മരണത്തെ അതിജയിക്കാനാണ് ഷെഹ്‌റസാദ് കഥകളുണ്ടാക്കിയത്, ചൂ കൂട്ടുകാരിയെ സന്തോഷിപ്പിക്കാനും.

To advertise here,

ചൂവിനൊരു കൂട്ടുകാരിയുണ്ടായിരുന്നു; അവൾ മഞ്ഞുകാലം ആസ്വദിക്കുന്നവളും കഥകളെഴുതുന്നവളും മനോഹരമായി പാട്ടുപാടുന്നവളുമായിരുന്നു. ഒരു മഞ്ഞുകാലത്താണ് അവർ കണ്ടുമുട്ടുന്നത്. ബാബിലീത്ത എന്ന അവരുടെ നഗരത്തിൽ മഞ്ഞുകാലം ആസ്വദിക്കുന്നതിന് വിലക്കുകളുണ്ടായിരുന്നു. അടച്ചുറപ്പുള്ള വീടുകളിൽ ചൂടുകൊണ്ടിരിക്കാനേ അക്കാലത്ത് അവർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഒരു മഞ്ഞുകാലത്ത് പക്ഷേ അവരിരുവരും വിലക്കുകൾ ലംഘിച്ച് പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു. ചൂവിന്റെ കൂട്ടുകാരിയാണ് ആദ്യം പുറത്തിറങ്ങുന്നത്, പൊയ്‌പോയ ശൈത്യകാലങ്ങളുടെയെല്ലാം തണുപ്പ് ഒരുമിച്ചനുഭവിക്കണം എന്ന ആഗ്രഹത്തോടെ. മഞ്ഞുകൊണ്ടും പുറംകാഴ്ചകൾ കണ്ടും മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കെ അവളൊരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. ഈ ലോകത്ത് താനല്ലാതെ മറ്റാരുമില്ലെന്ന ഭാവത്തോടെ അയാൾ തണുപ്പാസ്വദിച്ചുകൊണ്ടിരിക്കുന്നു; അതായിരുന്നു ചൂ. അങ്ങനെയാണ് വിലക്കപ്പെട്ട ഒരു മഞ്ഞുകാലത്ത് അവരുടെ കണ്ടുമുട്ടൽ സംഭവിക്കുന്നത്. ആദ്യത്തെ കണ്ടുമുട്ടലിൽ പോലും അപരിചിതത്വത്തിന്റെ മഞ്ഞ് അവരെ മൂടിയിരുന്നില്ല. മഞ്ഞുമൂടിയ, തണുത്ത വഴികളിലൂടെ അവർ മുന്നിലേക്ക് തന്നെ നടന്നു. ചൂവിന് ആ നടത്തം അത്യധികം ആഹ്ളാദകരമായി തോന്നി; കൂട്ടുകാരുടെ പരിഭവക്കത്തുകൾക്ക് മറുപടി എഴുതുമ്പോഴോ, വീട്ടിലെ നാരങ്ങാച്ചെടിക്ക് വെള്ളമൊഴിക്കുമ്പോഴോ കിട്ടാത്ത ആനന്ദം അയാൾ അന്നേരം അനുഭവിച്ചു. നടത്തം അവസാനിക്കാറായപ്പോൾ ചൂ ചോദിച്ചു: 'നമ്മുടെ നഗരത്തിൽ എന്നും മഞ്ഞുകാലമായിരുന്നെങ്കിൽ നമ്മുടെയീ നടത്തം അവസാനിക്കാതിരുന്നേനെ എന്ന് എനിക്കിപ്പോൾ തോന്നൂ, നിനക്കോ?'. അവൾ പറഞ്ഞു: 'മഞ്ഞുകാലം അവസാനിച്ചാലും ഇല്ലെങ്കിലും എനിക്ക് പോകാതിരിക്കാനാവില്ല ചൂ, ഞാനൊരു തുന്നൽക്കാരിയാണ്.' എന്തായിരിക്കും അവൾ തുന്നുന്നത് എന്ന ചൂവിന്റെ കൗതുകത്തെക്കൂടി അവൾ പൊടുന്നനെ പൂരിപ്പിച്ചു: 'ഞാൻ സ്‌നേഹമുള്ള മനുഷ്യർക്കു വേണ്ടി ഉടുപ്പുകൾ തുന്നുന്നു, ചിലപ്പോൾ ജീവിതവും.'

മറ്റൊരു മഞ്ഞുകാലത്ത് അവർ കണ്ടുമുട്ടിയപ്പോൾ താൻ സ്‌നേഹമുള്ള മനുഷ്യർക്കായി തുന്നിയ ഉടുപ്പുകൾ അവൾ ചൂവിനെ കാണിച്ചു, അതിമനോഹരങ്ങളായിരുന്നു അവ. അവളോടൊപ്പം ഒരു പ്രേമകാലം തുന്നണമെന്ന് അപ്പോൾ ചൂവിന് ആഗ്രഹം തോന്നി; മറ്റുള്ളവർക്ക് വേണ്ടി ഇത്ര മനോഹരങ്ങളായ ഉടുപ്പുകൾ തുന്നിയ ഒരാൾ, അയാൾക്കുവേണ്ടി തുന്നിയ ഉടുപ്പുകൾ കാണണമെന്നും. രണ്ടിനും അവൾ മറുപടി പറഞ്ഞില്ല. ചൂവിന്റെ പ്രേമനഗരത്തിൽ പക്ഷേ കലാപങ്ങളും മഹായുദ്ധങ്ങളുമുണ്ടായിരുന്നില്ല; കാത്തിരിപ്പുകളാണ് ഏത് പ്രേമകാലത്തെയും അത്യധികം മനോഹരമാക്കുന്നതെന്ന് അവൻ കരുതിയിരുന്നു. അങ്ങനെ അവൻ മഞ്ഞുകാലങ്ങൾക്ക് വേണ്ടി കാത്തിരുന്നു. അക്കാലത്ത് അവർ പതിവായി സന്ദേശങ്ങളയച്ചിരുന്നു. ഒരിക്കൽ ചൂ എഴുതി: 'കൂട്ടുകാരീ, ഇന്നിവിടെ മഴയാണ്, ഇന്നിവിടെ മഴ മാത്രമേയുള്ളൂ, എങ്കിലും ഞാൻ നിന്നെ അഗാധമായി സ്‌നേഹിക്കുന്നു' മറ്റൊരുദിവസം അവനെഴുതി: 'കൂട്ടുകാരീ, ഇന്നിവിടെ മഴയില്ല, ഇന്നിവിടെ മഴയല്ലാത്ത മറ്റെല്ലാമുണ്ട്, എങ്കിലും ഞാൻ നിന്നെ അഗാധമായി സ്‌നേഹിക്കുന്നു.' സോർബ വായിച്ചുകഴിഞ്ഞയുടനെ അയാൾ കൂട്ടുകാരിക്കെഴുതി: 'കൂട്ടുകാരി, ആ പുസ്തകം എന്നെ എത്രമാത്രം ആനന്ദിപ്പിച്ചുവെന്ന് നിനക്കറിയാമോ. പക്ഷേ അങ്ങനെയെങ്കിലും ഞാൻ നിന്നെ അത്യഗാധമായി സ്‌നേഹിക്കുന്നു.'

മറ്റുള്ളവർക്ക് വേണ്ടി ഉടുപ്പുകൾ തുന്നി അവളുടെ ജീവിതത്തിലെ മഞ്ഞുകാലങ്ങൾ കടന്നുപോയി. അങ്ങനെയൊരു മഞ്ഞുകാലത്ത് അവൾ ചൂവിനെഴുതി: 'ചൂ, നീ എന്നോട് പലകുറി ഒരാഗ്രഹം പങ്കുവച്ചിട്ടില്ലേ, ഞാൻ എനിക്കുവേണ്ടി തുന്നിയ ഉടുപ്പുകൾ കാണണമെന്ന്. ഞാൻ അതേപ്പറ്റി ആലോചിക്കുകയായിരുന്നു. കുട്ടിക്കാലത്തുമാത്രമാണ് ഞാൻ എനിക്കുവേണ്ടി ഉടുപ്പുകൾ തുന്നിയിട്ടുള്ളത്. അഭിനന്ദനങ്ങളും സന്തോഷങ്ങളും മാത്രമല്ല, അതെനിക്ക് സങ്കടങ്ങളും തന്നു. പിന്നീടെപ്പൊഴോ മറ്റുള്ളവർക്കു വേണ്ടി മാത്രം ഉടുപ്പുകൾ തുന്നുന്ന ഒരാളായി ഞാൻ മാറുകയായിരുന്നു. ചൂ, നീയല്ലാതെ ആരും എന്നോട് ഇതേവരെ ഞാൻ എനിക്കുവേണ്ടി തുന്നിയ ഉടുപ്പുകളെ പറ്റി ചോദിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. യാഥാർത്ഥ്യങ്ങൾ എപ്പോഴും സങ്കടകരമാണല്ലോ.' 'യാഥാർത്ഥ്യങ്ങളെ പ്രതി സങ്കടപ്പെട്ടിരിക്കാതെ നമുക്ക് സുന്ദരമായ യാഥാർത്ഥ്യങ്ങൾ തുന്നിക്കൂടെ' എന്ന് ചൂ അവളോട് ചോദിച്ചു. അപ്പോഴേക്കും അവരുടെ നഗരത്തിൽ കലാപങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു, സ്‌നേഹം നിരോധിക്കപ്പെട്ട നഗരമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു ബാബിലീത്തയപ്പോൾ. മനുഷ്യർക്കിടയിൽ നിന്ന് പരസ്പരവിശ്വാസത്തിന്റെ മഞ്ഞുകാലങ്ങൾ മറഞ്ഞുപോകുന്നത് അവൾ കണ്ടു, സ്‌നേഹത്തിന്റെ പേരിൽ തന്റെ പ്രിയപ്പെട്ട നഗരത്തിൽ സംഘർഷങ്ങളുണ്ടാവുന്നതും മനുഷ്യർ കൊല്ലപ്പെടുന്നതും അവൾ കണ്ടു, ഉപാധിരഹിതമായ സ്‌നേഹം മനുഷ്യരെ വേദനിപ്പിക്കുന്നത് അവൾ കണ്ടു. അവൾ ചൂവിനെഴുതി: 'സ്‌നേഹം സങ്കീർണമാണ് ചൂ, സ്‌നേഹം കൊണ്ട് സന്തോഷിച്ചവരിലും എത്രയോ അധികമാണ് അതുകൊണ്ട് മുറിവേറ്റവർ.'

വീണ്ടുമൊരു മഞ്ഞുകാലത്ത് അവർ കണ്ടുമുട്ടി; കൂട്ടുകാരി അപ്പോൾ വിഷാദത്തിലായിരുന്നു. മഞ്ഞുകാലങ്ങൾ അവളെ കൂടുതൽ നിരാശാഭരിതയാക്കിക്കൊണ്ടിരുന്നു. ബാബിലീത്തയിൽ പിന്നീടാരും അവളുടെ പാട്ടുകൾ കേട്ടില്ല. 'മഞ്ഞുകാലത്തും എനിക്കിപ്പോൾ കടുത്ത ചൂട് തോന്നുന്നല്ലോ ചൂ,' അവൾ പറഞ്ഞു. ചൂ അതിന് മറുപടിയെഴുതി. പക്ഷേ ആ മറുപടിയിലെവിടെയും മനോഹരമായ മഞ്ഞുകാലങ്ങളെ വീണ്ടെടുക്കാൻ അവളെന്ത് ചെയ്യണം എന്നതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. പിന്നെയോ, അവൻ ജീവിതത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും എഴുതി. അവന്റെ കത്തിൽ അവൾ ഇങ്ങനെ വായിച്ചു: 'ബാബിലീത്ത ഒരു ദുരന്തനഗരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിനക്കറിയാമല്ലോ കൂട്ടുകാരി. ഫാസിസ്റ്റുകളാണ് ഈ നഗരം ഭരിക്കുന്നത്.  കലാപങ്ങളിൽ മനുഷ്യർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കിലും ശൈത്യകാലങ്ങൾ മടങ്ങിവരും എന്ന് തന്നെയാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. നിന്റെ ജീവിതത്തെ പ്രതിയും അങ്ങനെ പ്രതീക്ഷിക്കുക, പൊയ്‌പ്പോയ ശൈത്യകാലങ്ങളെ മറന്നുകളയുക, വരാനിരിക്കുന്നവയിലേക്ക് കണ്ണും നട്ട് കാത്തിരിക്കുക; അത് സംഭവിക്കുക തന്നെ ചെയ്യും.' മറ്റൊരു കത്തിൽ ചൂ ഇത്രമാത്രം എഴുതി: 'നീ നിനക്ക് വേണ്ടി ഉടുപ്പുകൾ തുന്നുക. നമുക്കൊരുമിച്ച് സന്തോഷം തുന്നാനാവുമോ എന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യാം'. ആ വാക്ക് പാലിക്കാൻ-അവളെ സന്തോഷിപ്പിക്കാൻ-വേണ്ടിയാണ് ചൂ ഏറെക്കാലത്തിനു ശേഷം വീണ്ടും കഥകളെഴുതാൻ തുടങ്ങിയത്. അയാളുടെ കഥകളിൽ കലാപങ്ങളും സങ്കടങ്ങളുമുണ്ടായിരുന്നില്ല, സന്തോഷം മാത്രം. ചൂവിന് 'സന്തോഷം' എന്ന് പേരുള്ള മറ്റൊരു കൂട്ടികാരിയുണ്ടായിരുന്നു, അവൻ കുട്ടിക്കാലം ചിലവഴിച്ച നഗരത്തിൽ. അവൾ വിഷാദിയായപ്പോഴാണ് ഇതിനു മുൻപ് അവൻ കഥകളെഴുതിയിട്ടുള്ളത്. വീണ്ടും കഥകളെഴുതാനാവുമോ എന്ന കാര്യത്തിൽ അവന് തീർച്ചയുണ്ടായിരുന്നില്ല. എങ്കിലും കൂട്ടുകാരിയെ സന്തോഷിപ്പിക്കാൻ വേണ്ടി അവൻ കഥകളെഴുതാൻ തീരുമാനിച്ചു, കാരണം അവന് ആകെ അറിയാവുന്നത് കഥകളെഴുതാനായിരുന്നു. ചൂവിന്റെ ആ കഥകൾ വായിച്ച് അവന്റെയൊരു കൂട്ടുകാരൻ അവനെഴുതി: 'ചൂ എത്ര മനോഹരമായാണ് നീ കഥകളെഴുതുന്നത്, എത്ര മനോഹരമായാണ് നീ മറ്റൊരാളെ സ്‌നേഹിക്കുന്നത്.'

അടുത്ത മഞ്ഞുകാലത്ത് അവൾ ബാബിലീത്തയ്ക്കകത്തു തന്നെയുള്ള മറ്റൊരു ഗ്രാമത്തിലായിരുന്നു. അവൾ ചൂവിനെഴുതി: 'എന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ  ശൈത്യകാലം മടങ്ങിവന്നിരിക്കുന്നു. ചൂ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ, നിനക്ക് നന്ദി, നിന്റെ കഥകൾക്ക് നന്ദി.' അവരുടെ കത്തുകളിൽ ആവർത്തിച്ചു വന്നിരുന്ന ഒരു വാക്ക് സന്തോഷമായിരുന്നു. സന്തോഷത്തെ പ്രതിയും സ്‌നേഹത്തെ പ്രതിയുമുള്ള ചൂവിന്റെ എല്ലാ സന്ദേഹങ്ങളും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരിയിലൂടെ അവസാനിച്ചുകൊണ്ടിരുന്നു. അവൻ അവൾക്കെഴുതി: 'ഏറെ നാളുകൾക്കു ശേഷം നിനക്ക് മഞ്ഞുകാലം ആസ്വദിക്കാനാവുന്നുണ്ട് എന്നറിഞ്ഞതിൽ ഞാൻ അത്യധികം സന്തോഷവാനാണ്. നിനക്ക് കഥകളെഴുതാനും പാട്ടുകൾ പാടാനുമാവുന്നുണ്ടല്ലോ. പഴയതുപോലെ നമുക്ക് പ്രിയപ്പെട്ട ബാബിലീത്തയിലിരുന്ന് മഞ്ഞുകാലം ആസ്വദിക്കുന്നതിനെക്കുറിച്ചോ, നമുക്കിരുവർക്കും ഏറെ ഇഷ്ടമുള്ള ആ മധുരപാനീയം കുടിക്കുന്നതിനെക്കുറിച്ച് ഞാനിപ്പോൾ സങ്കല്പിക്കുന്നില്ല, വരാനിരിക്കുന്ന കലാപങ്ങളെക്കുറിച്ച് ഞാൻ സന്ദേഹപ്പെടുന്നുമില്ല. പിന്നെയോ, സങ്കല്പങ്ങളും സന്ദേഹങ്ങളുമില്ലാതെ ഞാൻ നിന്നെ പ്രേമിക്കുക മാത്രം ചെയ്യുന്നു.

                                                                   *****

ബാബിലീത്തയിൽ കലാപങ്ങൾ അവസാനിച്ചോ, പിന്നെയവിടെ മഞ്ഞുകാലങ്ങളുണ്ടായോ, ചൂവിനും അവന്റെ കൂട്ടുകാരിക്കും പ്രേമകാലവും ജീവിതവും തുന്നാനായോ എന്നൊന്നും കഥാകൃത്തിനറിയില്ല; അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാവുമെന്നും മധുരമനോഹരമായ ഒരു ജീവിതമായിത്തീർന്നു അവരുടേതെന്നും മഞ്ഞുകാലങ്ങളിൽ അവർ കലാപങ്ങൾ അവസാനിച്ച ബാബിലീത്തയിലൂടെ പരസ്പരം കൈപിടിച്ചു നടന്നിരുന്നുവെന്നും തങ്ങൾക്കേറ്റവും പ്രിയപ്പെട്ട മധുരപാനീയം കുടിച്ചിരുന്നുവെന്നും അവരുടെ പ്രേമകാലം ബാബിലീത്തയിൽ ഒരു സന്തോഷകഥയായി പ്രചരിക്കപ്പെട്ടുവെന്നും കഥാകൃത്ത് വെറുതെ സങ്കല്പിക്കുന്നുണ്ട്; സങ്കല്പങ്ങൾ എപ്പോഴും യാഥാർത്ഥ്യമാവണമെന്നില്ലല്ലോ. പക്ഷേ ചിലപ്പോൾ അവ യാഥാർത്ഥ്യങ്ങളെക്കാൾ മനോഹരമായിരിക്കും, പ്രത്യേകിച്ചും സുന്ദരമായ പ്രേമങ്ങളെക്കുറിച്ചുള്ളതാവുമ്പോൾ.

ഒന്നുറപ്പാണ്, ആ പ്രേമം ചൂവിനെ അത്യധികം സന്തോഷിപ്പിച്ചിരുന്നു. അവൻ ഡയറിയിൽ ഒരിക്കൽ ഇങ്ങനെ കുറിച്ചു: 'കൂട്ടുകാരി ഇപ്പോൾ മറ്റൊരു ദേശത്താണ്, ഞങ്ങൾക്ക് പതിവായി കാണാനോ കത്തുകളെഴുതാനോ സാധിക്കുന്നില്ല, എങ്കിലും അവൾ മഞ്ഞുകാലം ആസ്വദിക്കുന്നതും കഥകളെഴുതുന്നതും പാട്ടുകൾ പാടുന്നതും ഓർക്കുമ്പോൾ ചൂ അത്യധികം സന്തോഷവാനാണ്. എനിക്ക് അവളനുഭവിക്കുന്ന സന്തോഷം പിടിച്ചെടുക്കാനാവുന്നുണ്ട്. അതുതന്നെയല്ലേ എല്ലാ പ്രേമങ്ങളെയും വലിപ്പമുള്ളതാക്കുന്നത്.'