ശബരിമല: മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന് ശബരിമല ദര്‍ശനത്തിനെത്തി മടങ്ങുന്ന അയ്യപ്പഭക്തര്‍ സംതൃപ്തരാണെന്നും ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെയും ഇരുപതിലേറെ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഇതിന് പിന്നില്‍. പാര്‍ക്കിങ്, അടിസ്ഥാനസൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകള്‍, അന്നദാനം ഇവയിലെല്ലാം കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കഴിഞ്ഞത് നേട്ടമായി.

To advertise here,

പോലീസ് ശക്തവും സുരക്ഷിതവുമായ സംവിധാനമാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ദര്‍ശന സമയം കൂട്ടിയതും പതിനെട്ടാംപടിയില്‍ പോലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചതും പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും കാരണം ഒരു മിനിറ്റില്‍ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതില്‍ നിര്‍ണായകമായി.

പമ്പയില്‍ ഒരുക്കിയ ജര്‍മന്‍ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും ഭക്തര്‍ക്ക് ഏറെ ആശ്വാസകരമായി. ശരംകുത്തി മുതല്‍ വലിയ നടപ്പന്തല്‍ വരെ കിയോസ്‌കുകള്‍ സ്ഥാപിച്ച് ശുദ്ധജലവും ആവശ്യത്തിന് ലഘുഭക്ഷണവും നല്‍കിവരുന്നു.

വൃശ്ചികം ഒന്നായപ്പോഴത്തേക്കും അരവണയുടെ കരുതല്‍ ശേഖരം 40 ലക്ഷത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത് ഭക്തര്‍ക്ക് അപ്പവും അരവണയും യഥേഷ്ടം നല്‍കുന്നതിന് സഹായകരമായി.

സന്നിധാനത്ത് എത്തിച്ചേരുന്ന ഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂന്നു നേരവും അന്നദാനം നല്‍കുന്നുണ്ട്. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുവേണ്ടി ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് തന്ത്രി കണ്ഠര് രാജീവര് നിര്‍ദേശിച്ചിരുന്നെങ്കിലും ഇപ്പോഴും പ്ലാസ്റ്റിക് ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഒരു കാരണവശാലും ശബരിമല പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന തന്ത്രിയുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പി.എസ്.പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.

അവലോകനയോഗം ചേര്‍ന്നു സന്നിധാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം വിലയിരുത്താന്‍ സന്നിധാനം എ.ഡി.എം.അരുണ്‍ എസ്.നായരുടെ അധ്യക്ഷതയില്‍ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. സുരക്ഷിതവും സുഗമവുമായി തീര്‍ഥാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. സജ്ജീകരണങ്ങളെല്ലാം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ.ബൈജു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, എക്സൈസ്, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി., ഭക്ഷ്യസുരക്ഷ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.