ഗെല്‍സന്‍കിര്‍ഷന്‍ (ജര്‍മനി): മുന്നേറ്റങ്ങളുടെയും ആക്രമണത്തിന്റെയും കാര്യത്തില്‍ വണ്‍വേ ട്രാഫിക്കായ കളിയില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് സ്‌പെയ്ന്‍ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍. 55-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ കാലഫിയോരിയുടെ സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. എന്നാല്‍ സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതുപോലെയായിരുന്നില്ല മത്സരത്തിന്റെ യഥാര്‍ഥ ചിത്രം. ആദ്യാവസാനം സ്പാനിഷ് ആക്രമണങ്ങളെ ഒരുവിധത്തില്‍ പ്രതിരോധിക്കുകയായിരുന്നു ഇറ്റലി. ഭാഗ്യവും ഗോള്‍കീപ്പര്‍ ഡൊണ്ണരുമയുടെ മികവും കൊണ്ടുമാത്രമാണ് ഇറ്റാലിയന്‍ വലയില്‍ കൂടുതല്‍ ഗോളുകളെത്താതിരുന്നത്. രണ്ടു കളികളില്‍ നിന്ന് ആറു പോയന്റോടെയാണ് സ്‌പെയ്‌നിന്റെ നോക്കൗട്ട് പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അല്‍ബേനിയയാണ് സ്പാനിഷ് ടീമിന്റെ എതിരാളികള്‍. നിലവില്‍ മൂന്നു പോയന്റുമായി രണ്ടാമതുള്ള ഇറ്റലിക്ക് ക്രൊയേഷ്യയുമായുള്ള അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലെത്താം.
ക്രൊയേഷ്യയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് സ്‌പെയ്ന്‍ കളിത്തിലിറങ്ങിയത്. പ്രതിരോധത്തില്‍ നാച്ചോയ്ക്ക് പകരം ഐമെറിക് ലപോര്‍ട്ട് എത്തി. ഇറ്റലിയാകട്ടെ അല്‍ബേനിയക്കെതിരായ ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയത്. ആദ്യ പകുതിയിലുടനീളം സ്‌പെയ്‌നിന്റെ ആക്രമണമായിരുന്നു. ആദ്യ 10 മിനിറ്റില്‍ തന്നെ മൂന്ന് തവണ സ്പാനിഷ് ടീം ഗോളിനടുത്തെത്തി.
തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ ഇറ്റാലിയന്‍ ഗോള്‍മുഖം വിറപ്പിച്ചു. മത്സരത്തിന് വെറും ഒന്നര മിനിറ്റ് പ്രായമുള്ളപ്പോള്‍ നിക്കോ വില്യംസിന്റെ ക്രോസില്‍ നിന്നുള്ള പെഡ്രിയുടെ ഗോളെന്നുറച്ച ഫ്രീ ഹെഡര്‍ ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമ അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു. പിന്നാലെ മറ്റൊരു മിന്നല്‍ നീക്കത്തിലൂടെ വില്യംസ് ഇറ്റലിയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ സ്‌പെയ്ന്‍ വീണ്ടുമെത്തി. ഇത്തവണ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയുടെ ഷോട്ടില്‍ നിന്ന് വില്യംസിന്റെ ഹെഡര്‍ പുറത്തേക്ക് പോയി.
തുടക്കത്തില്‍ സ്‌പെയ്‌നിന്റെ പ്രസ്സിങ് ഗെയിം അതിജീവിക്കാന്‍ സാധിക്കാതിരുന്ന ഇറ്റലിക്ക് കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല. ഇടതുവിങ്ങില്‍ വില്യംസും ഇടതുവിങ് ബാക്ക് മാര്‍ക്ക് കുക്കുറെയ്യയും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍ ഇറ്റാലിയന്‍ പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിച്ചു. വില്യംസിനെ പിടിച്ചുകെട്ടുന്നതില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജിയോവാനി ഡി ലൊറെന്‍സോ തുടര്‍ച്ചയായി പരാജയപ്പെടുന്നതും തുടക്കത്തില്‍ കാണാനായി.
ക്രൊയേഷ്യയെ തകര്‍ത്ത കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ടിക്കി ടാക്കയെ മറന്ന് പ്രായോഗിക ആക്രമണ ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും സ്പാനിഷ് നിര കളത്തില്‍ പുറത്തെടുത്തു. കുക്കുറെയ്യ, റൂയിസ്, വില്യംസ് എന്നിവര്‍ ഇടതുഭാഗത്തുകൂടെയും കാര്‍വഹാലും പെഡ്രിയും ലമിന്‍ യമാലും ചേര്‍ന്ന് വലതുഭാത്തുകൂടെയും നയിച്ച ആക്രമണങ്ങള്‍ തടയാന്‍ ആദ്യ പകുതിയില്‍ ഇറ്റാലിയന്‍നിര നന്നേ പണിപ്പെട്ടു.
ഇതിനിടെ ഇറ്റലിയുടെ ഓരോ കൗണ്ടര്‍ അറ്റാക്കുകളും ബോക്‌സിലെത്തും മുമ്പു തന്നെ തടയാനും സ്പാനിഷ്‌നിരയ്ക്കായി. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുറത്തെടുത്ത കുക്കുറെയ്യയുടെ കളി ആദ്യ പകുതിയിലെ മികവാര്‍ന്ന കാഴ്ചയായി. സ്പാനിഷ് ഗോളി ഉനായ് സിമോണ്‍ ആദ്യപകുതിയിലുടനീളം തീര്‍ത്തും ഒറ്റപ്പെടലനുഭവിക്കുകയും ചെയ്തു. മറുഭാഗത്ത് ഡൊണ്ണരുമയ്ക്കാകട്ടെ പണിയൊഴിഞ്ഞിട്ട് നേരവുമുണ്ടായിരുന്നില്ല.
പലപ്പോഴും സ്പാനിഷ് മുന്നേറ്റങ്ങളെ തടയാന്‍ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് സാധിക്കാതിരുന്നതോടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഇറ്റലിയുടെ ഭാഗത്തുനിന്ന് കളി പരുക്കനായി. ആദ്യ പകുതിയില്‍ സ്‌പെയ്ന്‍ ഒമ്പത് ഷോട്ടുകള്‍ അടിച്ചപ്പോള്‍ ഇറ്റലിയുടെ ഭാഗത്തുനിന്ന് ഒരേയൊരു ഷോട്ട് മാത്രമാണുണ്ടായത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ചിത്രത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 52-ാം മിനിറ്റില്‍ കുക്കുറെയ്യ നല്‍കിയ പന്ത് ബോക്‌സിനു മുന്നില്‍ നന്ന് പെഡ്രി പുറത്തേക്കടിച്ചുകളഞ്ഞു. രണ്ടാം പകുതിയില്‍ സ്‌പെയ്‌നിന്റെ നിരന്തര സമ്മര്‍ദം ഒടുവില്‍ 55-ാം മിനിറ്റില്‍ ഫലം കണ്ടു. പന്തുമായി മുന്നേറിയ വില്യംസിന്റെ ക്രോസില്‍ നിന്നുള്ള മൊറാട്ടയുടെ ഹെഡര്‍ ക്ലിയര്‍ ചെയ്യാനുള്ള ഡൊണ്ണരുമയുടെ ശ്രമത്തിനിടെ വിരലില്‍ തട്ടി ഗതിമാറിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ റിക്കാര്‍ഡോ കാലഫിയോരിയുടെ മുട്ടിലിടിച്ച് വലയിലെത്തുകയായിരുന്നു.
70-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ നിക്കോ വില്യംസിന്റെ കിടിലനൊരു ഷോട്ട് ക്രോസ്ബാറിലിടിച്ച് പുറത്തേക്ക് പോയി. 85 മിനിറ്റുകള്‍ക്കു ശേഷം മാത്രമാണ് ഇറ്റലിക്ക് സ്പാനിഷ്‌നിരയെ സമ്മര്‍ദത്തിലാക്കാനായത്. ഇന്‍ജുറി ടൈമില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ അയോസെ പെരെസ് നഷ്ടമാക്കിയതോടെ സ്‌പെയ്‌നിന് ഗോള്‍നേട്ടം ഉയര്‍ത്താനായില്ല. അതേസമയം രണ്ടു മത്സരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ട സ്പാനിഷ് താരം റോഡ്രിക്ക് അവസാന ഗ്രൂപ്പ് മത്സരം നഷ്ടമാകും.
Content Highlights: euro cup 2024 spain beat italy group b
Published: 21 Jun 2024, 02:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented