ലോക ഫുട്ബോളില് എന്നും പ്രതിരോധത്തിനു പേരുകേട്ട ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഡിഫന്ഡര്മാരിലൊരാളാണ് വെള്ളിയാഴ്ച അന്തരിച്ച ഫ്രാങ്കോ ബരേസി...

ആരാണ് ഫ്രാങ്കോ ബരേസി...? അറിയില്ലെങ്കിൽ വീട്ടിലെ കുട്ടികളോടു ചോദിച്ചുനോക്കൂ, ബരേസി ഇറ്റലിക്കും എ.സി. മിലാനും കളിക്കുന്നത് അവർ കണ്ടിരിക്കില്ല. 1982-ലെ ലോകകപ്പ് ചാമ്പ്യനാണ് ബരേസിയെന്ന് അവർക്കറിയില്ലായിരിക്കും. പക്ഷേ, അവരിൽ പലരും ഈ ഇറ്റാലിയൻ താരത്തെ 'മാനേജ്' ചെയ്തിട്ടുണ്ടാവും. ഈ പ്രതിരോധതാരത്തെ ഉപയോഗിച്ച് എതിരാളികളുടെ എണ്ണമറ്റ അറ്റാക്കുകളുടെ മുനയൊടിച്ചിട്ടുണ്ടാവും. എങ്ങനെയെന്നല്ലേ..? മൊബൈൽ ഗെയിമുകളിൽ പ്രചാരമുള്ള ഇ-ഫുട്ബോളിലെ സൂപ്പർതാരമാണ് ബരേസി. ഏതു ഗെയിമറും സ്വന്തംടീമിൽ ആഗ്രഹിക്കുന്ന ടോപ് റേറ്റഡ് പ്രതിരോധക്കാരൻ.
എക്കാലത്തും പ്രതിരോധക്കാരുടെ കൂടാരമായിരുന്നു ഇറ്റലി. നാലുതവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചത് അവരുടെ പ്രതിരോധമികവാണ്. ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഇലവനുണ്ടാക്കിയാൽ സ്ഥാനം ഉറപ്പുള്ള പ്രതിരോധക്കാരനാണ് ബരേസി. ഫ്രാൻസ് ബെക്കൻബോവറിനും ബോബി മൂറിനൊപ്പം എലൈറ്റ് ക്ലാസിൽ ഇടംപിടിക്കുന്ന പ്രതിരോധക്കാരൻ.
അസൂറികളുടെ പടയാളി
ടീമിലുണ്ടായിരുന്ന മൂന്നു ലോകകപ്പിലും പോഡിയത്തിൽനിന്ന അപൂർവ താരങ്ങളിലൊരാളാണ് ബരേസി. 1982-ൽ ചാമ്പ്യനാണെങ്കിൽ 1990-ൽ മൂന്നാം സ്ഥാനം. 1994-ൽ റണ്ണറപ്പും.
ബരേസിയുടെ സഹോദരൻ ഗിയെസ്പെയും കളിക്കാരനായിരുന്നു. ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടമായ ഇരുവർക്കും ഫുട്ബോൾ അഭയമായി. ഇന്റർമിലാനിലാണ് ഇരുവരും ആദ്യം ട്രയൽസിനെത്തിയത്. ഗിയെസ്പെയെ ടീമിലെടുത്ത ഇന്റർ, ഫ്രാങ്കോയെ തിരിച്ചയച്ചു. ഫ്രാങ്കോ ഇന്ററിന്റെ ബദ്ധവൈരികളായ എ.സി. മിലാനിലെത്തി. ആ പ്രകടനം ഇറ്റലി ടീമിലെത്തിച്ചു.
അക്കാലത്ത് ഗെയ്ത്താനോ ഷിറിയ അടക്കമുള്ളവരാൽ സമ്പന്നമായിരുന്നു അസൂറികളുടെ പ്രതിരോധനിര. അതുകൊണ്ട് ബരേസിക്ക് കളിക്കാരൻ അവസരം കിട്ടിയില്ല. 1982-ലോകകപ്പിൽ ഒരു മത്സരം പോലും കളിച്ചില്ല. 1986-ൽ ബരേസിയെ ടീമിലെടുക്കാൻ അന്നത്തെ പരിശീലകൻ എൻസോ ബീസ്റോട്ട് തയ്യാറായില്ല. ബരേസി മധ്യനിരക്കാരനാണ് എന്നതായിരുന്നു കോച്ചിന്റെ ന്യായം. അടുത്ത ലോകകപ്പിന് ഇറ്റലി വേദിയാവുമ്പോഴേക്ക് ബരേസി കരുത്തനായി മാറിയിരുന്നു. അയാളും ചേർന്നതോടെ ലോകചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരയെ അണിനിരത്താൻ ആതിഥേയർക്കായി. ഗോൾപോസ്റ്റിൽ വാൾട്ടർ സെങ്ക, പ്രതിരോധത്തിൽ ബരേസിക്കൊപ്പം ബെർഗോമിയും ഫെറിയും മാൾഡീനിയും. ഗ്രൂപ്പ് റൗണ്ടിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഇറ്റലിക്കെതിരേ ഗോളടിക്കാൻ ആർക്കുമായില്ല. സെമിയിൽ അർജന്റീന ആ മതിൽ തകർത്തു. 67-ാം മിനിറ്റിൽ കനീജിയ സ്‌കോർ ചെയ്തു. അന്ന് ഷൂട്ടൗട്ടിൽ ഇറ്റലി വീണു.
നായകൻ
1994-ലെ ലോകകപ്പിന് ബരേസിയെത്തിയത് ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞാണ്. പക്ഷേ, രണ്ടാം മത്സരത്തിൽ പരിക്കേറ്റു. ശസ്ത്രക്രിയയും ഒരു മാസം വിശ്രമവും ആവശ്യമുള്ള പരിക്ക്. ഇറ്റലിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞുപോകുമെന്ന് തോന്നി. എന്നാൽ, മുന്നേറ്റത്തിൽ റോബർട്ടോ ബാജിയോ അദ്ഭുതം കാണിച്ചപ്പോൾ ടീം ഫൈനലിലെത്തി. അവിടെ കാത്തിരുന്നത് ബ്രസീൽ. ആ മത്സരത്തിന് തൊട്ടുമുൻപ് തനിക്കും കളിക്കണമെന്ന് പരിശീലകൻ അറിഗോ സാച്ചിയോട് ബരേസി ആവശ്യപ്പെട്ടു. പൂർണ ആരോഗ്യവാനല്ലാത്തയാളെ എങ്ങനെ കളിപ്പിക്കും? ആ ആവേശം കണ്ടപ്പോൾ പരിശീലകന് എതിർക്കാനുമായില്ല.
റൊമോരിയോ, ബെബെറ്റോ, സിന്യോ, ദുംഗ എന്നിവരടങ്ങിയ ടീമിനെതിരേ പരിക്കിലുള്ളയാളെ കളിപ്പിക്കുന്നത് ചൂതാട്ടമായിരുന്നു. പക്ഷേ, കോച്ചിന്റെ വിശ്വാസം കാത്ത ബരേസി ബ്രസീലിയൻ മുന്നേറ്റത്തെ കെട്ടിയിട്ടു. 120 മിനിറ്റും എതിരാളികൾക്ക് ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ ബ്രസീൽ ജയിച്ചെങ്കിലും ബരേസിയുടെ െചറുത്തുനിൽപ്പ് ലോകകപ്പ് ചരിത്രത്തിൽ ഒരുപ്രതിരോധതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി.
അനാവശ്യമായ ഫൗളുകൾക്കു മുതിരാതെ, ടാക്കിളുകളേക്കാൾ, പന്ത് ഇന്റർസെപ്റ്റ് ചെയ്തെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മിടുക്ക്. കൃത്യമായ പൊസിഷനിങ്ങിലൂടെ എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടിക്കാണും. ഒപ്പം ക്യാപ്റ്റൻ എന്നനിലയിൽ മാതൃകയുമായിരുന്നു.
റോയൽമാൻ
താരങ്ങൾ ഓരോ സീസണിലും പുതിയ ക്ലബ്ബുകൾ തേടുന്ന കാലത്ത്, 20 വർഷം നീണ്ട ക്ലബ്ബ് കരിയറിൽ ബരേസി കളിച്ചത് എ.സി. മിലാനുവേണ്ടി മാത്രം. ആറാം നമ്പർ ജേഴ്സിയിൽ കളിച്ച താരത്തോടുള്ള ആദരമായി, അദ്ദേഹം വിരമിച്ചപ്പോൾ ആ ജേഴ്സി പിൻവലിച്ചു.
Content Highlights: Franco Baresi was a legendary Italian central defender who spent his entire 20-year career at AC Milan., He was a key figure in Italy's success in the 1982, 1990, and 1994 World Cups., Baresi is celebrated for his exceptional defensive positioning, interception skills, and leadership as a captain., He won three European Champions League titles and six Italian League titles with AC Milan., His iconic number 6 jersey was retired by AC Milan in his honor.
Published: 01 Aug 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented