കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിട്ട് ഡിസംബർ ഇരുപത്തിയേഴിന് 50 വര്‍ഷം തികയുകയാണ്. 1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു കേരളത്തിന്റെ കന്നി സന്തോഷ് ട്രോഫിനേട്ടം. അന്ന് ടീമിന്റെ പരിശീലകനായിരുന്നത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഒളിമ്പ്യനുമായിരുന്ന സൈമണ്‍ സുന്ദര്‍രാജായിരുന്നു. താന്‍ ഉള്‍പ്പെട്ട ആ കിരീട വിജയത്തിന്റെ ഗോള്‍ഡന്‍ ജൂബിലി വേളയില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.

To advertise here,

എങ്ങനെയാണ് കേരളത്തിന്റെ പരിശീലകനായി എത്തുന്നത്

സത്യത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വിളിക്കാത്തതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ ടീമിന്റെ പരിശീലകനായത്. 1973-ല്‍ സന്തോഷ് ട്രോഫി കേരളത്തിന് അനുവദിച്ച സമയത്ത് അസോസിയേഷനിലെ എറണാകുളം, കൊല്ലം ഗ്രൂപ്പുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. അതോടെ സന്തോഷ് ട്രോഫി നടത്തിപ്പ് അനിശ്ചിതത്വത്തിലായി. അക്കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസ് ജി. ഗോവിന്ദന്‍ നായരായിരുന്നു. ടൂര്‍ണമെന്റ് കേരളത്തിന് നഷ്ടമാകാതിരിക്കാന്‍ വേണ്ടി അദ്ദേഹം നടത്തിയ നീക്കത്തിനൊടുവില്‍ കോടതി ഇടപെട്ട് സന്തോഷ് ട്രോഫി നടത്തിപ്പ് അഡ്വ. ദണ്ഡപാണി എന്നയാളെ ഏല്‍പ്പിക്കുകയായിരുന്നു. ഗോവിന്ദന്‍ നായര്‍, എഫ്എസിടി മാനേജിങ് ഡയറക്ടറോട് സംസാരിച്ചാണ് എന്നെ പരിശീലകനായി കൊണ്ടുവരുന്നത്. അതിനു മുമ്പും എന്നെ പരിശീലകസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. അതെല്ലാം അസോസിയേന്‍ വഴിയായതിനാല്‍ ഞാന്‍ പോയില്ല. ഒരു അസോസിയേഷന്റെയും ജീവനക്കാരനായി നില്‍ക്കാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അതില്‍ മുഴുവന്‍ രാഷ്ട്രീയമാണ്. എനിക്ക് അതിനോട് എതിര്‍പ്പാണ്.

placeholder
1973-ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീം

അന്നത്തെ ടീം അംഗങ്ങളെ ഓര്‍ക്കുമ്പോള്‍

എല്ലാവരും തന്നെ നല്ല കളിക്കാരായിരുന്നു. ടീം അംഗങ്ങളുമായും അവരുടെ കുടുംബാംഗങ്ങളുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. സീനിയര്‍ താരങ്ങളായിരുന്ന മണി, വില്യംസ്, ജാഫര്‍, ഹമീദ് അവരായിരുന്നു നമ്മുടെ പ്രധാന കളിക്കാര്‍. അവരുടെ അനുഭവസമ്പത്തും മികവുമെല്ലാമാണ് ടീമിലെ യുവതാരങ്ങളടക്കം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാരണമായത്. അതില്‍ തന്നെ വില്യംസ് പ്രത്യേക മികവ് പുറത്തെടുക്കുന്ന കളിക്കാരനായിരുന്നു. കളിയിലായാലും അല്ലെങ്കിലും അയാള്‍ക്ക് എപ്പോഴും സുപ്പീരിയോറിറ്റിയുണ്ടായിരുന്നു. സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പമായിരുന്നു അന്നത്തെ ടീമിന്റെ കരുത്ത്. ആ അടുപ്പമുണ്ടായാലേ അത് കളിക്കളത്തിലും കാണാനാകൂ. കളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ജൂനിയേഴ്‌സ് സീനിയേഴ്‌സിനെ ആശ്രയിക്കേണ്ടതുണ്ട്. എന്നാലേ അവര്‍ക്കും നന്നായി കളിക്കാനാകൂ, ടീമിന്റെ കളിയും നന്നാകൂ. അതായിരുന്നു അവരോട് ഞാന്‍ പറഞ്ഞിരുന്നതും അവര്‍ നടപ്പാക്കിയതും.

അന്ന് ടൂര്‍ണമെന്റിന് മുമ്പും ഇടയിലും പല താരങ്ങള്‍ക്കും പരിക്കേറ്റിരുന്നു. അത് പ്രതിസന്ധി സൃഷ്ടിച്ചോ

അന്ന് ടീമിലെടുത്തവരെല്ലാം നല്ല നിലവാരമുള്ള കളിക്കാരായിരുന്നു. ക്യാമ്പില്‍ കൃത്യമായി പങ്കെടുത്ത് കോച്ച് പറയുന്നതിനനുസരിച്ച് പതിയെപ്പതിയെ മെച്ചപ്പെട്ട് വന്നവരാണവര്‍. കളിക്കാരുടെ പരിക്ക് ഞങ്ങളെ അങ്ങനെയൊന്നും ബാധിച്ചിരുന്നില്ല. കാരണം നമ്മള്‍ കൃത്യമായി ഒരു സിസ്റ്റമാണ് ഫോളോ ചെയ്തിരുന്നത്. മണി, വില്യംസ്, ജാഫര്‍, ഹമീദ് എന്നിവരിൽ ആര്‍ക്കെങ്കിലുമായിരുന്നു പരിക്ക് പറ്റിയിരുന്നതെങ്കില്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയേനേ. അവരായിരുന്നു ടീമിലെ സീനിയര്‍ താരങ്ങള്‍, പ്രധാന കളിക്കാരും. പിന്നെ ആദ്യ മത്സരത്തിനു മുമ്പ് ബ്ലാസി ജോര്‍ജിന് പരിക്കേറ്റു. ആദ്യ മത്സരത്തിന്റെ 15-20 മിനിറ്റുകള്‍ക്കുള്ളില്‍ ബഷീറിനും പരിക്ക് പറ്റി. ലെഫ്റ്റ് ആന്റ് റൈറ്റ് എക്‌സ്ട്രീം പ്ലെയേഴ്‌സായിരുന്നു ഇരുവരും. പിന്നീട് ലെഫ്റ്റ് എം.ആര്‍ ജോസഫും റൈറ്റ് നജിമുദ്ദീനുമാണ് കളിച്ചത്. ബ്ലാസി ജോര്‍ജിനും ബഷീറിനും മസില്‍ പുള്ളായിരുന്നു സംഭവിച്ചത്. പിന്നെ ഗോള്‍കീപ്പര്‍മാരായ വിക്ടര്‍ മഞ്ഞിലയ്ക്കും സേതുമാധവനും പരിക്കേറ്റു. അത് ശരിക്കും നിര്‍ഭാഗ്യമായിരുന്നു. എന്നാല്‍ പിന്നീടെത്തിയ മൂന്നാം ഗോള്‍കീപ്പര്‍ രവീന്ദ്രന്‍ നായര്‍ (ഗോളി രവി) നന്നായി കളിച്ചു.

എന്നിട്ടും ഇടയ്ക്ക് ഒരു മത്സരത്തില്‍ മണിയെ പുറത്തിരുത്തിയിരുന്നല്ലോ

മണിപ്പുരിനെതിരായ രണ്ടാം മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തെ പുറത്തിരുത്തിയത്. അത് ആ ടീമിനെതിരേ ഞങ്ങള്‍ പദ്ധതികള്‍ പൂര്‍ണമായും മാറ്റിയാണ് കളിച്ചത്. കാരണം അന്ന് മണിപ്പുര്‍ അത്ര പക്വതയുള്ള ടീമല്ല. പുതുമുഖങ്ങളുടെ പതര്‍ച്ചകളെല്ലാമുള്ള ടീമായിരുന്നു. വെറുതെ കഷ്ടപ്പെട്ട് ഓടിക്കളിക്കുന്നു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ കൃത്യമായ പ്ലാനൊന്നുമില്ലാതെ കളിക്കുന്ന ഒരു ടീമായിരുന്നു മണിപ്പുര്‍. ആ കാലഘട്ടത്തില്‍ അവരുടെ ഫുട്‌ബോള്‍ അത്രകണ്ട് വളര്‍ന്നിരുന്നില്ല. ഇങ്ങനെ തീരെ പരിചയസമ്പത്തില്ലാത്ത ടീമിനെതിരേ മണിക്ക് കളിക്കാന്‍ സാധിക്കില്ല. ഷോട്ട് പാസ് ഗെയിം എന്നും മണിക്ക് അത്ര പഥ്യമല്ല. അതുകൊണ്ടാണ് ഷോട്ട് പാസ് ഗെയിം കളക്കത്തക്ക രീതിയില്‍ അന്ന് ഗെയിംപ്ലാന്‍ മാറ്റി മണിക്ക് പകരം സേവ്യര്‍ പയസിനെ കളിപ്പിച്ചത്. പിന്നീട് വലിയ ടീമുകള്‍ക്കെതിരായ കളികളിലെല്ലാം മണിയാണ് തിളങ്ങിയത്. വലിയ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ മണിയെ കളിപ്പിക്കാതിരിക്കാനാകില്ല. കാരണം മണി കളിച്ചില്ലെങ്കില്‍ എതിര്‍ ടീം ഡിഫന്‍ഡര്‍മാര്‍ ആത്മവിശ്വാസം വര്‍ധിച്ച് ശക്തരാകും. മണിയാണ് അവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുക. മണി മൈതാനത്ത് ശക്തനായ ഒരു കളിക്കാരനാണ്. ശരീരഭാരത്തിനൊപ്പം നല്ല വേഗതയുമുള്ള കളിക്കാരന്‍. ഹെഡിങ്ങിലും ത്രൂ പാസ് ഓടിയെടുക്കുന്നതിലും പ്രത്യേക മികവുള്ളയാള്‍. മണിയില്ലെങ്കില്‍ എതിര്‍ ഡിഫന്‍ഡര്‍മാര്‍ ഡോമിനേറ്റ് ചെയ്യും. മണി ടീമിലുണ്ടായാല്‍ രണ്ട് ഇന്നര്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മണിയെ തന്നെ മാര്‍ക്ക് ചെയ്യേണ്ടതായി വരും. അപ്പോള്‍ വില്യംസ് ഫ്രീയാകും. മണിയില്ലാതെ അത്തരമൊരു ഗെയിംപ്ലാന്‍ ചിന്തിക്കാന്‍ പോലുമാകില്ല.

4-2-4 ഫോര്‍മേഷന്‍ സ്വീകരിക്കാന്‍ കാരണം

അത് ലഭ്യമായ കളിക്കാരെ വെച്ച് ഉണ്ടാക്കിയ ഫോര്‍മേഷനാണ്. അതിന് പറ്റിയ കളിക്കാര്‍ നമുക്കുണ്ടായിരുന്നു. ഈ ഫോര്‍മേഷനനുസരിച്ച് വിങ് ബാക്കുകള്‍ക്ക് ആക്രമണത്തിനിറങ്ങാനാകും. കൃത്യമായ പാസിങ് വഴി രണ്ട് എക്‌സ്ട്രീംസിനൊപ്പം ആക്രമിച്ച് കളിക്കാന്‍ പറ്റിയ കഴിവുള്ള കളിക്കാര്‍ എനിക്ക് ഉണ്ടായിരുന്നു. സി.സി ജേക്കബും രത്‌നാകരനും. അതുപോലെ തന്നെ നമ്മുടെ സെന്റര്‍ബാക്കുകള്‍ രണ്ടുപേരും നല്ല ഫ്‌ളക്‌സിബിള്‍ പ്ലെയേഴ്‌സാണ്. ദേവാനന്ദും ഉസ്മാനും. അവരുള്ളതുകൊണ്ടാണ് വിങ് ബാക്കുകള്‍ക്ക് ആത്മവിശ്വാസത്തോടെ കയറിക്കളിക്കാന്‍ സാധിക്കുന്നത്. ഒരു മത്സരത്തില്‍ ഇത്തരത്തില്‍ ലെഫ്റ്റ് ഫുള്‍ബാക്കായ ജേക്കബ് ഗോള്‍ലൈന്‍വരെ കയറി നല്‍കിയ ഒരു ബാക്ക് പാസില്‍ നിന്ന് നജിമുദ്ദീന്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ആത്മവിശ്വാസത്തോടെ ഗോള്‍ലൈന്‍ വരെ കയറിപ്പോകാന്‍ തക്ക വേഗമുള്ളവരായിരുന്നു രണ്ട് വിങ് ബാക്കുകളും. ഇവര്‍ കയറിക്കളിക്കുമ്പോള്‍ അവര്‍ തിരികെ പൊസിഷനിലെത്തുന്നതുവരെ കോട്ട പോലെ ഉറച്ചുനില്‍ക്കുന്നവരായിരുന്നു നമ്മുടെ ഹാഫ് ബാക്കുകളും ഫുള്‍ ബാക്കുകളും.

placeholder
സൈമണ്‍ സുന്ദര്‍രാജ്

മധ്യനിരയില്‍ ജാഫര്‍, ഹമീദ് എന്നിവരെ കുറിച്ച്

ഇരുവരും ബോള്‍ പ്ലെയേഴ്‌സാണ്. ഗ്രൗണ്ടില്‍ സ്റ്റഡിയായി പിഴവുകളൊന്നുമില്ലാതെ കളിക്കുന്ന രണ്ടുപേര്‍. നല്ല സ്റ്റാമിന ഉണ്ടായിരുന്നവര്‍. യാതൊരു വെപ്രാളവുമില്ലാതെ കളിക്കുന്നവര്‍.

ഫൈനല്‍ ദിനം രാവിലെ ഗ്രൗണ്ട് നനച്ചതുമായി ബന്ധപ്പെട്ട് വിവാദത്തെ കുറിച്ച്

അത് റെയില്‍വേ ടീം ഗ്രൗണ്ട്‌സ്മാനോട് പറഞ്ഞ് ചെയ്യിച്ചതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സത്യാവസ്ഥ നമുക്കറിയില്ല. രാവിലെ ഞാന്‍ ഗ്രൗണ്ടിലെത്തുമ്പോള്‍ ഒരാള്‍ ഗ്രൗണ്ട് നനയ്ക്കുകയാണ്. ഞാന്‍ ചീത്ത പറഞ്ഞ് അത് നിര്‍ത്തിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരാളായിരുന്നു അത്. അയാള്‍ കുറച്ച് എക്‌സന്‍ഡ്രിക്കായിരുന്നു. നമ്മുടെ കളിയുള്ള ദിവസങ്ങളിലെല്ലാം രാവിലെ കൃത്യം ആറു മണിക്ക് ഞാന്‍ ഗ്രൗണ്ടില്‍ പോകാറുണ്ട്. റെയില്‍വേ ടീം കളിക്കുമ്പോഴെല്ലാം ഇത്തരത്തില്‍ ഗ്രൗണ്ട് നനച്ചിടാറുണ്ടെന്ന് എനിക്കറിയാമായിരുന്നു. ബംഗാള്‍ താരങ്ങള്‍ക്ക് വേണ്ടിയാണത്. റെയില്‍വേ ടീമില്‍ അധികവും ബംഗാള്‍ താരങ്ങളായിരുന്നു. കൊല്‍ക്കത്ത ലീഗില്‍ അവര്‍ കളിച്ചിരുന്നത് ഇത്തരത്തില്‍ മഴയില്‍ ഗ്രൗണ്ട് നനഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ്. അങ്ങനെ കളിച്ച് അവര്‍ക്ക് നല്ല പരിചയമുണ്ട്. അത് ഇവിടെ അവര്‍ക്ക് മുന്‍തൂക്കം നല്‍കും. അതിനായി പ്രത്യേകം തയ്യാറാക്കിയ ബൂട്ടുകളുമാണ് അവര്‍ ഉപയോഗിക്കുക. അത് നനഞ്ഞ അവസ്ഥയിലും മൈതാനത്ത് അവര്‍ക്ക് നല്ല ഗ്രിപ്പ് നല്‍കും. നമ്മുടെ കളിക്കാര്‍ അവിടെ തെന്നിവീഴും.

അന്ന് ലഭിച്ചിരുന്ന കത്തുകള്‍

അക്കാലത്ത് വീട്ട് അഡ്രസിലും എഫ്എസിടി ഓഫീസിലുമായി എനിക്ക് ദിവസേന ഇരുപതോളം കത്തുകള്‍ ലഭിച്ചിരുന്നു. കൂടുതലും മോശം കത്തുകളായിരുന്നു. വിമര്‍ശനങ്ങളും ചീത്തവിളികളുമെല്ലാം. മലയാളത്തിലും ഇംഗ്ലീഷിലും കത്ത് ലഭിച്ചിരുന്നു. നിങ്ങളുടെ ശൈലി ശരിയല്ല, ചിലരെ കളിപ്പിച്ചത് ശരിയായില്ല, ചിലരെ കളിപ്പിക്കാത്തത് എന്തുകൊണ്ടാണ്, നീയൊക്കെ എന്ത് കോച്ചാടാ, തുടങ്ങിയ കാര്യങ്ങളായിരുന്നു കത്തുകളില്‍ അധികവും. ടൂര്‍ണമെന്റ് ജയിച്ച ശേഷം അഭിനന്ദിച്ചും കത്തുകള്‍ വന്നിട്ടുണ്ട്.