക്കൾക്കൊപ്പമാണല്ലോ.
തിരക്കഥയിലേയ്ക്ക് വരുമ്പോൾ അപ്പോൾ എന്തായാലും കൂട്ടുകാരും സൗഹൃദവുമൊക്കെ ഉണ്ടാകും. സൗഹൃദത്തെക്കുറിച്ച് ക്ലീഷേ വാചകങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ ഇഷ്ടമല്ല. ജീവിതത്തിൽ നമ്മുടെയൊക്കെ കൂട്ടുകാർ എങ്ങനെയാണോ അതുപോലെ സിനിമയിലും അവതരിപ്പിക്കാനാണ് ഇഷ്ടം.
പ്രണയചിത്രങ്ങളുടെ സംവിധായകന്റെ പ്രണയം
ഞാൻ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മാനസികമായി കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നതൊഴിച്ചാൽ പറയത്തക്ക കഷ്ടപ്പാടുകളൊന്നും ഇല്ലായിരുന്നു. സിനിമയൊക്കെ കാണുമ്പോൾ നമ്മുടെ പ്രണയം ഈസിയായി തോന്നുന്നു. കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
സിനിമയിലെ കഥയൊക്കെ എനിക്ക് രസമായിട്ട് തോന്നാറുണ്ട്. അങ്ങനെയൊക്കെയുള്ള കഷ്ടപ്പാട് നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുവന്നിട്ട് പ്രണയം വിജയിച്ചെങ്കിൽ നമുക്ക് അതെന്നും രസമായിട്ട് കഥപോലെ ഓർത്തിരിക്കാൻ സാധിക്കുമായിരുന്നു. എൻ്റേത് കഷ്ടപ്പാടില്ലാത്ത ഒരു ബോറിങ് പ്രണയമായിരുന്നുവെന്ന് പറയാം. ഞങ്ങൾ ഒരുമിച്ചൊന്നും പഠിച്ചതല്ല, അല്ലാതെ പരിചയപ്പെട്ടതാണ്.
നെഗറ്റീവ് റിവ്യൂസിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, ചുമ്മാ കണ്ടുകൊണ്ടിരിക്കാം
ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നാൽ നമുക്ക് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ചുമ്മാ കണ്ടുകൊണ്ടിരിക്കാം എന്നേയുള്ളൂ. നൂറ് ശതമാനം വിജയം ആർക്കും അവകാശപ്പെടാനാകില്ലല്ലോ. എന്റെ സിനിമകളേയും മോശമായി ആളുകൾ ചർച്ച ചെയ്യും. എനിക്ക് പലപ്പോഴും നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ പ്രതികരിച്ചിട്ട് കാര്യമില്ല, വഷളാകുകയേ ഉള്ളൂ,

സൂപ്പർ ശരണ്യയ്ക്ക് ആദ്യ ദിനങ്ങളിൽ ഒരുപാട് മോശം കമന്റുകൾ നേരിട്ടിരുന്നു. സിനിമ പരാജയപ്പെട്ടുവെന്ന് ഞാൻ കരുതി. നമുക്ക് ഒന്നും ചെയ്യാനില്ലല്ലോ. ആ സമയം ഞാൻ വല്ലാതെ അസ്വസ്ഥനായി. ചില മോശം കമന്റുകൾക്ക് താഴെ മറുപടി പറഞ്ഞാലോയെന്ന് ആലോചിച്ചു. പക്ഷേ ഞാൻ എന്നെത്തന്നെ നിയന്ത്രിച്ചു. അവർക്ക് അങ്ങനെ മോശമായി തോന്നിയതിൽ നമുക്കൊന്നും ചെയ്യാനില്ലല്ലോ. നമ്മളോട് ചോദിക്കുമ്പോൾ മറുപടി പറയാമെന്നേയുള്ളൂ. ആദ്യ ദിവസം ദുഃഖിച്ചെങ്കിലും പിന്നീട് പടം കയറിവന്നു, വിജയമായി. തോൽവിയല്ലെങ്കിലും അതിനടുത്തേയ്ക്ക് പോയപ്പോൾ ഉണ്ടായ വിഷമം ഞാൻ അനുഭവിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് പതനം സംഭവിച്ചിട്ടില്ല എന്നത് ചെറിയൊരു ആശ്വാസമാണ്. എന്തും നേരിടാൻ തയാറായിട്ട് തന്നെയാണ് ഇരിക്കുന്നത്.
ഹാട്രിക്ക് ഹിറ്റടിച്ച പ്രണയചിത്രങ്ങൾ - ആദ്യം സ്കൂൾ, പിന്നെ കോളേജ്, ഇപ്പോൾ ജോലി
പ്രണയചിത്രങ്ങൾ ഒരുക്കാനാണ് ഇഷ്ടം. സ്കൂൾ പിള്ളേരുടെ പ്രണയം, കോളേജ് പിള്ളേരുടെ പ്രണയം, ജോലിയൊക്കെയുള്ള യുവതി-യുവാക്കളുടെ പ്രണയം എന്ന പാറ്റേൺ സംഭവിച്ചു പോയി എന്നേയുള്ളൂ. ബോധപൂർവം ചെയ്തതല്ല. 'പ്രേമലു'വിന് മുൻപ് 'ഐ ആം കാതലൻ' ഇറങ്ങിയിരുന്നെങ്കിൽ ഈ പാറ്റേൺ സംഭവിക്കില്ലായിരുന്നു. പൂർണമായി ബ്രേക്കായെന്ന് പറയാനാകില്ലെന്ന് മാത്രം.

'ഐ ആം കാതലൻ' ഷൂട്ട് ഒരുവർഷം മുൻപ് കഴിഞ്ഞതാണ്. എഡിറ്റും കഴിഞ്ഞു. കുറച്ച് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മാത്രമാണ് ബാക്കി. വെെകാതെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
'പ്രണയചിത്രങ്ങളുടെ സംവിധായകൻ' എന്ന ലേബലിൽ സന്തോഷം, പ്രൂവ് ചെയ്യാൻ നിൽക്കുന്നതാണ് പ്രശ്നം
പ്രണയചിത്രങ്ങൾ മാത്രമൊരുക്കുന്ന സംവിധായകൻ എന്ന് ബ്രാൻഡ് ആയിപ്പോകുമോയെന്ന ഭയമൊന്നും എനിക്കില്ല, അത് സന്തോഷമുള്ള കാര്യമാണ്. ഏതെങ്കിലുമൊരു രീതിയിൽ അംഗീകരിക്കപ്പെടുന്നത് നല്ലകാര്യമല്ലേ.

എല്ലാ ആളുകളും എല്ലാത്തരം ചിത്രങ്ങളും എടുക്കണമെന്നൊന്നുമില്ല. ഒരുപാട് ആളുകൾ പലതരത്തിലുള്ള ചിത്രമെടുക്കുന്നുണ്ട്. എല്ലാവരും പലതരം ചിത്രമെടുത്ത് പ്രൂവ് ചെയ്യണം എന്നൊന്നുമില്ല. പ്രൂവ് ചെയ്യാൻ നിൽക്കുമ്പോഴാണ് പ്രശ്നം. നമ്മൾ ആളുകളെ എന്റർടെയിൻ ചെയ്യിക്കാനല്ലേ ചിത്രമെടുക്കുന്നത്. അതിപ്പോൾ ത്രില്ലർ ആണെങ്കിലും ആക്ഷൻ ആണെങ്കിലും ഹൊറർ ആയാലും എന്റർടെയിൻ ചെയ്യിക്കാനാണ് കൊമേഴ്ഷ്യൽ ചിത്രങ്ങൾ ശ്രമിക്കുന്നത്. അല്ലാതെ ആളുകളുടെ വാക്ക് കേട്ട് അവരോട് പ്രൂവ് ചെയ്യാൻ നോക്കി പടം മോശമാക്കിയിട്ട് എന്ത് കാര്യം.
നമ്മുടെ കംഫർട്ട് സോൺ വിട്ടും ചിത്രങ്ങൾ ചെയ്യാം, പക്ഷേ നമുക്ക് അതിൽ പൂർണ താത്പര്യം വേണം. പ്രൂവ് ചെയ്യാൻ വേണ്ടി സിനിമ ചെയ്യാനിറങ്ങിയാൽ എന്തുസംഭവിക്കുമെന്ന് അറിയില്ല.
Content Highlights: premalu movie director girish ad interview
Published: 14 Feb 2024, 10:01 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented