നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മമിത ബൈജു നായികയായി എത്തിയ ചിത്രത്തിൽ സംഗീത് പ്രതാപ് ആണ് നിവിൻ പോളിയുടെ സഹോദരനായ ജോയലിന്റെ വേഷം ചെയ്തത്. നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ അനിയനായി നടൻ നസ്ലിൻ എത്തേണ്ടിയിരുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി.

To advertise here,

'നിവിന്റെ അനിയൻ നസ്ലിൻ ആവേണ്ടതായിരുന്നില്ല. ആലോചിക്കുന്ന സമയത്ത് മനസിൽ വന്നിരുന്നു. സൈഡ് റോളിലേക്ക് വിളിക്കാൻ പറ്റില്ലല്ലോ. പിന്നെ സംഗീതിലേക്ക് പോയി. സംഗീതും ഇപ്പോൾ നായകനായി വന്നു. നമ്മളോടുള്ള സ്‌നേഹംകൊണ്ട് വരുന്നതാണ്', എന്നായിരുന്നു ക്ലബ്ബ് എഫ്.എമ്മിന് അനുവദിച്ച അഭിമുഖത്തിൽ ഗിരീഷിന്റെ മറുപടി. നിവിന്റെ അനിയനായി നസ്ലിനെ പ്ലാൻ ചെയ്തിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.

അതേസമയം, നേരത്തെ പ്രഖ്യാപിക്കപ്പെട്ട 'പ്രേമലു 2' എന്തുകൊണ്ട് യാഥാർഥ്യമായില്ല എന്ന ചോദ്യത്തിനും ഗിരീഷ് മറുപടി നൽകി. 'ഇപ്പോൾ മറുപടി പറഞ്ഞാൽ, ഒരു പടം വിജയിച്ചപ്പോൾ ആരെയൊക്കെയോ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതായി തോന്നും. കുറച്ചുകൂടെ കഴിഞ്ഞിട്ട് അതിനെക്കുറിച്ച് സംസാരിക്കാം. വിശദമായ ഒരു എപിസോഡ് അതിനുവേണ്ടി മാത്രം മാറ്റിവെച്ചാലേ ശരിയാവൂ. ഒരുപാട് പറയാനുണ്ട്', എന്നായിരുന്നു അവതാരകന്റെ ചോദ്യത്തോട് ഗിരീഷിന്റെ പ്രതികരണം.

'പ്രേമലു' എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ ഹിറ്റായിരുന്നു. 'പ്രേമലു'വിന് മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ 'ഐ ആം കാതലൻ' പിന്നാലെ തിയേറ്ററിലെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. 'പ്രേമലു 2' പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥയിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യാഥാർഥ്യമായില്ല.