പെലെയും മാറഡോണയും മെസ്സിയും നെയ്മറും റൊണാള്‍ഡോയും സദയം പൊറുക്കുക, നിങ്ങളൊക്കെ കളിക്കളത്തിലെ മഹാരഥന്മാർ... പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷന്മാര്‍. ലോകം കണ്ട എക്കാലത്തെയും വലിയ ഗോളടിവീരന്മാര്‍. എന്നിലെ കളിക്കമ്പക്കാരന്റെ സിരകളില്‍ ഊര്‍ജ്ജം നിറച്ചവര്‍. എന്നിലെ കളിയെഴുത്തുകാരന്റെ അക്ഷരങ്ങളില്‍ അഗ്‌നിയായി പടര്‍ന്നവര്‍.

To advertise here,

പക്ഷേ, യൊഹാന്‍ ക്രൈഫ് തൊട്ടത് ഹൃദയത്തെയാണ്, നീണ്ടു മെലിഞ്ഞ വിരലുകള്‍ കൊണ്ട്, ചുമലിലേക്ക് അലസമായി  ഇറങ്ങിക്കിടന്ന സ്വര്‍ണ്ണത്തലമുടി കൊണ്ട്, ചിരിയൊളിപ്പിച്ച നീലക്കണ്ണുകള്‍ കൊണ്ട്, പെനാല്‍റ്റി ബോക്‌സിലെ നൃത്തച്ചുവടുകള്‍ കൊണ്ട്.

ഓരോ ലോകകപ്പും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും കടന്നുവരുമ്പോള്‍ മനസുകൊണ്ട് ഡച്ചുകാരനായി മാറും ഞാന്‍. സര്‍വചരാചരങ്ങളിലും അതോടെ ഓറഞ്ച് നിറം കലരും. ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാം ഓറഞ്ച് മയം. ഇത്തവണയും എന്റെ യൂറോ സ്വപ്നങ്ങളില്‍ ആ നിറച്ചാര്‍ത്തുണ്ട്. നെതര്‍ലന്‍ഡ്‌സിന്റെ മനം മയക്കുന്ന ഓറഞ്ച് നിറം. ജയിച്ചാലും തോറ്റാലും ആ നിറത്തിന് ഏഴഴകാണ്  സങ്കല്‍പ്പങ്ങളില്‍. റൊണാള്‍ഡ് കോമാന്റെ ഡച്ച് ടീം നാളെ യൂറോ 2024-ലെ ആദ്യ മത്സരത്തിനിറങ്ങുമ്പോഴും കണ്‍മുന്നില്‍ പാറിക്കളിക്കുന്നുണ്ടാകും ഓറഞ്ച് ചിറകുള്ള ആ ചിത്രശലഭങ്ങള്‍.

ഒരിക്കലും മടുക്കാത്ത ഈ 'അഡിക്ഷന്' നന്ദി പറയേണ്ടത് ക്രൈഫിനോടാണ്. തോല്‍വിയാണ് ജയം എന്ന് എട്ടും പൊട്ടും തിരിയാത്ത ഒരു ഏഴുവയസ്സുകാരനെ ആദ്യമായി പറഞ്ഞു മനസിലാക്കിയ കളിക്കളത്തിലെ ടച്ച് ആര്‍ട്ടിസ്റ്റിന്. 1974-ലെ ഫിഫ ലോകകപ്പ് ഫൈനലോളം പഴക്കമുള്ള ഓര്‍മ്മ.

placeholder
2024-ലെ നെതര്‍ലന്‍ഡ്‌സ് ടീം | Photo: Getty Images

ചരിത്രപ്രസിദ്ധമായ ആ ലോകകപ്പ് ഫൈനലിന്റെ ഓര്‍മകള്‍ക്കൊപ്പം മനസിന്റെ തിരശ്ശീലയില്‍ ഇന്നും ഒരു ദുരന്തനായകന്റെ മുഖം തെളിയും, സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ക്രൈഫിന്റെ. ബെക്കന്‍ ബോവറുടെ ജര്‍മനി അന്ന് തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞത് ക്രൈഫിന്റെയും ഹോളണ്ടിന്റെയും മാത്രമല്ല; അവനെപ്പോലത്തെ കോടിക്കണക്കിന് കൊച്ചുകൊച്ചു ആരാധകരുടെ ഹൃദയങ്ങള്‍ കൂടിയാണല്ലോ. ക്രൈഫിനെ അകമഴിഞ്ഞു സ്‌നേഹിച്ച, ക്രൈഫിനെ അജയ്യനായി കണ്ട, ക്രൈഫിന് വേണ്ടി പന്തയം വെച്ച ഒരു തലമുറയുടെ ഹൃദയങ്ങള്‍.

ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല അന്നുവരെ. വായിച്ചറിവേ ഉള്ളൂ. മാതൃഭൂമിയില്‍ വിംസി എഴുതിയ മനോഹരമായ റിപ്പോര്‍ട്ടുകളിലൂടെ. കളിയെഴുത്തുകാരുടെ കുലപതിയായ വിംസിയുടെ പഞ്ചും മൊഞ്ചുമുള്ള ഭാഷാശൈലിയുടെ ചിറകിലേറിയാണ് ബെക്കന്‍ ബോവറും യൊഹാന്‍ ക്രൈഫും ബ്രൈറ്റ്‌നറും നീസ്‌കന്‍സുമെല്ലാം ആദ്യമായി മനസ്സില്‍ കയറിവന്നത്. 'ചിമുക്കു''ള്ള, തൊട്ടാല്‍ പൊള്ളുന്ന ആ ഭാഷാശൈലിയുടെ ആകര്‍ഷണവലയത്തില്‍ ചെന്നുപെട്ട സ്‌കൂള്‍ വിദ്യാര്‍ഥിക്ക് അന്നത്തെ ഫൈനലിന്റെ വീഡിയോ റെക്കോഡിങ് ടെലിവിഷനില്‍ കാണാന്‍ പിന്നെയും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു.

ആ ആദ്യകാഴ്ചയിലും കണ്ണുകള്‍ കൗതുകത്തോടെ പരതിയതും പിന്തുടര്‍ന്നതും ക്രൈഫിനെയാണ്. ഹോളണ്ടിന്റെ (നെതര്‍ലന്‍ഡ്‌സ്) നിര്‍ഭാഗ്യവാനായ നായകന്‍. ടോട്ടല്‍ ഫുട്ബാളിന്റെ ആചാര്യന്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളടിക്കാരിലൊരാള്‍. ചോര പൊടിയുന്ന വാക്കുകളാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിംസി മനസിന്റെ സ്‌ക്രീനില്‍ വരച്ചിട്ട മിഴിവാര്‍ന്ന ചിത്രം ഇതാ ജീവനോടെ കണ്മുന്നില്‍.

placeholder
1974-ലെ ഫൈനലിൽ ജർമനിയുടെ യുലി ഹോനസ്, ക്രൈഫിനെ വീഴ്ത്തുന്നു | Photo: Getty Images

മറക്കാനാവില്ല മ്യൂണിക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലെ ആ ഫൈനല്‍. കണ്ണു ചിമ്മിത്തുറക്കും മുന്‍പ് ഒരു ഗോളിന് പിന്നിലായിക്കഴിഞ്ഞിരുന്നു ജര്‍മനി. ആദ്യത്തെ പ്രത്യാക്രമണത്തില്‍നിന്ന് ലഭിച്ച പന്തുമായി ഡച്ച് പെനാല്‍റ്റി ഏരിയയിലേക്ക് നുഴഞ്ഞുകയറിയ ക്രൈഫിനെ അവിടെ വച്ച് യുലി ഹോനസ് ചവിട്ടി വീഴ്ത്തുന്നു. ഇംഗ്ലീഷ് റഫറി ജാക്ക് ടെയ്‌ലറുടെ വിസിലിനു പിന്നാലെ യൊഹാന്‍ നീസ്‌ക്കന്‍സിന്റെ കിടിലന്‍ പെനാല്‍റ്റി. ആര്‍പ്പുവിളികളുമായി ഒളിമ്പിക് സ്റ്റേഡിയത്തില്‍ കാത്തിരുന്ന പതിനായിരക്കണക്കിനു ജര്‍മന്‍കാരുടെ തുടിക്കുന്ന നെഞ്ചിലേക്കാണ് നീസ്‌ക്കന്‍സിന്റെ ആ കിക്ക് ചീറിപ്പാഞ്ഞത്. ഹോളണ്ട് ഒരു ഗോളിന് മുന്നില്‍. മത്സരം 90 സെക്കന്റ് പിന്നിട്ടിരുന്നതേയുള്ളൂ അപ്പോള്‍.

പക്ഷേ, ജര്‍മനി അടങ്ങിയിരുന്നില്ല. നിനച്ചിരിക്കാതെ വീണുകിട്ടിയ ലീഡ് കൈവിട്ടുപോകാതിരിക്കാനുള്ള യത്‌നത്തില്‍ സ്വന്തം പ്രതിരോധനിരയില്‍ അപകടകരമാംവണ്ണം ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ച ഡച്ചുകാര്‍ ഇരുപത്തിയാറാം മിനിട്ടില്‍ പെനാല്‍റ്റി വഴങ്ങുന്നു. ഇത്തവണ സ്വന്തം ബോക്‌സില്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ ബേണ്‍ ഹോല്‍സണ്‍ബീനിനെ വള്ളിവെച്ചു വീഴ്ത്തിയത് ജെന്‍സനാണ്. കിക്ക് എടുത്ത പോള്‍ ബ്രൈറ്റ്‌നര്‍ക്ക് കടുകിട പിഴച്ചില്ല. സ്‌കോര്‍ 1-1.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞായിരുന്നു വിജയഗോള്‍. ഗ്രബോസ്‌കി സ്വന്തം ഏരിയയില്‍നിന്ന് തുടക്കമിട്ട നീക്കം റെയ്‌നര്‍ ബോണ്‍ഹോഫ് വഴി ഗെര്‍ഡ് മുള്ളറിലേക്ക്. വലതു ബൈലൈനില്‍ നിന്നായിരുന്നു ഓടുന്ന ഓട്ടത്തില്‍ ബോണ്‍ഹോഫിന്റെ പാസ്. ഏരീ ഹാനിന്റെ കടുത്ത മാര്‍ക്കിങ്ങില്‍നിന്ന് തന്ത്രപൂര്‍വ്വം കുതറിമാറി ഡച്ച് പെനാല്‍റ്റി ഏരിയയിലേക്ക് ഇടതുവശത്ത് നിന്ന് കട്ട് ചെയ്തു കയറിയ മുള്ളര്‍ക്ക് മുന്നില്‍ പന്ത് വന്നുവീഴുന്നു.

placeholder
1974-ലെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ജർമൻ ടീം | Photo: Getty Images

അല്‍പം 'വശപ്പിശകുള്ള' ബൗണ്‍സ്. പക്ഷേ, മുള്ളര്‍ ബുദ്ധി പ്രയോഗിച്ചു. തൊട്ടു മുന്‍പില്‍ നിലത്തു കുത്തിയുയര്‍ന്ന പന്തിനെ ഇടത്തെ ഇന്‍സ്റ്റെപ് കൊണ്ട് വരുതിയിലാക്കി, അതേ ശ്വാസത്തില്‍ വലതുകാലിലേക്കു മറിച്ച് എതിര്‍ ഡിഫന്‍ഡറുടെ കാലുകള്‍ക്കിടയിലൂടെ വെടിയുണ്ട ഉതിര്‍ക്കുന്നു ജര്‍മനിയുടെ ഒരേയൊരു 'ബോംബര്‍.' മിഴിച്ചുനിന്ന ഗോള്‍കീപ്പര്‍ യാന്‍ യോംഗ്‌ബ്ലോഡ് പന്തിന്റെ മൂളിപ്പാട്ടേ കേട്ടുള്ളൂ. ജര്‍മ്മനി 2, ഹോളണ്ട് 1. ജീവിതത്തിലാദ്യമായും അവസാനമായും മുള്ളറോട് പരിഭവം തോന്നിയ നിമിഷം. പ്രിയതാരത്തിന്റെ മിഴിവാര്‍ന്ന വര്‍ണ്ണചിത്രമല്ലേ ഒരൊറ്റ നിമിഷം കൊണ്ട് കണ്ണില്‍ച്ചോരയില്ലാതെ ബോംബര്‍ കീറി വലിച്ചെറിഞ്ഞത്.

ലോങ് വിസിലിന് പിന്നാലെ കൈകളില്‍ മുഖമമര്‍ത്തി നടന്നുനീങ്ങുന്ന ക്രൈഫിന്റെ ചിത്രം നൊമ്പരമുണര്‍ത്തുന്ന ഓര്‍മയാണിന്നും. ക്രൈഫിനെ രാജകുമാരനെപ്പോലെ ആരാധിക്കുകയും ഫൈനലില്‍ ക്രൈഫിന്റെ ഗോളിന് ഹോളണ്ട് ജയിച്ചു കയറുമെന്ന് തലേന്ന് കൂട്ടുകാരോട്  നിസ്സംശയം ബെറ്റ് വെക്കുകയും ചെയ്ത സ്‌കൂള്‍ കുട്ടിക്ക് എങ്ങനെ താങ്ങാനാകും ആ തോല്‍വി....! പന്തയം തോറ്റതിലായിരുന്നില്ല അവന് നിരാശ. മനസിലെ സ്വര്‍ണ്ണവിഗ്രഹത്തിന് മങ്ങലേറ്റതിലായിരുന്നു.

placeholder
1974 ഫൈനലിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് ടീം | Photo: Getty Images

പിന്നീടൊരിക്കല്‍ കൂടി കരയിച്ചിട്ടുണ്ട് യൊഹാന്‍ ക്രൈഫ്, 2016 മാര്‍ച്ച് 24-ന്. ബാഴ്സലോണയിലെ ഒരു ക്ലിനിക്കില്‍ അര്‍ബുദബാധിതനായി ഡച്ച് ഇതിഹാസം മരണത്തിന് കീഴടങ്ങിയ വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഉള്ളില്‍നിന്ന് ഒരു തേങ്ങല്‍ തികട്ടിവന്നു. നിശ്ശബ്ദമായ ഒരു ഗദ്ഗദം. പോയിമറഞ്ഞ ഒരു കാലം, അതിന്റെ എല്ലാ ആവേശഭംഗികളോടെയും മനസില്‍ പുനര്‍ജ്ജനിച്ചു അപ്പോള്‍. ഒരിക്കലും തിരിച്ചുവരാത്ത ഒരു കാലം. ക്രൈഫ് ഇല്ലാത്ത ഒരു ലോകത്താണല്ലോ ഇനിയങ്ങോട്ട് എന്റെ ജീവിതം എന്നോര്‍ത്തായിരുന്നു വേവലാതി. കേള്‍ക്കുന്നവര്‍ ചിരിച്ചേക്കാം. ഇതെന്തൊരു കിറുക്ക് എന്നോര്‍ത്ത്. പക്ഷേ ഇത്തരം കിറുക്കുകളാണല്ലോ കളിയെഴുത്തിന്റെ മായാലോകത്തേക്ക് നയിച്ചത്, ജീവിക്കാന്‍, ജീവിതത്തെ മതിമറന്നു സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചതും.

ലോകഫുട്‌ബോളിന്റെ നെറുകയില്‍ ജ്വലിച്ചു നിന്നിട്ടും ലോകകപ്പും യുവേഫ യൂറോ കപ്പും ഒരിക്കലും മാറോടണയ്ക്കാന്‍  ഭാഗ്യമുണ്ടായില്ല ക്രൈഫിന്. 1988-ല്‍ ഒരേയൊരു തവണ നെതര്‍ലന്‍ഡ്സ് യൂറോ കപ്പ് നേടിയത് ക്രൈഫ് യുഗത്തില്‍നിന്ന് പ്രചോദിതരായി കളി തുടങ്ങിയ റൂദ് ഗുല്ലിറ്റ് - മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ - ഫ്രാങ്ക് റൈക്കാര്‍ഡ് ത്രയത്തിന്റെ മികവിലാണ്. അന്നത്തെ ടീമിലുണ്ടായിരുന്ന കോമാന്‍ ആണ് ഇത്തവണ പരിശീലകന്‍ എന്നത് മറ്റൊരു കൗതുകം.

എക്കാലത്തേയും മികച്ച കളിക്കാരെ സൃഷ്ടിച്ചിട്ടും എന്തുകൊണ്ട് ഡച്ച് ഫുട്‌ബോള്‍ എന്നും ലോകഫുട്‌ബോളിന്റെ പുറമ്പോക്കിലൊതുങ്ങിപ്പോകുന്നു എന്ന ചോദ്യത്തിന് ഗുല്ലിറ്റ് ഒരിക്കല്‍ നല്‍കിയ മറുപടി ഓര്‍മ്മയുണ്ട്, ഭൂതകാലക്കുളിരില്‍ അഭിരമിയ്ക്കുന്നതുകൊണ്ട്. എന്നെപ്പോലുള്ള അസംഖ്യം ഡച്ച് ആരാധകര്‍ക്കും ആ കുളിര്  ബാധകം. എങ്കിലും എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരാവുന്ന ആ സുവര്‍ണ്ണകാലത്തിനായി കാലില്‍ തരിപ്പുമായി കാത്തിരിക്കുന്നു ഞങ്ങള്‍.