മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ മലപ്പുറം എഫ്‌സിക്ക് ജയം. തൃശ്ശൂര്‍ മാജിക് എഫ്‌സിയെയാണ് മലപ്പുറം കീഴടക്കിയത്. സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ ഗോളിലാണ് മലപ്പുറത്തിന്റെ ജയം.

To advertise here,

മത്സരത്തിന്റെ തുടക്കം മുതല്‍ തൃശ്ശൂരാണ് മികച്ചരീതിയില്‍ പന്തു തട്ടിയത്. ആദ്യ പകുതി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച തൃശ്ശൂര്‍ പന്തടക്കത്തിലും മുന്നില്‍ നിന്നു. കിട്ടിയ അവസരങ്ങളില്‍ മലപ്പുറവും മുന്നേറി. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയില്‍ ഗോള്‍ ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. മുന്നേറ്റങ്ങള്‍ ശക്തമാക്കിയതോടെ മത്സരം കടുത്തു. ഒടുക്കം 72-ാം മിനിറ്റില്‍ മലപ്പുറം മുന്നിലുമെത്തി. പെനാല്‍റ്റിയിലൂടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ മലപ്പുറത്തെ മുന്നിലെത്തിച്ചു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള തൃശ്ശൂരിന്റെ ശ്രമങ്ങളെല്ലാം കൃത്യമായി പ്രതിരോധിച്ച മലപ്പുറം ജയത്തോടെ പയ്യനാട് സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങി.